Breaking News

Trending right now:
Description
 
Feb 25, 2014

കസ്‌തൂരി ..കസ്‌തൂരി ...നിന്‍ മാറത്തണയാന്‍ മോഹം, മച്ചാനെ പൊന്നു പിസി മച്ചാനെ .............

image

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടെന്നു കേട്ടാല്‍ പി.സിജോര്‍ജിന്‌ കലിപ്പുകള്‍ ഇറങ്ങി വരുമെന്നാണ്‌ നാട്ടുകരുടെ വിചാരം. കാരണം അതുമാതിരി കടുപ്പിച്ച തീരുമാനമല്ലേ അച്ചായന്‍ തട്ടിവിടുന്നത്‌. ഇലക്ഷനു മുമ്പ്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടു പിന്‍വലിച്ചില്ലെങ്കില്‍ മാണി സാര്‍ രാജി വയ്‌ക്കുമെന്നാണ്‌ പി.സിച്ചായന്റെ പ്രഖ്യാപനം.
അച്ചായന്റെ ഓരോ കലിപ്പിനു പിന്നില്‍ വലിയ രാഷ്ട്രീയ അര്‍ത്ഥങ്ങളുണ്ടെന്നു ഇടുക്കിയിലെ കപ്പ കഴിക്കുന്ന കൃഷിക്കാര്‍ക്കു മാത്രമല്ല പാസ്‌ത കഴിക്കുന്ന സോണിയാജിക്കു വരെ അറിയാം.
എന്നാലും മാണി സാറിനു അത്രപ്പെട്ടന്നു ഒഴിവാക്കുവാന്‍ സാധിക്കുന്ന ആത്മ ബന്ധമല്ല ആ കസേരയോടുള്ളത്‌.
എടുത്തുച്ചാട്ടക്കാരി ഭാര്യ കെട്ട്യോനോടു പിണങ്ങി പെട്ടിയും കുട്ടിയും എടുത്തു വീട്ടിലേക്കെന്നു പറഞ്ഞു ഇറങ്ങുന്നതുപോലെ പോകാമെന്ന ഒരു ബന്ധമല്ല മാണി സാറിന്‌ ധനകാര്യവകുപ്പുമായിട്ട്‌. ഒരു റിക്കാര്‍ഡ്‌ ബന്ധമാണ്‌. ഇരുന്നുകൊണ്ടും നിന്നു കൊണ്ടും വെള്ളം കുടിച്ചും കുടിക്കാതെയും അദ്ദേഹം ഇരുകൈ പരസ്‌പരം അറിയാതെ വാരി കൊടുത്ത കോടികളുടെ കഥ പറയാനുള്ള വകുപ്പ്‌. അങ്ങനെ ഒരുവിധം പരുവമാക്കി വച്ചിരിക്കുകയാണ്‌ മാണി സാര്‍ ആ വകുപ്പിനെ. മുഖ്യമന്ത്രിക്ക്‌ ഡീസല്‍ കാശു നല്‌കാന്‍ പോലും പണമില്ലാതെ വലയുന്ന നല്ലൊരു വകുപ്പ്‌.

