Breaking News

Trending right now:
Description
 
Feb 27, 2014

ആശ്രമമൃഗങ്ങള്‍ക്ക്‌ ആര്‍ത്തി പിടിച്ച മനുഷ്യരൂപമോ?

Laly
image ഒരുആശ്രമത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാകുമായിരുന വികാരങ്ങളും

 

പ്രതിബിംബങ്ങളും എന്താണു... പ്രശാന്തസുന്ദരമായൊരു സ്ഥലത്ത് പ്രകൃതിയെ ഒട്ടും ഹനിക്കാത്ത രീതിയിലൊരു കെട്ടിടം.. അവിടെ നിര്‍മ്മമരായും നിരാസക്തരായും കുറെ ആള്‍ക്കാര്‍.. അവര്‍ക്ക് കാമ ക്രോധ ലോഭ മോഹാദികളില്ല.. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ഒരൊറ്റ ലക്ഷ്യത്തോടെ പ്രാര്‍ഥനയില്‍ മുഴുകുന്ന കുറേ സന്യാസിമാര്‍.. അവര്‍ മനുഷ്യ അവസ്ഥകളെക്കുറിച്ച് തത്വ ചിന്താ പരമായി സംസാരിക്കും...

ആശ്രമ മൃഗമെന്നാല്‍ നൈര്‍മ്മല്യത്തിന്റെ പ്രതീകം പോലെ ശകുന്തളയുടെ ഒപ്പം കളിച്ചു ചിരിച്ചും വളരുന്ന ‘ദീര്‍ഗ്ഘാപാംഗനെ’ യല്ലാതെ മറ്റൊന്നിനേയും നമ്മളോര്‍ക്കുകയേയില്ല.. അല്ലെങ്കിലൊരു കാമധേനുവിനെ..എന്നാല്‍ കാലം കഴിയവേ ആശ്രമമൃഗങ്ങള്‍ക്ക്‌ പുതിയ ഭാവങ്ങളും രൂപങ്ങളും വന്നു.. അവര്‍ക്ക് ഹിംസ്രജന്തുക്കളുടെ സ്വഭാവം ആര്‍ത്തി പിടിച്ച മനുഷ്യന്റെ രൂപവും വന്നു.... ആ പരിതസ്ഥിതിയിലിരുന്നാണു ചങ്ങമ്പുഴ ‘ആശ്രമമൃഗം’ എന്ന കവിത എഴുതിയത്...

മകനെ സന്യാസിയാക്കുക എന്ന ജീവിതലക്ഷ്യവുമായി ഒരു ആശ്രമത്തിലയക്കുന്ന അഛന്‍ ... എന്നാല്‍ മകന്‍ ആശ്രമത്തില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതേയില്ല.. അവനൊരു ദിവസം അവിടുന്ന് ഒളിച്ചോടി വീട്ടിലെത്തുമ്പോള്‍ കാരണമന്വേഷിച്ച അച്ചനോട് അവിടത്തെ മഠാധിപതി ഒരു സന്യാസിയൊന്നുമല്ലെന്നും ഒരു മൃഗമാണെന്നും പറയുന്ന മകന്‍ സന്യാസിക്ക് ആവശ്യമെങ്കില്‍ ഒരു സ്ത്രീയെ കല്യാണം കഴിക്കുകയായിരുന്നു ഉചിതമെന്നും പ്രസ്താവിക്കുന്നു... അഛന്‍ തന്റെ വിശ്വാസക്കോട്ടയുടെ തകര്‍ച്ച കണ്ട് നിരാശനാകുന്നു..

നവൊത്ഥാനകാലത്തെ സാഹിത്യകാരന്മാര്‍ പലപ്പോഴും നിലവിലിരിക്കുന്ന പ്രവണതകള്‍ക്കെതിരേ അതിശക്തമായ നിലപാടെടുത്തിട്ടുള്ളവരായിരുന്നു. കുമാരനാശാനും ചങ്ങമ്പുഴയും മുതലിങ്ങോട്ടുള്ള നിരവധി കവികളും കഥാകാരന്മാരും.. അവര്‍ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും വിശ്വാസത്തട്ടിപ്പുകളേയും നിരന്തരമായ് ചോദ്യം ചെയ്തു,.. ഇത്തരം അന്ധവിശ്വാസങ്ങള്‍ സമൂഹപുരോഗതിയെ പിന്നാക്കം നടത്തുമെന്ന് ദീര്‍ഘവീക്ഷണം അവര്‍ക്കുണ്ടായിരുന്നു... അതിനോടനുബന്ധിച്ച് മാധ്യമങ്ങളും ആ രീതിയിലൊരു പ്രചരണത്തിനു ഊന്നല്‍ നല്‍കുകയും തങ്ങളുടെ മാധ്യമങ്ങളെ യുക്തിയുടെ പള്ളിക്കൂടങ്ങളാക്കുകയും ചെയ്തു..

