Breaking News

Trending right now:
Description
 
Feb 26, 2014

ഡെലവെയറില്‍ മലയാളം ക്ലാസ്സുകള്‍ തുടങ്ങി

ബിനീഷ് മാത്യു
image

ഡെലവെയര്‍ : ഡെലവെയറിലെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന മലയാളം ക്ലാസ്സിന് വർണ്ണോജ്വലമായ തുടക്കം. ഫെബ്രുവരി 22 ശനിയാഴ്ച്ച ഡെലവെയർ ഹോക്കസിനിലുള്ള ഹിന്ദു ക്ഷേത്രത്തിൽ വച്ച് ഡെലവെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ മോഹൻ ഷേണായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലയാളം ക്ലാസ്സിനു തുടക്കം കുറിച്ചപ്പോൾ സഫലമായത് മലയാളി അസോസിയേഷന്റെ ചിരകാലമായുള്ള സ്വപ്നമായിരുന്നു.

മലയാള നാടിനെയും, സംസ്കാരത്തെയും കുറിച്ചു നമ്മുടെ കുട്ടികൾ അറിയാനും പഠിക്കാനും ഏറ്റവും നല്ല ഉപാധിയായ മലയാള ഭാഷ പഠിപ്പിക്കാന്‍ ഒരുവേദി ഉണ്ടാക്കുന്നതിനായി സംഘാടകര്‍ വളരെ പ്രയത്നിച്ചു. ആ സ്വപ്നം അതിന്റെ എല്ലാ മനോഹാരിതയോടും കൂടെ ഹിന്ദു ക്ഷേത്രത്തിൽ സാക്ഷാത്ക്കരിച്ചപ്പോൾ അതിനു സാക്ഷികളായി ആവേശത്തോടെ നിരന്നു നിന്ന് വരവേറ്റു ഡെലവെയറിലെ മലയാളികൾ.

ഉദ്ഘാടന ചടങ്ങിനു ശേഷം കുട്ടികൾ അവരുടെ ആദ്യ മലയാളം ക്ലാസ്സിനു തുടക്കം കുറിച്ചപ്പോൾ ഇതിനുവേണ്ടി പ്രയത്നിച്ചവരോടൊപ്പം കണ്ടു നിന്ന രക്ഷിതാക്കളുടെയും മനസ്സ് നിറഞ്ഞു. ക്ലാസ് എടുക്കാൻ സ്വമേധയ മുന്നോട്ടുവന്ന രശ്മി പ്രതീപ് കുട്ടികൾക്ക് മലയാള അക്ഷരമാല എഴുതുവാൻ പരിചയപ്പെടുത്തിയപ്പോൾ വളരെ നാളത്തെ പ്രയത്നം ഫലമണിഞ്ഞതിന്റെ ചാരിതാർത്ഥ്യമാണ് ഡെലാവെയർ മലയാളി അസോസിയേഷന്.

മലയാളി അസോസിയേഷൻ ഭാരവാഹികളായ അജിത മേനോൻ, ബിജു ദാസ് എന്നിവരോടൊപ്പം അസോസിയേഷൻ അംഗമായ രശ്മി പ്രതീപും ചേർന്ന് കുട്ടികൾക്ക് വേണ്ടി മലയാളം ക്ലാസ് തുടങ്ങുകയെന്ന ആശയവുമായി മുന്നോട്ടു വന്നപ്പോൾ മുതൽ അതിനെ പ്രോത്സാഹിപ്പിക്കുകയും അതിനു വേണ്ടി എല്ലാ മാർഗ്ഗനിർദേശവും നൽകി പ്രസിഡന്റ്‌ മോഹൻ ഷെണായിയും വൈസ് പ്രസിഡന്റ്‌ നിവേദ രാജനും എപ്പോഴും കൂടെയുണ്ടായിരുന്നു.


ഡെലവെയർ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ നിവേദ രാജൻ, ജോ. സെക്രട്ടറി അജിത മേനോൻ, അസോസിയേഷൻ ഭാരവാഹികളായ ബിജു ദാസ്‌, അബിത ജോസ്, ജൂലി വിൽസണ്‍, ഡെലാവെയറിലെ മുതിർന്ന മലയാളികളായ പി. സുബ്രമണ്യൻ, മാധവൻ നായർ, ജോസ് പോൾ, ബാലകൃഷ്ണ പണിക്കർ എന്നിവരോടൊപ്പം ഇരുപതിലധികം കുട്ടികളും അവരുടെ മാതാപിതാക്കളും ഈ ധന്യ  മുഹൂർത്തത്തിനു സാക്ഷികളായിരുന്നു.

അസോസിയേഷന്റെ ഈ പ്രയത്നത്തിൽ കൂടെ നിന്ന് സഹായിച്ച, ഇതിൽ പങ്കാളികളാകാൻ വേണ്ടി എത്തിയ ഡെലവെയറിലെ എല്ലാ മലയാളികളോടും ഡെലവെയർ മലയാളി അസോസിയേഷൻ നന്ദി രേഖപ്പെടുത്തുന്നു.