Breaking News

Trending right now:
Description
 
Feb 27, 2014

സ്വന്തം ആത്മീയത കണ്ടെത്താത്ത ആത്മീയ വാണിഭം അരങ്ങുവാഴുമ്പോള്‍

Johnson Punchakonam
image

ദൈവീകത ദുഷിക്കുന്നിടത്തു പൈശാചികത സംഹാര താണ്ടവമാടും എന്നത് പകൽപോലെ സത്യം. ഉത്തരാധുനികതയുടെ നെറുകയിൽ വിരക്തി അനുഭവിക്കുന്ന സത്യാന്വേഷികളെ സംഘടിത മതങ്ങളിലേക്കും, അതിലൂടെ മതാനുഭവങ്ങളിലേക്കും  വഴിപിടിച്ചു നടത്തുന്നത് സ്വജീവിതത്തിന്റെ അര്‍ഥം നേടിയുള്ള യാത്രകളാണ്. ലൌകികതയുടെ പാരതന്ത്ര്യത്തില്‍ നിന്ന് മുക്തരായി ചങ്ങലകളില്ലാത്ത ആത്മീയ ലോകത്തിന്റെ വിഹായസ്സിലേക്ക് സ്വതന്ത്രരാകുവാനാണ്  ഇക്കൂട്ടർ ആഗ്രഹിക്കുന്ന  മതാനുഭവത്തിന്റെ   പരമമായ ലക്ഷ്യം.  ആത്മീയ പാതയില്‍ വഴിതെറ്റാതെ അനുഗാമിയെ  നയിക്കുകയാണ് ആത്മീയനേതാക്കന്മാരുടെ  പരമമായ കർത്തവ്യം. ഗുരുവിനെ അനുഗമിക്കുന്നവരുദെ  മനസ്സിന്റെ ആഴങ്ങളിലേക്ക്  ആത്മീയആചാര്യന്റെ  അകകണ്ണെത്തുമെന്നാണ് സങ്കല്‍പം. എന്നാല്‍ അനുഗാമിയുടെ  ശരീരഭാഗങ്ങളിലേക്ക് കപടതയുടെ മുഖം മൂടി അണിഞ്ഞ അഭിനവ ആത്മീയആചാര്യന്മാരുടെ കണ്ണുകളും കരങ്ങളുമെത്തുന്ന അതിധാരുണമായ സംഭവങ്ങളാണ് സമീപകാലങ്ങളില്‍ നാം കാണുകയും കേൾക്കുകയും ചെയ്യുന്നത്. കേവലം സാധാരണക്കാരായ മനുഷ്യർ പോലും ചെയ്യാൻ അറക്കുന്ന ഹീനകർമ്മങ്ങളാണ് അസാധാരണർ എന്ന്  വിശേഷിപ്പിക്കുന്ന  ചിലരുടെയെങ്കിലും  ഉപശാപശാലകളില്‍ നടമാടുന്നതെന്ന സത്യം  ഇന്നിന്റെ മനസിന്‌ ഉൾക്കൊള്ളുവാൻ പ്രയാസമാണ്.

മുതൽ മുടക്കില്ലാതെ കെട്ടിപ്പടുക്കാവുന്ന ബിസിനസ് സാംബ്രാജ്യമായി മാറിയിരിക്കുന്നു ഉത്തരാധുനികതയിലെ ആത്മീയകച്ചവടസംരംഭങ്ങൾ. പുരാതന സംസ്കാരത്തിൽ സര്‍വസംഗപരിത്യാഗികളായി ഗിരിശ്രുങ്ങഗളിൽ  ആത്മീയ ചൈതന്യത്തിന്റെ  ബ്രഹ്മകാണ്ടങ്ങള്‍ വിരിയിക്കുവാൻ പ്രാപ്തിയുള്ള ഋഷിവര്യന്മാർ ജീവിച്ച മണ്ണാണ് ഭാരതം. ഒരിക്കൽ അഭിമാനത്തോടെ വീക്ഷിച്ഛിരുന്ന സന്യാസജീവിതങ്ങളിൽ ചിലതെങ്കിലും ഇന്ന് പ്രസ്ഥാനങ്ങളിലൂടെ ദിശമാറി ഒഴുകി വലിയ കച്ചവടസംരംഭങ്ങളോ, ആഭാസകേന്ദ്രങ്ങളോ ആയി മാറിയിരിക്കുന്നു. ചില   മത-രാഷ്ട്രീയ  പ്രസ്ഥാനങ്ങളിലെങ്കിലും  ഇത്തരത്തിലുള്ള ആത്മീയകച്ചവടസംരംഭങ്ങൾ തഴച്ചു വളരുകയാണ്.

പ്രയാസങ്ങളിലൂടെയും, വ്യാധികളിലൂടെയും, സാമ്പത്തിക തകർച്ചകളിലൂടെയും, ശിഥിലമായി കൊണ്ടിരിക്കുന്ന  കുടുംബ അന്തരീക്ഷങ്ങളിൽ മനംമടുത്ത് നട്ടംതിരിയുന്ന പാവം മനുഷ്യൻ, അവനറിയാതെ തന്നെ ഇത്തരത്തിലുള്ള മോഹവലയങ്ങളിൽ അകപ്പെട്ട് ചൂഷണത്തിന് വിധേയരാകുന്നു എന്നതാണ് സത്യം. ഇവിടെ തമസ്ക്കരിക്കപ്പെടുന്നത് മഹത്തായ ആര്‍ഷഭാരതപാരമ്പര്യമാണെന്നതാണ് സങ്കടകരമായ സത്യം.

