Breaking News

Trending right now:
Description
 
Feb 28, 2014

തെറ്റി പോയ വികസന മന്ത്രം; മുതുവാന്‍ ആദിവാസി സമൂഹത്തില്‍ ജനസംഖ്യയില്‍ വന്‍ ഇടിവ്‌

image ആദിവാസി സമൂഹമായ മുതുവാന്‍ കുടിയില്‍ ജനസംഖ്യയില്‍ വന്‍ കുറവെന്ന വാര്‍ത്ത സീറോ റേറ്റ്‌ പോപ്പുലേഷനുള്ള കേരളത്തിലെ ജനങ്ങള്‍ക്ക്‌ വലിയ വാര്‍ത്തയല്ല. പരിസ്ഥിതി വിഷയങ്ങളുടെ പേരില്‍ വാതോരാതെ സംസാരിക്കുന്നവര്‍ക്കും അപരിഷ്‌കൃതമായ ഈ സമൂഹത്തിന്റെ നിലനില്‍പ്പില്‍ ആശങ്കകള്‍ കാണില്ല. കാരണം വാലായ്‌മ പുരകളുടെ ദുരവസ്ഥയും ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗവുമാണ്‌ ഈ സമൂഹത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതെന്ന്‌ നാം വിലയിരുത്തി കഴിയുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ ആവാമെന്നു ആരാണ്‌ ഇവര്‍ക്ക്‌ പറഞ്ഞു നല്‌കിയതെന്ന ചോദ്യത്തെ നാം വിസ്‌മരിക്കുന്നു.

28 ട്രൈബല്‍ സെറ്റില്‍മെന്റുകള്‍ ചേര്‍ന്ന ഇടമലക്കുടി ഇന്ത്യയിലെ തന്നെ ആദ്യത്തെ ആദിവാസി പഞ്ചായത്താണ്‌. ഈ പഞ്ചായത്തിലെ നടുക്കുകുടിയിലെ പ്രാഥമിക വിദ്യാലയത്തില്‍ അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ മാത്രമാണുള്ളത്‌. പത്ത്‌ വര്‍ഷം മുമ്പ്‌ 75നും80നും ഇടയ്‌ക്ക്‌ വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയിരുന്നു. കുടികളിലെ മിക്ക ഏകാധ്യാപക വിദ്യാലയങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്‌. കേരളത്തിലെ ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രമല്ല കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുതുവാന്‍ കുടികളുടെ അവസ്ഥ ഇതു തന്നെയാണ്‌.

പൊതു സമൂഹത്തിന്‌ താല്‌പര്യമില്ലാത്ത ചില പരിസ്ഥിതി പ്രശ്‌നങ്ങളാണ്‌ മുതുവാന്‍ സമൂഹത്തിന്റേത്‌. എന്നാല്‍ കോടികള്‍ ചിലവഴിച്ചിട്ടും ആദിവാസികളുടെ സാമൂഹിക മാറ്റം പരാജയമെന്നു തന്നെ വിലിരുത്താം. ഇവര്‍ക്കായി ചിലവഴിച്ച പണം എവിടെ പോയി എന്ന ചോദ്യം ഏറെ പ്രസക്തമാണ്‌.

ഇന്നും തലമുടി ചീകാത്ത, വസ്‌ത്രങ്ങള്‍ രണ്ടില്‍ കൂടുതല്‍ ഇല്ലാത്ത, ആദിവാസി ഭാഷയില്‍ സംസാരിക്കുന്ന, ഋതുമതികളായാല്‍ അന്യ പുരുഷന്മാരുടെ മുമ്പില്‍ ഇപ്പോഴും പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന ഇവര്‍ക്ക്‌ ഗര്‍ഭ നിരോധന ഗുളികകള്‍ പരിചയപ്പെടുത്തി നല്‌കിയത്‌ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളാണ്‌. ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതോ നിലനില്‍പ്പിനെക്കുറിച്ചുള്ള പേടിയും.