എന്നാലിപ്പോളെന്താണു സംഭവിക്കുന്നത്..? മുഖ്യ ധാരാ മാധ്യമങ്ങള്‍ പോലും ആള്‍ദൈവങ്ങളുടെ അയുക്തികള്‍ക്ക് മുലധന പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ മൌനികളാകുകയാണു... പുരോഗമനാശയത്തിന്റെ വക്താക്കളായിരുന്ന പത്രങ്ങള്‍ പോലും കുട്ടിച്ചാത്തന്‍ സേവയുടെയും ഏലസ്സിന്റെയും ശത്രു സംഹാരപൂജയുടെയും പരസ്യങ്ങള്‍ക്ക് പിറകേയാണിപ്പോള്‍ .. തനിക്ക് ലോകത്തെ അറിയാന്‍ പത്രം വായിക്കേണ്ടതില്ലെന്ന് പ്രസ്താവിച്ച സുധാമണിയെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വച്ച വാര്‍ത്തകള്‍ മെനയാനുള്ള തയ്യാറെടുപ്പിലാണെപ്പോഴും മുഖ്യധാരാപത്രങ്ങള്‍.. അവര്‍ ആശ്രമത്തിനെതിരായ ഓരോ വാര്‍ത്തയും മുക്കി ക്കളയുന്നു...

എന്നാല്‍ ഏറ്റവും ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നം ആള്‍ദൈവങ്ങളുടെ പ്രചാരമാണു.. അതില്‍ സുധാമണി മുതല്‍ രവിശങ്കര്‍ വരെയുണ്ട്... അതിലൊക്കെ ഉപരിയായി പ്രാദേശിക ദൈവങ്ങളുമുണ്ട്... കുറച്ചു നാള്‍ നാട്ടിലെന്തെങ്കിലുമൊക്കെ കുതന്ത്രങ്ങള്‍ കാണിച്ചു നാടു വിടുന്നവരോ ജയിലിലാകുന്നവരോ ഒക്കെ മനുഷ്യരുടെ മറവിശക്തിയെ മുതലെടുത്ത് കണക്ക് നോട്ടക്കാരായും ഭാവിപ്രവചനക്കാരായും ഡോക്ടര്‍മാരുമൊക്കെയായി മാറുന്നു..എങ്ങനെയും തനിക്ക് മാത്രം നന്മ വരണമെന്നാഗ്രഹിക്കുന്ന മലയാളി യുക്തിയെയും ബുദ്ധിയെയും ശാസ്ത്രത്തെയും കൈവിട്ട് ഇത്തരക്കാരുടെ കൂടെ ചേരും...

അവര്‍ ശാസ്ത്രത്തെ അശാസ്ത്രീയമായ് വ്യാഖ്യാനിച്ച് തനിക്കൊപ്പമാക്കി മാറ്റും.. വെള്ളത്തില്‍ തിരിയിട്ട് കത്തിക്കും അന്തരീക്ഷത്തില്‍ നിന്നും ഭസ്മമെടുക്കും .. ഇതൊക്കെ കണ്ട്ശാസ്‌ത്രജ്ഞന്മാരും അഭ്യസ്തവിദ്യരും മന്ത്രിമാരും രാഷ്ട്രീയക്കാരും അനുഗ്രഹത്തിനായ് തിക്കിത്തിരക്കും.. ബഹിരാകാശവിക്ഷേപണത്തിനു മുന്‍പേ തേങ്ങയുടക്കും തുലാഭാരം നടത്തും.. ശുഭമുഹൂര്‍ത്തത്തിനായ് കണക്ക് നോക്കും.. ആള്‍ ദൈവങ്ങളോ തങ്ങളുടെ വിശ്വാസ്യതക്ക് ഒരു പരസ്യം കിട്ടുന്നതോര്‍ത്ത് ഗൂഢമായ് സന്തോഷിക്കും..

