Breaking News

Trending right now:
Description
 
Feb 21, 2014

എക്‌സൈസ്‌ നികുതി കുറച്ചു; വാഹനങ്ങളുടെ വില കമ്പനികള്‍ താഴ്‌ത്തി

image രാജ്യത്തെ പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ വില കാര്യമായി താഴ്‌ത്തി. ഇടക്കാല ബജറ്റില്‍ എക്‌സൈസ്‌ നികുതി കുറച്ചതിനെത്തുടര്‍ന്നാണു വിവിധ വാഹനങ്ങളുടെ വില കുറയ്‌ക്കാന്‍ കമ്പനികള്‍ തയാറായത്‌. മാരുതി സുസുകി, ഹ്യുണ്ടായ്‌, ഹോണ്ട, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, ഫോക്‌സ്‌വാഗന്‍, ഫിയറ്റ്‌ തുടങ്ങിയ കമ്പനികള്‍ വില കുറയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. മാരുതി വാഹനങ്ങള്‍ക്ക്‌ 8502 രൂപ മുതല്‍ 30,984 രൂപ വരെ വില കുറയും. ഹ്യുണ്ടായ്‌ 10,000-1,35,000 രൂപ, ഫോക്‌സ്‌വാഗന്‍ 14,500-51,000 രൂപ, മഹീന്ദ്ര 13000-49,000 രൂപ, ഫിയറ്റ്‌ 8000-12,000 രൂപ എന്നിങ്ങനെ വിവിധ മോഡലുകള്‍ക്കു വില കുറച്ചു. മഹീന്ദ്ര സാംഗ്യോംഗ്‌ റെക്‌സ്‌ടണ്‍ ആഡംബര എസ്‌യുവിക്ക്‌ 92,000 രൂപ വരെ വില കുറയും. ബജറ്റില്‍ കാര്‍, സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്‌ക്ക്‌ നികുതി 12 ശതമാനത്തില്‍ നിന്ന്‌ എട്ടു ശതമാനമായി കുറച്ചു. എസ്‌യുവിക്ക്‌ 30ല്‍ നിന്ന്‌ 24 ശതമാനമാക്കി. ഇടത്തരം കാറുകളുടേത്‌ 24ല്‍ നിന്ന്‌ 20 ആയും വലിയ കാറുകള്‍ക്ക്‌ 27ല്‍ നിന്ന്‌ 24 ശതമാനമായും നികുതി കുറച്ചു. ഫോക്‌സ്‌വാഗന്‍ പോളോയ്‌ക്ക്‌ 18,000-31,000 രൂപ, വെന്റോ 14,500-27000 രൂപ, ജെറ്റ 38000-51,000 രൂപ എന്നിങ്ങനെ കുറയും. നിസാന്റെ മൈക്ര ആക്‌ടിവ, മൈക്ര, സണ്ണി, ഇവാലിയ, ടെറാനോ, ടിയാന എന്നിവയ്‌ക്ക്‌ നാലുമുതല്‍ ആറുവരെ ശതമാനം വില കുറയും. മൂന്നരലക്ഷം രൂപ മുതല്‍ 25.47 ലക്ഷം രൂപ(എക്‌സ്‌ഷോറൂം) വിലയുള്ള വാഹനങ്ങളാണു നിസാന്റേത്‌.