ആ വകുപ്പാണ്‌ ഇടുക്കിയിലെ കര്‍ഷക പുത്രരുടെ ആത്മശാന്തിക്കായി പുല്ലു പോലെ വലിച്ചെറിയാന്‍ നമ്മുടെ പിസിച്ചായന്‍ പറയുന്നത്‌.
പിസിച്ചായനു ഇടുക്കിക്കാരോടും പെരുത്ത സ്‌നേഹവും അവിടെ ഇനിയും വെട്ടാത്ത മരങ്ങളോടും കിളിര്‍ക്കാത്ത പുല്ലിനോടും വെറുപ്പാണെന്നും ഇതു കേട്ട്‌ ആരും ചിന്തിക്കരുത്‌. കാരണം പി.സിച്ചായനു ആകെ വെറുപ്പ്‌ ഒരേ ഒരാളോടു മാത്രമാണ്‌ പി.ജെ ജോസഫിനോടും അദ്ദേഹത്തിന്റെ വാല്‍മാക്രി ചെക്കന്മാരോടുമാണ്‌. പിന്നെ കോണ്‍ഗ്രസിന്റെ ഒരു പത്തനംതിട്ടക്കാരന്‍ ചെക്കനോടും
അന്നൊരു നാളില്‍ കൊഞ്ചിയും കുഴഞ്ഞും കെ.എം മാണിയുടെ കൈയും പിടിച്ചു വീണ്ടും തറവാട്ടിലേക്ക്‌ പി.ജെ ജോസഫ്‌ കയറി വന്നപ്പോള്‍ തുടങ്ങിയ കലിപ്പുകളാണ്‌. പി.ജെ ജോസഫിനെ എങ്ങനെയെങ്കിലും സഹിക്കാമെന്നു വച്ചപ്പോഴാണ്‌ ഫ്രാന്‍സെന്നും കീന്‍സെന്നുമൊക്കെ പറഞ്ഞ കുറെ വാണാലു ചെക്കന്മാരും ലവന്മാരുടെ ഒരു പത്രാസും. അന്നേ ഞാന്‍ പറഞ്ഞതാ വരുന്നതു കൊള്ളാം ഈ വാണാലു ചെക്കന്മാകരോടു മിണ്ടാണ്ടു ഒരിടത്തു ഇരുന്നു കൊള്ളണമെന്ന്‌. എന്നാല്‍ ലവന്മാര്‍ വന്നതേ പി.സിയെ മര്യാദക്കാരനാക്കി പൂഞ്ഞാറു പള്ളിയിലെ രൂപക്കൂട്ടില്‍ ഇരുത്തിയെ അടങ്ങുവെന്ന്‌.
അന്നേ നോക്കി വച്ചതാ ഫ്രാന്‍സു ചെക്കനെ. ചെക്കനു വലിയ മോഹമാണ്‌ പാര്‍ലമെന്റു സീറ്റ്‌. ആ സീറ്റു കൊടുക്കാതിരിക്കായി സകല പണിയും ഞാന്‍ പണിയും മോനെ ഫ്രാന്‍സേ എന്നു അന്നു മനസില്‍ ഉറപ്പിച്ചതാ. അതിനായി കഴിഞ്ഞ ആറുമാസമായി വര്‍ക്ക്‌ ചെയ്യുന്നുണ്ട്‌.
ഇന്നു ചെക്കനിട്ടു പണിയാനാണ്‌ പിസിച്ചായന്‍ ആ നമ്പര്‍ ഇറക്കിയത്‌. കസ്‌തൂരിക്കായി മാണി സാര്‍ മന്ത്രി സ്ഥാനം ഉപേക്ഷിക്കും. അപ്പോള്‍ കേരള കോണ്‍ഗ്രസുകാരന്റെ കണ്ണു നിറഞ്ഞേ... ബിഷപ്പിന്റെ കണ്ണു നിറഞ്ഞേ...
വേണ്ട മാണി സാറേ ഞങ്ങള്‍ ആനയുടെ കുത്തോ മലപാമ്പിന്റെയോ കടിയോ കൊണ്ടു മരിച്ചു വീണോളാം. എന്നാലും മാണി സാര്‍ രാജി വയ്‌ക്കരുതെന്ന ഒരു നിലവിളി കോറസായി കേട്ടോ., അതാണ്‌ ഇടുക്കിയിലെ കേരള കോണ്‍ഗ്രസ്‌. അപ്പോള്‍ ബിഷപ്പും ഹാപ്പി കേരള കോണ്‍ഗ്രസും ഹാപ്പി.
ഇനിയും പള്ളീലച്ചന്മാര്‍ക്ക്‌ പറയാന്‍ പറ്റുമോ കേരള കോണ്‍ഗ്രസ്‌ കസ്‌തൂരിക്ക്‌ അനുകൂലമാണെന്ന്‌, മാണി സാര്‍ എതിരാണെന്ന്‌.
ഫ്രാന്‍സീസ്‌ ജോര്‍ജിന്‌ സീറ്റു ഉറപ്പായി അടുത്ത പ്രാവശ്യം വാങ്ങി തരാമെന്നു പറഞ്ഞാണ്‌ ബിഷപ്പും കൂട്ടരും ഇനിയൊരു രണ്ടാം വിവാഹമില്ലെന്നു പറഞ്ഞു പ്രാര്‍ത്ഥനയും ധ്യാനവുമായി കഴിഞ്ഞ പി.ജെ ജോസഫിനെ നിര്‍ബന്ധിച്ചു മാണിയെ കൊണ്ടു മിന്നു കെട്ടിച്ചത്‌. പി.ജെ ജോസഫിന്റെ മക്കളെ സ്വന്തമക്കളായി കരുതാമെന്ന ഉറപ്പിലാണ്‌ മാണി സാര്‍ മിന്നു വച്ചതും. എന്നിട്ടോ ? ആദ്യ ഭാര്യയായ പി.സിച്ചായന്റെ കുത്തും ഞാണ്ടും സഹിക്കേണ്ട ഗതികേടാണ്‌ ജോസഫിനു ം മക്കള്‍ക്കും ഇപ്പോള്‍
പി.സിച്ചായനെ ഗുണദോഷിച്ചു നന്നാക്കാനൊന്നും മാണി സാര്‍ ശ്രമിക്കത്തില്ല . പി.സിച്ചായന്‍ പട്ടമഹിഷിയെപ്പോലെ ഓരോ തീരുമാനം പറയും രാജാവ്‌ അങ്ങ്‌ കല്‌പിച്ചാല്‍ മതിയെന്നാണ്‌ നയം. പക്ഷേ പിസിച്ചായന്‍ നയം വ്യക്തമാക്കുമ്പോള്‍ മാണിസാറിന്റെ മനസു കണ്ടു പറയുന്നതു പോലെ തോന്നില്ലേ. ഭര്‍ത്താവിന്റെ മനസു വര വണ്ണം തെറ്റിക്കാത്ത നല്ല ഭാര്യ.

