Breaking News

Trending right now:
Description
 
Feb 28, 2014

പശ്ചിമഘട്ടം-ജനങ്ങളെ സംരക്ഷിക്കാന്‍ സാധിക്കാത്ത ജനപ്രതിനിധികള്‍ രാജിവയ്‌ക്കണം: സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍

Shiju Chacko
image കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിരുദ്ധനിലപാടുകളില്‍ പശ്ചിമഘട്ട ജനജീവിതം സങ്കീര്‍ണ്ണമയിരിക്കുമ്പോള്‍ ജനങ്ങളെ സംരക്ഷിക്കുവാന്‍ സാധിക്കാത്ത ജനപ്രതിനിധികള്‍ ജനങ്ങള്‍ നല്‍കിയ സ്ഥാനമാനങ്ങള്‍ രാജിവച്ചൊഴിഞ്ഞ്‌ അന്തസുകാണിക്കുകയും ജനങ്ങളോടുള്ള ആത്മാര്‍ത്ഥത തെളിയിക്കുകയും ചെയ്യണമെന്ന്‌ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ജനസാന്ദ്രതയുള്ള വില്ലേജുകള്‍ പരിസ്ഥിതിലോലമായിരിക്കുമ്പോള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒളിച്ചോടി, തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി ചിരിച്ചുകൊണ്ടു കഴുത്തറക്കുന്ന രാഷ്‌ട്രീയ സമീപനം മാന്യതയല്ല. ജനകീയപ്രശ്‌നങ്ങളില്‍ രാഷ്‌ട്രീയനേതൃത്വങ്ങളുടെ ഉപകരണങ്ങളായി അന്തസ്സും, അഭിമാനവും, ജനങ്ങളോടുള്ള കടപ്പാടും പ്രതിബദ്ധതയും ബലികഴിച്ച്‌ ജനപ്രതിനിധികള്‍ തരംതാഴുന്നത്‌ ജനാധിപത്യ സംവിധാനത്തിന്‌ അപമാനകരമാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
പരിസ്ഥിതിസംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 5 പ്രകാരം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതാധികാരമുപയോഗിച്ചും, മുന്നറിയിപ്പുകളില്ലാതെ നോട്ടിഫൈ ചെയ്യാമെന്നതിന്‍പ്രകാരവും, പുറപ്പെടുവിച്ചിരിക്കുന്ന നവംബര്‍ 13ലെ ഉത്തരവ്‌ ഇതിനോടകം 90 ദിവസം പിന്നിട്ടിരിക്കുമ്പോള്‍, പിന്‍വലിക്കുമെന്നു പറയുന്നതിലെ നിയമസാധുത സംശയകരമാണ്‌. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ചുപറയുന്നവര്‍ ഈ ജനദ്രോഹ ഉത്തരവിനെക്കുറിച്ച്‌ വിശദമായി പഠിക്കാത്തവരും ഇത്തരം ഉത്തരവുകള്‍ കഴിഞ്ഞ നാളുകളില്‍ ബാധകമായ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലുള്ള പരിസ്ഥിതിലോല വില്ലേജുകളിലെ ജനങ്ങളുടെ ദുസ്സഹജീവിതം അന്വേഷിക്കാത്തവരുമാണ്‌. 2006-ല്‍ ലോകപൈതൃകപദവിക്കായുള്ള ഇന്ത്യയുടെ അപേക്ഷ യുനസ്‌കോ നിരുപാധികം തള്ളി. കാരണം സൂചിപ്പിച്ചത്‌ കൃഷിഭൂമികളും, തോട്ടങ്ങളും, മനുഷ്യവാസമുള്ള സ്ഥലങ്ങളും, ഡാമുകളും പശ്ചിമഘട്ടത്തിലുണ്ടെന്നാണ്‌. 2009-ല്‍ വീണ്ടും സമര്‍പ്പിച്ച അപേക്ഷ 2010-ലും 2011-ലും ഭേദഗതികള്‍ വരുത്തി 2012-ല്‍ അംഗീകരിച്ചു. 9 മാസക്കാലം ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ രഹസ്യമായിവെച്ച കേന്ദ്രസര്‍ക്കാര്‍ എന്തുറപ്പുകൊടുത്താണ്‌ ലോകപൈതൃകപദവി വാങ്ങിച്ചെടുത്തതെന്ന്‌ വ്യക്തമാക്കുന്നതില്‍ അടവുനയം സ്വീകരിച്ചിരിക്കുന്നത്‌ ദുരൂഹതയേറുന്നു.
വെസ്റ്റേണ്‍ ഘട്ട്‌ നാച്യുറല്‍ ഹെറിറ്റേജ്‌ കമ്മിറ്റിയും, വെസ്റ്റേണ്‍ ഘട്ട്‌ എക്കോളജി എക്‌സ്‌പേര്‍ട്ട്‌ പാനലും പരസ്‌പര പൂരകങ്ങളാണെന്നും വെസ്റ്റേണ്‍ ഘട്ട്‌ എക്കോളജി അഥോറിറ്റി നിലവില്‍ വന്നാല്‍ പശ്ചിമഘട്ടത്തില്‍ ജനവാസം ഒഴിവാക്കാമെന്നു സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ലോകപൈതൃകസമിതിക്കു മുമ്പാകെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുമ്പോള്‍ ഭരണ ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ വഞ്ചനയുടെ ഇരകളായി പശ്ചിമഘട്ടജനത മാറിയിരിക്കുന്നു.
കേരളത്തിലെ ഇടതു വലതു മുന്നണികള്‍ക്കും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും പശ്ചിമഘട്ടത്തിലെ ജനപ്രതിനിധികള്‍ക്കും ഇതിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ഉപകരണങ്ങളാക്കി രാഷ്‌ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള സ്ഥിരം തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ വിലപ്പോവില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.