Breaking News

Trending right now:
Description
 
Feb 22, 2014

വേനല്‍ക്കാലത്ത്‌ ത്വക്ക്‌ സംരക്ഷണം നിര്‍ബന്ധം

image നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണു ത്വക്ക്‌. സൗന്ദര്യ സംരക്ഷണം ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും ലക്ഷ്യം ആരോഗ്യത്തോടൊപ്പം സൗന്ദര്യം നിലനിര്‍ത്താന്‍ പ്രയോജനപ്രദമായ ഒരു ജീവിതരീതിയായിരിക്കണം. ഇതിനു വളരെയധികം പരിചരണം കൊടുക്കേണ്ട സമയമാണു ചൂടുകാലം. സൂര്യപ്രകാശം അധികമായി ത്വക്കില്‍ അടിക്കമ്പോള്‍ ചര്‍മ്മത്തില്‍ കറുത്തപാടുകള്‍, ചുളിവുകള്‍ എന്നിവ ഉണ്ടാകും. അതുകൊണ്ടുതന്നെ ചൂടുകാലത്ത്‌ പ്രായഭേദമെന്യേ ത്വക്കിനു സംരക്ഷണം നല്‍കണം. സൂര്യരശ്‌മികള്‍ ചര്‍മത്തില്‍ പതിഞ്ഞു ചര്‍മ്മഭംഗി കുറയാതിരിക്കാന്‍ സണ്‍സ്‌ക്രീന്‍ ലേപനങ്ങളും ക്രീമുകളും പുരട്ടണം. സൂര്യപ്രകാശം ഏല്‍ക്കുന്നതിനു പത്തുമിനിറ്റു മുമ്പ്‌ ഈ ലേപനങ്ങള്‍ പുരട്ടാം. വേനല്‍ക്കാലത്ത്‌ കുട ചൂടുന്നതും സൂര്യരശ്‌മികള്‍ ചര്‍മ്മത്തില്‍ പതിയുന്നതു തടയും. ചൂടുകാലത്തു ത്വക്കില്‍ നിന്നും ധാരാളം ജലാംശം നഷ്‌ടപ്പെടുന്നു. അതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കണം. ദിവസത്തില്‍ ഒരു തവണയെങ്കില്‍ ജ്യൂസ്‌ പതിവാക്കുക. പുളിരസമുള്ള പഴങ്ങളിലും പച്ചക്കറികളും ധാരാളം വിറ്റാമിന്‍-സി അടങ്ങിയിട്ടുണ്ട്‌. ഇതു ശരീരത്തെ സൂര്യതാപത്തില്‍ നിന്നും മറ്റു അന്തരീക്ഷ മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. ചര്‍മ്മത്തിലെ പാടുകള്‍ മാറുന്നതിനും ചര്‍മ്മത്തിലുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങുന്നതിനും വിറ്റാമിന്‍-സി സഹായിക്കുന്നു. സൂര്യതാപം അധികം ഏല്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ ഓറഞ്ച്‌ കൊണ്ടു മുഖത്തു ഉരസുകയോ മോരുകൊണ്ടു മുഖം കഴുകുകയോ ചെയ്യുന്നതു മുഖത്തെ കരുവാളിപ്പു തടയാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്കു ചൂടു സമയത്തു സെബേഷ്യസ്‌ ഗ്രന്ഥിയുടെ അധികപ്രവര്‍ത്തനഫലമായി മുഖക്കുരു അധികമാകാന്‍ ഇടയുണ്ട്‌. ഇതിനെ പ്രതിരോധിക്കാനായി ഫേസ്‌ വാഷുകൊണ്ടു മുഖം കഴുകണം. അതിനുശേഷം റോസ്‌ വാട്ടര്‍ കൊണ്ടോ വെളളരിക്കകൊണ്ടോ ടോണ്‍ ചെയ്യുക. കടലമാവു മുഖത്തു പാക്കായി ഇട്ടാല്‍ അധികമുള്ള എണ്ണയെ വലിച്ചെടുക്കും. ഇതുമൂലം ചര്‍മ്മത്തിലെ എണ്ണമയം കുറയ്‌ക്കാന്‍ സാധിക്കും. ചര്‍മ്മകാന്തിക്കു ജീവിതരീതി ഒരു പ്രധാന ഘടകമാണ്‌. മിതമായ വ്യായാമം, ക്രമമായ ഭക്ഷണം, ആന്തരികാവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനം, ആരോഗ്യകരമായ അന്തരീക്ഷം. മനസുഖം എന്നിങ്ങനെ ധാരാളം കാര്യങ്ങളെ ആശ്രയിച്ചാണു ശരീരചര്‍മ്മ സൗന്ദര്യം നിലനില്‍ക്കുന്നത്‌.