മാജിക്കുകാരുടെ അല്‍ഭുതപ്രവര്‍ത്തനങ്ങളും കണ്‍കെട്ടുമൊന്നും വിലപ്പോകില്ലെന്ന് മനസ്സിലാക്കിയ സമയത്താണു മനുഷ്യരുടെ വികാരങ്ങള്‍ മനസ്സിലാക്കിയ ഫാസിസ്റ്റ് ശക്തികള്‍ ഒരമ്മയേയും കൊണ്ട് വന്നത്.. അമ്മയെന്ന ചിരന്തന സത്യത്തെ, ഏറ്റവും വികാരമൂല്യമുള്ള വാക്കിനെ ജനങ്ങള്‍ക്കിടയിലേക്ക് അഴിച്ചു വിട്ടു കൊണ്ടാണവര്‍ ആരംഭിച്ചത്..

അതു ആഗോളവല്‍ക്കരണകാലത്തെ അന്ധാളിപ്പില്‍ നിന്നുയര്‍ന്നു വന്ന അരക്ഷിതാവസ്ഥയുടെയും കാലമായിരുന്നു.. തന്റെ ദു:ഖങ്ങള്‍ ഏല്പിച്ച് കൊടുക്കാന്‍ മനുഷ്യര്‍ എപ്പോഴും ആളെ തേടിക്കൊണ്ടേയിരിക്കുമ്പോളാണു എല്ലാമറിയാന്‍ അമ്മയുണ്ടെന്ന വാഗ്ദാനവുമായി സുധാമണിയുടെ എഴുന്നള്ളിപ്പ്... സ്പര്‍ശനമെന്നത് ഒരാശ്വാസവും ചികിത്സയുമാകുന്ന ആ തന്ത്രത്തെ അവര്‍ സ്പര്‍ശനത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമായ ആലിംഗനത്താല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു... അങ്ങനെ കെട്ടിപ്പിടുത്തമെന്നത് ഒരാളുടെ അവസാനത്തെ അത്താണിയാകുന്ന അവസ്ഥയാകുകയും ചെയ്തു..

പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണു.. നമ്മള്‍ ഇലക്ട്രോണിക്‌ യുഗത്തിന്റെ ഗുണഭോക്താക്കളാണു.. ഫേസ് ബുക്കും റ്റിവിയും ഇന്റെര്‍ നെറ്റും ഇലക്ട്രോണിക്‌ വോട്ടിംഗ് യന്ത്രം തന്നെയും ഉപയോഗിക്കുന്ന നമുക്ക് മുന്നില്‍ നടത്തുന്ന ഈ പൊറാട്ട് നാടകങ്ങളെ പൊളിച്ച് കാണിക്കേണ്ടതുണ്ട്,...ഇലക്ട്രോണിക്‌ യന്ത്രങ്ങളെ ആശ്രയിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് പത്രിക നല്‍കാന്‍ ജ്യോതിഷം നോക്കണമായിരിക്കും ജയിക്കുമോന്നറിയാന്‍ ജാതകം നോക്കണമായിരിക്കും, ജയിക്കാന്‍ നഗ്നപൂജയും യാഗവും നടത്തണമായിരിക്കും.. നമ്മള്‍ വോട്ടര്‍ മാര്‍ക്ക് അതൊന്നുമാവശ്യമില്ല...

യുക്തിയോടെ ചിന്തിക്കുക..
പുരോഗമനപരമായി പെരുമാറുക.
തട്ടിപ്പുകള്‍ക്കെതിരേ പ്രതികരിക്കുക..

(വേറിട്ടൊരു എഴുത്തിന്റെ വഴി സ്വീകരിച്ചതിലൂടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ശ്രദ്ധ നേടിയതാണ്‌ ലാലിയുടെ പോസ്‌റ്റുകള്‍. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ സ്വന്തമായ കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കാന്‍ താത്‌പര്യപ്പെടുന്ന ലാലിയുടെ എഴുത്ത്‌ ഒട്ടേറെപ്പേര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രസാദാത്മകവും ലളിതവുമായ ശൈലി, നേരെ വാ നേരെ പോ എന്ന മട്ട്‌... ഇതൊക്കെയാണ്‌ ലാലിയുടെ എഴുത്തിന്റെ പ്രത്യേകതകള്‍.)