Breaking News

Trending right now:
Description
 
Feb 27, 2014

വീട്ടില്‍ പട്ടാളച്ചിട്ടയായാല്‍ മക്കള്‍ നന്നാകുമോ?

ഡോ. ജോണ്‍ സാമുവല്‍, സൈക്യാട്രിസ്‌റ്റ്‌
image
ഒന്നേ ഉള്ളുവെങ്കിലും ഉലക്കയ്‌ക്ക്‌ അടിച്ചു വളര്‍ത്തണമെന്നാണ്‌ പ്രമാണം. അമിതലാളന പോലെ തന്നെ പ്രശ്‌നക്കാരനാണ്‌ അമിത അച്ചടക്കവും. കുട്ടികളെ നല്ല വ്യക്തികളാക്കാനാണ്‌ മാതാപിതാക്കള്‍ പട്ടളച്ചിട്ടയില്‍ വളര്‍ത്തുന്നത്‌.
ശിക്ഷയാവാം പക്ഷേ അമിത ശിക്ഷ കുട്ടികളുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നു ഇന്നു പല മാതാപിതാക്കളും മനസിലാക്കുന്നില്ല.അമിത അച്ചടക്കവും അമിത കാര്‍ക്കശ്യവും അമിത ശ്രദ്ധയും കുട്ടികളില്‍ ദോഷം ചെയ്യാറുണ്ട്‌. കുട്ടികളുടെ ടിവി പ്രോഗ്രാമുകളില്‍ പോലും സ്വാതന്ത്യം നല്‌കാതെ, ബന്ധുവീടുകളില്‍ പോലും വിടാന്‍ അനുവദിക്കാതെ, സാമൂഹിക ബന്ധമില്ലാതെ വളര്‍ത്തുന്നത്‌ പലമാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന തിരിച്ചറിവ്‌ ഇന്നും പല മാതാപിതാക്കള്‍ക്കും ഇല്ല.
മിഥുന്‍ എന്ന 19 വയസുകാരന്‍ ഡോക്ടറെ കാണാനെത്തിയത്‌ ഇത്തരം ഒരു മാനസിക പ്രശ്‌നവുമായാണ്‌. സെമിനാറുകളില്‍ ക്ലാസെടുക്കുവാന്‍ എത്തുമ്പോള്‍ കൈയും കാലും വിറയ്‌ക്കുന്നു. വിയര്‍ത്തു ബോധം കെട്ടു പോകുന്ന അവസ്ഥയില്‍ എത്തുന്നു. ഇതിനൊരു പരിഹാരം തേടിയാണ്‌ ഡോക്ടറെ സമീപിച്ചത്‌. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന അവനു സമൂഹത്തെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലായിരുന്നു.
ഇത്‌ മിഥുന്റെ മാത്രം പ്രശ്‌നമല്ല. പല മാതാപിതാക്കളും മക്കളെ തങ്ങളുടെ കാഴ്‌ച്ചപ്പാടില്‍ മാത്രം വളര്‍ത്തുകയും തങ്ങളുടെ നേര്‍രേഖകളിലൂടെ കുട്ടികളെ നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെയാണ്‌ വിഷയം ആരംഭിക്കുക. കുട്ടികളുടെ വ്യക്തിത്വ രൂപികരണത്തെ ഇത്തരം രീതികള്‍ പ്രതികൂലമായി ബാധിക്കും. 

അതീവ ജാഗ്രത കാരണം മാതാപിതാക്കള്‍ കുട്ടികള്‍ക്കായി ചിന്തിക്കുന്നവരായി തരം താഴുന്നു. ചിലര്‍ ഇത്തരം രീതികളോട്‌ പല തരത്തിലാണ്‌ പ്രതികരിക്കുക. അത്തരക്കാരില്‍ ചില കുട്ടികള്‍ ഉള്‍വലിയുകയും ഉത്‌കണ്‌ഠയുള്ളവരും സ്വന്തമായി തീരുമാനം എടുക്കാന്‍ ശേഷിയില്ലാത്തവരുമായി മാറുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പിന്നീട്‌ ഭാവിയില്‍ വലിയ മാനസിക വിഷയമായി മാറാന്‍ സാധ്യതയുണ്ട്‌. അമിത അച്ചടക്കത്തില്‍ വളരുന്ന കുട്ടികളില്‍ ചിലര്‍ ഭാവിയില്‍ സ്വാതന്ത്യം ലഭിക്കുമ്പോള്‍ വഴിതെറ്റി പോകാനുള്ള സാധ്യത കൂടി വരുകയാണ്‌. കുട്ടികളെ സ്വതന്ത്രമായി വളരാനാണ്‌ വിടേണ്ടത്‌ കുട്ടികള്‍ മാതാപിതാക്കളെ അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട റോബോട്ടുകളല്ലെന്നു തിരിച്ചറിയണം.