രണ്ടു സീറ്റു വേണമെന്നാണ്‌ കേരള കോണ്‍ഗ്രസിന്റെ ആവശ്യം. മാണിസാറിന്റെ ആവശ്യം. രണ്ടു സീറ്റില്ലാത്തതു കൊണ്ടാണല്ലോ ജോസ്‌ മോന്‍ മന്ത്രിയാകാതെ പോയത്‌ എന്തു കൊതിയായിരുന്നു അപ്പച്ചനു അതു കാണാന്‍.
അതു രണ്ടും വേണമെന്നു തന്നെയാണ്‌ പിസിച്ചായനും പറയുന്നത്‌. ഇടുക്കി വേണമെന്നു നിര്‍ബന്ധമില്ല തിരുവനന്തപുരമോ കണ്ണൂരോ എന്നുവേണ്ട വാലു പോലെ കിടക്കുന്ന കേരളത്തിലെവിടെയും കേരള കോണ്‍ഗ്രസുണ്ട്‌. ഈ അണ്ഡകടാഹം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണ്‌.

അതുകൊണ്ടുതന്നെ പത്തനംതിട്ടയായാല്‍ എന്താണ്‌ കുഴപ്പം. നല്ല സ്ഥലമല്ലേ ? എന്താ അവിടെ കേരള കോണ്‍ഗ്രസിന്‌ ആള്‍ക്കാരില്ലേ? പത്തനംതിട്ടയായാല്‍ രണ്ടുണ്ട്‌ ഗുണം. കോണ്‍ഗ്രസിന്റെ ഒരു കുരുത്തം കെട്ട ആന്റോ ആന്റണിയെന്ന ഒരു ചെക്കനുണ്ട്‌ അവിടെ ലവന്റെ പണിയും തീരും ഫ്രാന്‍സിന്റെയും കൂട്ടരുടെയും വെട്ടിക്കെട്ടു പെരുന്നാളു നടത്താം. രണ്ടിനെയും ഒരു വഴിക്ക്‌ വിടാം. അതാണ്‌ പി.സിച്ചായന്‍ പറയുന്നത്‌.

പണ്ടൊരു കാമുകന്‍ ചെക്കന്‍ പറഞ്ഞ മാതിരി ഇങ്ങനെ പറയാം.
ഒന്നുങ്കില്‍ അവന്‍(ഫ്രാന്‍സ്‌) ചാണകം. ഇല്ലെങ്കില്‍ ലവന്‍(ആന്റോ ആന്റണി) ചാണകം അല്ലെങ്കില്‍ വേണ്ട മാണി സാര്‍ എന്തിനു ചാണകമാകണം. അല്ലെങ്കില്‍ അവനും ലവനും ചാണകമാകട്ടെ.....