Breaking News

Trending right now:
Description
 
Feb 25, 2014

ചെടിത്തലപ്പുകള്‍കൊണ്ടു തീര്‍ത്തൊരു അശ്ലീലം

കുറുമാലി
image വൃത്തിയുള്ള ട്രെയിനുകളുണ്ടാവാന്‍ എന്തുവേണം എന്നൊരു ചോദ്യമെറിഞ്ഞ്‌ ചലപിലാ ചിലച്ചുകൊണ്ടേയിരിക്കുകയാണ്‌ റേഡിയോ ജോക്കി. ഉത്തരങ്ങള്‍ എത്രവേണമെങ്കിലും പോരട്ടെ എന്ന മട്ടില്‍ വര്‍ത്തമാനം നീളുമ്പോള്‍ എന്തുപറഞ്ഞിട്ടാണെങ്കിലും നാട്ടുകാര്‌ നാലുപേര്‌ തന്റെ പേരൊന്നു കേള്‍ക്കട്ടെ എന്ന മട്ടില്‍ വിളി വന്നുകൊണ്ടേയിരുന്നു.

ട്രെയിനുകളില്‍ എഴുതിയെഴുതി വൃത്തികേടാക്കുന്നതിന്‌ പരിഹാരമായി വൈറ്റ്‌ബോര്‍ഡ്‌ സ്ഥാപിക്കണമെന്നായിരുന്നു ഒരു നിര്‍ദ്ദേശം. അതാകുമ്പോള്‍ എഴുതാനുള്ളവന്‌ എഴുതാം. അത്‌ കണ്ടിട്ട്‌ അശ്ലീലമെന്നു തോന്നുന്നവന്‌ മായിക്കാം. നല്ല നിര്‍ദ്ദേശം, നൂറായിരം നന്ദി വീണ്ടുംവിളിക്കണേ... എന്നു പറഞ്ഞ്‌ ആര്‍ജെ കോളറെ പറഞ്ഞുവിട്ടു.

കാണുന്നവന്റെ കണ്ണിലാണ്‌ അശ്ലീലമെന്ന്‌ പണ്ടേ പറയാറുണ്ടെങ്കിലും കൊണ്ടറിഞ്ഞത്‌ കുറെനാള്‍ മുമ്പാണ്‌. അതും വിദ്യയുടെ ഉത്തുംഗശൃംഘമെന്നു ഘോഷിക്കപ്പെടുന്ന കുസാറ്റില്‍.

അവിടെ അത്യാവശ്യം കലാവിരുതുള്ളൊരു തോട്ടക്കാരന്‍ തന്റെ സമയവും ക്ഷമയും സൗന്ദര്യബോധവും ചെലവഴിച്ച്‌ വര്‍ഷങ്ങള്‍കൊണ്ട്‌ തീര്‍ത്തൊരു ശില്‌പത്തില്‍ നിറയെ അശ്ലീലം കണ്ടെത്തിയത്‌ വനിതകളുടെ ശാക്തീകരണം ഒസ്യത്തായി കിട്ടിയെന്ന്‌ അവകാശപ്പെടുന്ന സംഘടന തന്നെ. ഈ ശില്‌പംമൂലം സര്‍വകലാശാലയിലെ സ്‌ത്രീകളുടെ അന്തസ്‌ ഇടിഞ്ഞുപോകുന്നുവെന്നും അവരെ ലൈംഗീകതയുടെ കണ്ണുകളോടെ കാണുന്നുവെന്നുമൊക്കെ ഇംഗ്ലീഷില്‍ തയാറാക്കിയ പരാതിയില്‍ പറയുന്നു. ഇത്രയും വര്‍ഷങ്ങളിലായി ദിവസവും ആയിരക്കണക്കിനുപേര്‍ കണ്ടുമടങ്ങിയ സാഗരകന്യകയുടെ ചെടിശില്‌പത്തില്‍ ഇപ്പോള്‍ അശ്ലീലം കണ്ടെത്തിയത്‌ എങ്ങനെയെന്നു മാത്രം ചോദിക്കരുത്‌.

സംഘടന ഒരുമ്പെട്ടിറങ്ങിയതോടെ ചര്‍ച്ചകളായി. അന്വേഷണമായി. മാറിടത്തെ സൂചിപ്പിക്കുന്ന ഏതാനും ചെടിത്തലപ്പുകളിലാണ്‌ അശ്ലീലമെന്ന്‌ അന്വേഷണസംഘം കണ്ടെത്തി. അതിനു പരിഹാരം കാണാന്‍ ചര്‍ച്ചകള്‍ പൊടിപൊടിച്ചു. ചുറ്റും ചെടികള്‍ നട്ട്‌ മറയ്‌ക്കാമെന്നൊരു നിര്‍ദ്ദേശം വച്ചത്‌ തോട്ടക്കാരന്‍ തന്നെയായിരിക്കണം. കുത്തനെ കൂട്ടമായി കരുത്തോടെ വളരുന്ന ചുവന്ന പനകള്‍ ശില്‌പത്തിനും ചുറ്റും നട്ടുപിടിപ്പിച്ചു. അതുകൊണ്ടൊന്നും കലിയടങ്ങാതെ മാറിടം ഛേദിക്കാന്‍തന്നെ ഉത്തരവു വന്നു. അത്‌ നടപ്പാക്കുകയും ചെയ്‌തു.