വല്ലായ്‌മ പുരകളുടെ അഭാവം മാത്രമല്ല. തികച്ചും അപരിഷ്‌കൃതമായി നടക്കുന്ന പ്രസവങ്ങളും ആചാരങ്ങളും സ്‌ത്രൈണതയെ തന്നെ വെറുക്കാന്‍ കാരണമായി. ആ കാരണങ്ങള്‍ക്കുള്ള രക്ഷാകവചത്തെ നന്നായി ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിച്ചതോ പരിഷ്‌കൃത സമൂഹവും. സര്‍ക്കാര്‍ ഫ്രീയായി നല്‌കിയ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിച്ചാല്‍ പ്രസവം മാത്രമല്ല ആര്‍ത്തവവും പ്രതിരോധിക്കാമെന്നു പറഞ്ഞു നല്‌കിയ അറിവാണ്‌ അവര്‍ തലമുറകളായി കൈമാറുന്നത്‌. എന്നാല്‍ അതേസമയം ഇത്തരം ഗുളികകള്‍ കഴിച്ചാല്‍ ആര്‍ത്തവ ചക്രത്തെ പ്രതിരോധിക്കാമെന്നു കേരളത്തിലെ കൗമാരിക്കാരികള്‍ക്ക്‌ പരിചിതമല്ല എന്നോര്‍ക്കണം. പരിഷ്‌്‌കൃത സമൂഹത്തിന്റെ തെറ്റായ വിദ്യാഭ്യാസത്തിന്റെ ഇരകളാണ്‌ ഇവര്‍

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ആദിവാസി യുവതി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ആത്മാവില്‍ തങ്ങുന്നു.

കുട്ടികള്‍കുറെ ഉണ്ടായാല്‍ എങ്ങനെ ജീവിക്കും, ഫോറസ്‌റ്റുകാര്‍ വിറകു പെറുക്കിയാല്‍ പോലും ഞങ്ങളെ തല്ലും, അപ്പോള്‍ കുട്ടികള്‍ കൂടുതല്‍ വേണ്ട. നിലനില്‍പ്പിനു വേണ്ടിയുള്ള ഭയം അവരെ വല്ലാതെ വേട്ടയാടുന്നു. മനുഷ്യനോടും മൃഗത്തോടും ഞങ്ങളും വരും തലമറയും ഒന്നുപോലെ മല്ലിടേണ്ടി വരും.

സര്‍ക്കാര്‍ കാടിനെ പരിമിതപ്പെടുത്തിയപ്പോള്‍ ഈ സമൂഹത്തെ കാട്ടില്‍ നിന്ന്‌ നാട്ടിലെത്തിച്ചു അവരുടെ സംസ്‌കാരത്തെ നിലനിര്‍ത്താന്‍ ശ്രമിക്കാതെ അവരെ കാട്ടാനകളെയും മലപാമ്പിനെയും തുരത്തുന്ന മാനസിക ഭാവത്തോടെ തന്നെ ഭയപ്പെടുത്തി ഓടിക്കുകയും സ്വാര്‍ത്ഥമായ ആവശ്യങ്ങള്‍ക്കായി ഇവരെ ഉപയോഗപ്പെടുത്തുകയും ചെയ്‌തു.

വഴിയും വെള്ളവും അടിസ്ഥാന വികസനവും ഇന്നും അവരുടെ മേഖലയില്‍ കടന്നെത്തിയിട്ടില്ല എന്നതാണ്‌ വാസ്‌തവം.

മൃഗങ്ങള്‍ക്കു ലഭിക്കുന്ന മാന്യമായ പരിഗണന പോലും ഇവര്‍ക്ക്‌ ലഭിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം. മറ്റു ആദിവാസി സമൂഹത്തിലെ പോലെ പരിഷ്‌കൃത സമൂഹത്തിന്റെ പ്രലോഭനങ്ങളായ മദ്യം, മയക്കുമരുന്ന്‌ തുടങ്ങിയ സാമൂഹിക തിന്മകള്‍ കീഴ്‌പ്പെടുത്താത്ത ഇവര്‍ മുഖ്യധാരസമൂഹത്തോടു കൃത്യമായ അകലം സൂക്ഷിക്കുകയും ചെയ്യുന്നു.

നല്ല കര്‍ഷകരും പ്രകൃതിക്കിണങ്ങി ജീവിക്കുന്നവരുമായ ഇവരെ കൃഷിഭവന്‍ വഴി നല്‌കിയ രാസവളങ്ങള്‍ ഉപയോഗിച്ചു കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചു. ഇന്ന്‌ മണ്ണിന്റെ ഫലഭൂവിഷ്ടി കുറഞ്ഞ നാം ജൈവകൃഷിയെക്കുറിച്ചു സംസാരിക്കുന്നു.

വികസനത്തിന്റെ പേരു പറഞ്ഞു നാം അവരുടെ പെണ്ണിന്റെയും മണ്ണിന്റെയും ഉല്‌പദനക്ഷമതയെ തകര്‍ത്തു.

പുതിയ ബോധവല്‍ക്കരണ പാഠങ്ങളുമായി, ചൂക്ഷണത്തിന്റെ പുതിയ മുഖവുമായി, ഉണര്‍ത്തു പാട്ടുകളെന്ന പേരില്‍ പൊതുസമൂഹം ഇനിയും എത്തും ഇവരെ പുനരുദ്ധരിക്കാന്‍.