അനുദിനം മാറിമറിയുന്ന അത്യാധുനിക  ലൈഫ്സ്റൈലിന്റെ പുത്തൻ പ്രവണതകൾ  തന്ത്രപരമായി പ്രയോജപ്പെടുത്തിക്കൊണ്ടാണു ഇത്തരത്തിലുള്ള തിന്മയുടെ ശക്തികള്‍ പടർന്ന്പന്തലിക്കുന്നത്. ആരാധാസങ്കേതങ്ങള്‍ സ്ഥാപിച്ച് അതിലേക്ക് ആളെ കൂട്ടുന്ന പ്രവര്‍ത്തങ്ങളേക്കാള്‍ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങൾ കൌശലപൂര്‍വം ഉപയോഗിച്ച് ആശയപ്രചാരണം നടത്തുന്നതിനാണ് ഇത്തരം സംഘടിത സംഘങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കടുത്ത ദൈവവിശ്വാസികളെന്നു അഭിമാനിക്കപ്പെടുന്നവര്‍ക്കുപോലും ഇത്തരം തന്ത്രങ്ങളെ മസിലാക്കുവാനൊ, ഒഴിവാക്കുവാനൊ സാധിക്കാതെ വരുന്നു.  സ്വാര്‍ഥതയെയും, ജഡികാഭിലാഷങ്ങളെയും ആഘോഷിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്ന വിശ്വാസപ്രമാണമാണ് ഇത്തരം സംഘടനകൾ  അനുയായികള്‍ക്കും സമൂഹത്തിനും  നല്കുന്ന സന്ദേശം.

കേരളത്തിൽ ചിലയിടങ്ങളിൽ  വേരോടിക്കൊണ്ടിരിക്കുന്ന  ആധുനിക  സാത്താന്‍സഭയ്ക്കും അവരുടെ  പ്രചാരണതന്ത്രങ്ങള്‍ക്കും ചിലരെങ്കിലും വശംവദരാകുന്നു  എന്നത് ഒരു യാധാർധ്യം മാത്രം. പതിനെഴാം  നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തെറ്റായ കാര്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടിരുന്ന ഗ്രൂപ്പുകള്‍ക്കും പുരോഹിതര്‍ക്കുമെതിരായി കത്തോലിക്കാസഭ ശക്തമായ നിലപാടു സ്വീകരിച്ചു.  മന്ത്രവാദകര്‍മങ്ങള്‍, ലൈംഗിക വൈകൃതങ്ങള്‍ ഉള്‍പ്പെട്ട അനുഷ്ഠാനങ്ങള്‍, തുടങ്ങിയവയൊക്കെ ഇത്തരം ഗ്രൂപ്പുകള്‍ക്കിടയില്‍ അരങ്ങേറിയിരുന്നു. വിരുദ്ധമായ ആശയങ്ങളും പ്രവൃത്തികളും വച്ചു പുലര്‍ത്തി ദൈവവിശ്വാസത്തില്‍ നിന്ന് അകന്നുപോയ ചില പുരോഹിതരെ കൂട്ടുപിടിച്ചായിരുന്നു പല ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനo. ധാര്‍മിക മൂല്യങ്ങള്‍ക്കു വില കല്പിക്കാത്ത ഒരു സംഘം യുവതീ-യുവാക്കൾ  ഒത്തുകൂടി മദ്യപിക്കുകയും വൈകൃതങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്ന കേന്ദ്രമായിരുന്നു ഇവ.

സ്വാര്‍ഥമതികളായ ചിലരുടെ താത്പര്യങ്ങള്‍, പെട്ടെന്നു സമ്പന്നനാകാനുള്ള  ആഗ്രഹം, മറ്റുള്ളവരോടുള്ള പക, മതസംവിധാനങ്ങളോടുള്ള വൈരാഗ്യം, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, ഇത്തരം ബന്ധങ്ങള്‍ ഉള്ളവരുമായിട്ടുള്ള സഹവാസം, നിഗൂഢമായ ആശയങ്ങളോടു തോന്നുന്ന കൌതുകം, തമാശയ്ക്കായി തുടക്കമിട്ട വിനോദം, ഗുണപരമല്ലാത്ത മാധ്യമങ്ങളുടെ സ്വാധീനo ഇതൊക്കെയാണു തിന്മയുടെ ഇരുള്‍വീണ ഇടനാഴികളിലൂടെ സഞ്ചരിക്കാന്‍  പ്രേരണയാകുന്നത്. താത്കാലികമായി കിട്ടുന്ന ചില സന്തോഷങ്ങളും നേട്ടങ്ങളുമൊക്കെ, വലിയ ദുരന്തങ്ങളുടെ തീരങ്ങളിലേക്കാണു വലിച്ചുകൊണ്ടു പോകുന്നു.