Breaking News

Trending right now:
Description
 
Nov 06, 2012

മലാലയോട്‌ ആക്രമിയുടെ സഹോദരി മാപ്പപേക്ഷിച്ചു

image പാക്കിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനി മലാല യൂസഫായിയോട്‌ അക്രമിയുടെ സഹോദരിയുടെ മാപ്പപേക്ഷ. അക്രമികളില്‍ ഒരാളായ അത്താഹുള്ള ഖാന്റെ സഹോദരി രഹ്‌ന ഹാലീമാണ്‌ മലാലയോട്‌ ക്ഷമാപണം നടത്തിയത്‌. തന്നെയും കുടുംബത്തെയും ശത്രുക്കളായി കാണരുതെന്നും ക്ഷമിക്കാനാകാത്ത പ്രവര്‍ത്തിയാണ്‌ തന്റെ സഹോദരന്‍ ചെയ്‌തതെന്നും അവര്‍ മലാലയോട്‌ പറഞ്ഞു. സിഎന്‍എന്‍ ചാനലിലൂടെയാണ്‌ അത്താഹുള്ളയുടെ സഹോദരി മലാലയോട്‌ ക്ഷമാപണം നടത്തിയത്‌. മലാല തനിക്ക്‌ സഹോദരിയെപ്പോലെയാണെന്നും എത്രയും വേഗം സുഖം പ്രാപിച്ച്‌ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങുമെന്നും രഹ്‌ന പ്രതീക്ഷ പ്രകടിപ്പിച്ചു. അത്താഹുള്ളയെ തന്റെ സഹോദരനായി കാണുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മതേതരത്വം വളര്‍ത്തുന്നുവെന്ന കുറ്റത്തിനാണ്‌ സ്‌കൂള്‍ ബസ്‌ തടഞ്ഞുനിര്‍ത്തി മലാലയ്‌ക്ക്‌ നേരെ താലിബാന്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്‌. ആദ്യം പാക്കിസ്ഥാനില്‍ ചികിത്സയിലായിരുന്ന മലാലയെ പിന്നീട്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി ബ്രിട്ടനിലേക്ക്‌ മാറ്റുകയായിരുന്നു. സംഭവത്തിന്‌ ശേഷം സഹോദരനെ അന്വേഷിച്ച്‌ തന്നെയും കുടുംബത്തെയും അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നതായും ഗര്‍ഭിണിയാണെന്നും സുഖമില്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന്‌ രണ്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം വിട്ടയയ്‌ക്കുകയായിരുന്നെന്നും രഹ്‌ന പറഞ്ഞു.