Breaking News

Trending right now:
Description
 
Feb 26, 2014

കേരളത്തില്‍ നൃത്തത്തിനും നര്‍ത്തകികള്‍ക്കും സ്വീകാര്യത കുറവാണെന്നു ജയഭാരതി

image കലാകാരന്‍മാര്‍ക്കുള്ള സ്വീകാര്യതയിലും, അവസരങ്ങള്‍ നല്‌കുന്നതിലും കേരളത്തേക്കാള്‍ നല്ലതു തമിഴ്‌നാടെന്നു ജയഭാരതി. കേരളത്തില്‍ നൃത്തത്തിനും നര്‍ത്തകികള്‍ക്കും സ്വീകാര്യത കുറവാണെന്നും ഈ സ്ഥിതി മാറണമെന്നും ജയഭാരതി തൃശൂരില്‍ മുഖാമുഖം പരിപാടിയില്‍ അഭിപ്രായപ്പെട്ടു. കലാകാരന്‍മാര്‍ക്ക്‌ അവരുടെ കലാപ്രകടനത്തിനു വേദി ലഭിക്കുന്നതിനു പാലം നിര്‍മിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്‌. കലാകാരന്‍മാര്‍ക്ക്‌ ചാന്‍സ്‌ ചോദിച്ചുനടക്കാന്‍ സാധിക്കില്ല. സിനിമ എനിക്കെല്ലാം തന്നു. സിനിമ എന്നില്‍നിന്ന്‌ ഒന്നും എടുത്തിട്ടില്ല. എട്ടാംക്ലാസ്‌ പോലും ഞാന്‍ പഠിച്ചിട്ടില്ല. ഭരതനാട്യം മാത്രം പഠിച്ചു സിനിമയില്‍ വന്നതാണ്‌. മൂന്നു സിനിമ മാത്രമേ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ കണ്ടിരുന്നുള്ളൂ. നൃത്തവും സിനിമയും എന്നെ വിട്ടുപോയിട്ടില്ല. ഞാന്‍ അവരെയും വിട്ടിട്ടില്ല. റിയാലിറ്റി ഷോകള്‍ അധികം ശ്രദ്ധിക്കാറില്ലെങ്കിലും അതിലെ പുതിയ കുട്ടികളുടെ പാട്ടുകള്‍ കേള്‍ക്കാറുണ്ട്‌. ഞാനഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളാണ്‌ അവര്‍ മിക്കപ്പോഴും പാടുന്നതെന്നത്‌ ഏറെ ആഹ്ലാദം തരുന്നു. സിനിമയില്‍ ആ കാലഘട്ടത്തിലെ എല്ലാവരുടേയും നായികയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ജയഭാരതി പറഞ്ഞു. ചെയ്യുന്ന കര്‍മത്തോട്‌ ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും വേണമെന്നും അങ്ങനെ ചെയ്‌താല്‍ എന്തുകൊണ്ട്‌ എനിക്കു തരേണ്ടതു തന്നില്ല എന്നു ദൈവത്തോടു ധൈര്യമായി ചോദിക്കാമെന്നും ജയഭാരതി കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ എല്ലാ നിര്‍മാതാക്കളും കൃത്യമായി പണം തന്നിട്ടുണ്ട്‌. എന്റെ കയ്യില്‍ വണ്ടിച്ചെക്കുകളില്ല. ചെയ്യുന്ന ജോലിക്കു പ്രതിഫലം കിട്ടണമെന്ന നിര്‍ബന്ധം തുടക്കം മുതല്‍ക്കേ തനിക്കുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

ആരാണു പണം കിട്ടാതെ ജോലിചെയ്യാന്‍ താത്‌പര്യപ്പെടുകയെന്നും ജയഭാരതി ചോദിച്ചു. ഇന്നത്തെ നര്‍ത്തകിമാര്‍ ഒരുപാട്‌ ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നിയിട്ടുണ്ട്‌. എന്നാല്‍, തന്റെ കാലത്തുള്ളവര്‍ ഏതെങ്കിലും ഒരിനത്തില്‍മാത്രമേ ശ്രദ്ധ കൊടുത്തിരുന്നുള്ളൂ. ഭരതനാട്യത്തിലാണു താന്‍ കൂടുതല്‍ ശ്രദ്ധിച്ചതെന്നും അതില്‍തന്നെ ഇനിയും ധാരാളം പഠിക്കാനുണ്ടെന്നും ജയഭാരതി പറയുന്നു. മലയാളത്തില്‍നിന്ന്‌ ഇപ്പോഴും ഓഫറുകള്‍ ധാരാളമായി വരുന്നുണ്ട്‌. മകന്റെയൊപ്പം അമേരിക്കയിലും മറ്റുമായതിനാല്‍ പല നല്ല ഓഫറുകളും വേണ്ടെന്നുവയ്‌ക്കേണ്ടി വന്നു. സിനിമക്കാര്‍ക്കു സിനിമയിലൂടെ കിട്ടുന്ന പ്രശസ്‌തി കൈക്കുമ്പിളിലെ ജലം പോലെ സൂക്ഷിച്ചുകൊണ്ടുപോകണമെന്നും കിട്ടുന്ന പണം സൂക്ഷിച്ചു ചെലവഴിക്കണമെന്നും കഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കണമെന്നും ജയഭാരതി ഉപദേശിച്ചു. വടക്കുന്നാഥനു മുന്നില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ അവസരം കിട്ടിയതു വലിയ ഭാഗ്യമാണ്‌. മലയാളം എഴുതാനും വായിക്കാനും കഴിയാതെ പോയതില്‍ ഏറെ ദുഃഖമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.