Breaking News

Trending right now:
Description
 
Feb 27, 2014

കേരളീയര്‍ ബാങ്ക്‌ വായ്‌പയെടുക്കുന്നത്‌ വാഹനങ്ങള്‍ വാങ്ങാന്‍

image കേരളീയര്‍ ബാങ്ക്‌ വായ്‌പ എടുക്കുന്നതു മുഖ്യമായും വാഹനങ്ങള്‍ സ്വന്തമാക്കാനാണെന്ന്‌ പഠനം. സംസ്ഥാനത്ത്‌ വിതരണം ചെയ്യപ്പെടുന്ന മൊത്തം വായ്‌പയുടെ 82 ശതമാനം ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതിനും 35 ശതമാനം കാറടക്കമുള്ള ഇതര വാഹനങ്ങള്‍ക്കുമാണെന്നു ക്രെഡിറ്റ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ്‌ (സിബില്‍) വ്യക്തമാക്കി. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലാണെങ്കില്‍ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ക്കും വ്യക്തിഗത വായ്‌പയ്‌ക്കുമാണു പ്രിയം. ഈ മേഖലയില്‍ കേരളത്തിനുള്ള മികച്ച വളര്‍ച്ചാ സാധ്യതയിലേക്കാണ്‌ ഇതു വിരല്‍ ചൂണ്ടുന്നതെന്നു സിബില്‍ മാനേജിംഗ്‌ ഡയറക്ടര്‍ അരുണ്‍ തുക്‌രാല്‍ പറഞ്ഞു. സ്ഥാപനങ്ങളെയും വ്യക്തികളെയുംകുറിച്ചു സിബില്‍ തയാറാക്കുന്ന റിപ്പോര്‍ട്ടും സിബില്‍ ട്രാന്‍സ്‌യൂണിയന്‍ സ്‌കോറും പരിശോധിച്ചശേഷമാണു ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്‌പകള്‍ സംബന്ധിച്ചു തീരുമാനമെടുക്കുന്നത്‌. 700നും അതിനു മേലെയും ക്രെഡിറ്റ്‌ സ്‌കോറുള്ളവര്‍ക്കു വായ്‌പ ലഭ്യമാകാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നു സിബില്‍ നടത്തിയ പഠനത്തില്‍നിന്നു വ്യക്തമായതായി തുക്‌രാല്‍ പറഞ്ഞു. 300നും 900നും ഇടയിലുള്ള സ്‌കോറാണ്‌ ഓരോരുത്തര്‍ക്കും സിബില്‍ നല്‍കുന്നത്‌. സ്‌കോറിലെ വര്‍ധന കാണിക്കുന്നത്‌ ആ വ്യക്തിക്കു വായ്‌പ തിരിച്ചടക്കാനുള്ള പ്രാപ്‌തിയാണ്‌. വായ്‌പ അനുവദിക്കുമ്പോള്‍ ഇങ്ങനെയുള്ളവര്‍ക്കു ബാങ്കുകള്‍ സ്വാഭാവികമായും മുന്‍ഗണന നല്‍കുന്നു.

700നു മുകളില്‍ ക്രെഡിറ്റ്‌ സ്‌കോറുള്ളവര്‍ക്കാണ്‌ അടുത്ത കാലത്ത്‌ അനുവദിച്ച വായ്‌പകളുടെ 90 ശതമാനത്തിലേറെയും പോയതെന്നു സിബില്‍ നടത്തിയ പഠനത്തില്‍നിന്നു വ്യക്തമായിട്ടുണ്ട്‌. കേരളത്തില്‍ വായ്‌പ എടുത്തിട്ടുള്ള 21 ശതമാനം പേര്‍ക്ക്‌ 800ന്‌ മേലെയും 40 ശതമാനം പേര്‍ക്ക്‌ 750നു മേലെയുമാണു ക്രെഡിറ്റ്‌ സ്‌കോര്‍. 45 വയസ്‌ കഴിഞ്ഞവര്‍ ഏറ്റവും കൂടുതലായി വായ്‌പ എടുക്കുന്നതു കേരളത്തിലാണ്‌. കേരളത്തില്‍ വായ്‌പ എടുത്തിട്ടുള്ളവരില്‍ 46 ശതമാനം പേര്‍ 35 വയസിനു താഴെ പ്രായമുള്ളവരാണ്‌. ആദ്യമായി വായ്‌പ എടുക്കുന്നവര്‍ ദേശീയ തലത്തില്‍ 51 ശതമാനമാണെങ്കില്‍ കേരളത്തിലേത്‌ 50 ശതമാനമാണ്‌. രാജ്യത്തു പുതുതായി വായ്‌പ എടുക്കുന്നവരുടെ എണ്ണത്തില്‍ 150 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടായിട്ടുണ്ട്‌. ക്രെഡിറ്റ്‌ സ്‌കോര്‍ ബാങ്കുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും നിഷ്‌ക്രിയ ആസ്‌തി കുറയ്‌ക്കുന്നതിനു പുറമെ വായ്‌പ എടുക്കുന്ന ആള്‍ക്കും ഗുണകരമാണ്‌. മികച്ച ക്രെഡിറ്റ്‌ സ്‌കോര്‍ ഉള്ളവര്‍ക്കു ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പ നല്‍കുന്നു. സിബില്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി സിബില്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ (കണ്‍സ്യൂമര്‍ റിലേഷന്‍സ്‌) ഹര്‍ഷാലാ ചാന്ദോര്‍ക്കര്‍ പറഞ്ഞു.