മാറിടം മാത്രം വെട്ടിയൊതുക്കിയ ശില്‍പ്പത്തിനു സമീപം അതിന്റെ ഉടയോന്‍ നില്‍ക്കുന്നതിന്റെ ചിത്രം പത്രത്തില്‍ കണ്ടു. വെട്ടിക്കളഞ്ഞപ്പോഴല്ലേ അശ്ലീലം പുറത്തറിഞ്ഞത്‌ എന്ന ചോദ്യം അധികമാരും കേട്ടതായി തോന്നിയില്ല. വെട്ടിക്കളയാതെ ചെടി വളരാന്‍ വിട്ടെങ്കില്‍ അതായിരുന്നു ഇതിലും ഭേദം എന്നായിരുന്നു തോട്ടക്കാരന്റെ ഹൃദയംനുറുങ്ങിയുള്ള പ്രതികരണം.

ചെടിയിലെ ശില്‌പം മാത്രമല്ല സര്‍വകലാശാലയില്‍ എവിടെ അശ്ലീലത്തിന്റെ പൊട്ടോ പൊടിയോ കണ്ടാലും വെട്ടിമാറ്റുമെന്ന്‌ ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തിയ പിവിസി (പൈപ്പ്‌ ഉണ്ടാക്കുന്ന രാസമിശ്രിതം അല്ല - പ്രൊ വൈസ്‌ചാന്‍സിലര്‍) അന്വേഷണം നടത്തി കണ്ടെത്തി.

അങ്ങനെയിരിക്കെയാണ്‌ ഒരു മുന്നറിയിപ്പ്‌ മെയിലില്‍ കിട്ടിയത്‌. നിങ്ങളുടെ മൊബൈല്‍ ഫോണുകളും കംപ്യൂട്ടറുകളും കാമറകളും നന്നാക്കാന്‍ കൊടുക്കുന്നതിനുമുമ്പ്‌ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ചാണ്‌ മുന്നറിയിപ്പ്‌. മെമ്മറി കാര്‍ഡുകളിലെ വിവരങ്ങള്‍ എത്ര മായ്‌ച്ചുകളഞ്ഞാലും തെളിച്ചെടുക്കാന്‍ സോഫ്‌റ്റ്‌വെയറുകള്‍ എത്രവേണമെങ്കിലും വിപണിയിലുണ്ടെന്നും അതുകൊണ്ട്‌ ജാഗരൂകരാകുക എന്നുമാണ്‌ സന്ദേശത്തിന്റെ സാരംാശം.

മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങളുടെ തലവെട്ടിയെടുത്തും ഉടല്‍ വെട്ടിച്ചേര്‍ത്തും സമാസമം ചേര്‍ക്കാന്‍ ഇവിടെ ടെക്‌നീഷന്‍മാര്‍ റെഡി. നന്നാക്കാന്‍ കൈമാറുന്ന ഫോണുകളിലും കാമറകളിലും കംപ്യൂട്ടറുകളിലും എന്തെങ്കിലും തടയുമോ എന്നാണ്‌ അവര്‍ ആദ്യം നോക്കുന്നതത്ര. അത്‌ അടിച്ചുമാറ്റി വെട്ടിയൊട്ടിച്ചാല്‍ ചോദിക്കുന്ന പൈസയാണ്‌.

ചിത്രം അശ്ലീലമാകണമെന്നൊന്നുമില്ല. കാണാന്‍ കൊള്ളാവുന്ന ആരുടെ ചിത്രത്തിനും ഡിമാന്‍ഡാണത്രേ. മലയാളി ആന്റിയെന്നും അമ്മായിയെന്നും പേരിട്ടാല്‍ സാധനം ഹോട്ട്‌. വാട്ടര്‍ തീംപാര്‍ക്കിലോ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലോ മറ്റു വിനോദപരിപാടികള്‍ക്കോ പോയി കരയില്‍ നില്‍ക്കുന്നവരുടെ ചിത്രമാണെങ്കില്‍ പോലും അവരെ സിമ്മിംഗ്‌പൂളില്‍ ഇറക്കാനുള്ള സാങ്കേതികവിദ്യ അവര്‍ക്കറിയാം. ഇത്തരം ചിത്രങ്ങള്‍ക്കായി ടിക്കറ്റെടുത്ത്‌ കയറിയവര്‍ കരയില്‍നിന്നു പകര്‍ത്തിയതാണെങ്കില്‍ പറയാനുമില്ല...

ഇത്തരം സാധ്യതകളുടെ പേരില്‍ മൊബൈല്‍ ഫോണിനെ നിരോധിക്കാന്‍ ആരെങ്കിലും ആവശ്യപ്പെടുമോ എന്തോ? ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുക: globalmalayalam@gmail.com