Breaking News

Trending right now:
Description
 
Feb 20, 2014

എവിടെച്ചെന്നാലാ ബിരിയാണി കിട്ടുകാന്ന് ആര്‍ക്കാ അറിയുക....

Laly
image ആദിയില്‍ വചനമുണ്ടായി.

ഈ വചനം മാത്രം കേട്ട് എത്ര നാള്‍ ജീവിക്കും..? ദൈവത്തിനു ശരിക്കും ബോറടിച്ചു. എന്നാല്‍ പിന്നെ തനിക്ക് തട്ടി ക്കളിക്കാന്‍ കുറച്ച് ജീവികളെ ഉണ്ടാക്കാം എന്നായി ദൈവത്തിന്റെ ചിന്ത.. പിന്നെ താമസിച്ചില്ല.

ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.. രാവും പകലും പിന്നെ മനുഷ്യനാവശ്യമുള്ളതു മുഴുവനും യുക്തം പോലെ സൃഷ്ടിച്ചു... വര്‍ഷത്തെ മാസങ്ങളായും ആഴ്ചകളായും ദിവസങ്ങളായും മണിക്കൂറുകളായും വിഭജിച്ചു... ...ആഴ്ചയിലെ ഓരോ ദിവസങ്ങളെ ഓരോ മതക്കാര്‍ക്കും എഴുതിക്കൊടുത്തു.. വെള്ളിയാഴ്ച ഉച്ച മുസ്ലീങ്ങള്‍ക്ക്, ഞായറാഴ്ച ക്രിസ്ത്യാനികള്‍ക്ക്, ചൊവ്വായും വെള്ളിയും രാവിലെയും രാത്രിയും ഹിന്ദുക്കള്‍ക്ക് എന്നൊക്കെ... അങ്ങനെ എല്ലാ മതക്കാരും നല്ല സൌഹാര്‍ദ്ദത്തോടെ ട്രാഫിക് ജാമുണ്ടാക്കാതെ കഴിഞ്ഞു വന്നു...

പക്ഷേ ഞങ്ങള്‍എറണാകുളംകാര്‍ക്ക് ദൈവത്തിന്റെ ഈ മതസൌഹാര്‍ദ്ദ സിദ്ധാന്തമൊന്നും അത്രക്കങ്ങട് പിടിച്ചില്ല. വരുത്തി അന്തോണീസ് പുണ്‍യ്യാളനെ യൂറോപ്പില്‍ നിന്നും .. എന്നിട്ട് ചൊവ്വാഴച ഒരു മതക്കാര്‍ക്ക് മാത്രമെന്ന കുത്തക പൊളീച്ച്, ഒരു ചൊവ്വാഴ്ചപ്പള്ളിയും സ്ഥാപിച്ച് ഇഷ്ടം പോലെ ട്രാഫിക് ജാമുമുണ്ടാക്കിക്കൊടുത്തു. ..ഒരിക്കലും അന്ന്‍ സമയത്ത് ഓഫീസിലോ കോളേജിലോ ഒന്നുമെത്താനാവില്ല. അന്നാണു സെന്റ് ആന്റണീസ് പുണ്യാളന്‍ ഭക്ത ജനങ്ങള്‍ക്ക് അനുഗ്രഹം വാരിക്കൊടുക്കുന്ന ദിവസം... എറണാകുളത്തും വിദൂര പരിസരങ്ങളില്‍ നിന്നുള്ള മിക്കവാരും പെണ്ണുങ്ങള്‍ (ഇപ്പോ ആണുങ്ങളുമുണ്ട്) ചൊവ്വാഴ്ചയെന്നൊരു ദിവസമുണ്ടെങ്കില്‍ കലൂരു വന്നിരിക്കും.. അതിനു മത ഭേദം പോലുമില്ല.. എന്നുവച്ചാല്‍ ഏതു ഭാഗത്തൂന്നാ അനുഗ്രഹം വരുകാന്ന് പറയാന്‍ പറ്റില്ലല്ലോ.. പത്ത് ചൊവ്വാഴ്ചകള്‍ ഒരുമിച്ച് നൊവേനയില്‍ പങ്കെടുത്താ ഉദ്ദിഷ്ടകാര്യം നേടുമത്രെ...

അനുഗ്രഹം..!! അതു ഞങ്ങള്‍ മലയാളികള്‍ എവിടന്നു കിട്ടിയാലും മേടിക്കും.. ആറ്റുകാലമ്മച്ചീടെം കാഞ്ഞിരമറ്റം തങ്ങള്‍ടെം അനുഗ്രഹം വാങ്ങുന്നവരൊക്കെ ഹിന്ദുക്കളും മുസ്ലീങ്ങളും മാത്രമൊന്നുമല്ല.. എവിടെ ച്ചെന്നാലാ ബിരിയാണി കിട്ടുകാന്ന് ആര്‍ക്കാ അറിയുക.....

പിന്നെ പള്ളിപ്പരിസരങ്ങളില്‍ നിറയെ കച്ചവടക്കാരും ഭിക്ഷാടനക്കാരുമെല്ലാമായി തിരക്കോട് തിരക്കു തന്നെയാകും.. നല്ലവിലക്കുറച്ച് പച്ചക്കറി കിട്ടുന്നതിനാല്‍ സ്ത്രീകള്‍ക്ക് ഈ പള്ളി സന്ദര്‍ശനം കൊണ്ടുള്ള അനുഗ്രഹം രണ്ടാണു..

ഇവിടത്തെ പ്രധാന നേര്‍ച്ച മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കലാണു.. അതും ഒരു കൂടു മുഴുവന്‍.. ഒരു ദിവസം തന്നെ കത്തി ത്തീരുന്ന മെഴുകു തിരിക്ക് ഇവിടെ കണക്കില്ല.. ഒരുപകാരവുമില്ലാതെ വേസ്റ്റായി പ്പോകുന്ന എനര്‍ജി അത്രക്കുണ്ട്. പിറ്റേ ദിവസം രാവിലെ അതുവഴി കടന്നു പോകുമ്പോള്‍ കാണാം ചാക്കുകെട്ടുകള്‍ നിറയെ മെഴുകുതിരിക്കൂടുകള്‍.. എല്ലാം ഒരേ ബ്രാന്റ്.. കുത്തകകള്‍ അവിടെയും പിടി മുറുക്കിയിരിക്കുന്നു... വേനല്‍ക്കാലമായാല്‍ പള്ളിപ്പരിസരങ്ങള്‍ നനക്കാന്‍ പ്രത്യേകം ആള്‍ക്കാരെ ഏര്‍പ്പാടു ചെയ്തിട്ടുണ്ട് .. അല്ലെങ്കില്‍ അവിടെ നിലത്തൊക്കെ വീണ് കിടക്കുന്ന മെഴുക് ഉരുകി അപകടമുണ്ടാകാറുമുണ്ട്.. ചിലപ്പോ കട്ടപിടിച്ച് കിടക്കുന്ന ഈ മെഴുകൊക്കെ ഇളക്കിയെടുത്ത് കൊണ്ടു പോയി പുതിയ മെഴുകുതിരി ഉണ്ടാക്കുന്നുണ്ടാകുമായിരിക്കാം.. അങ്ങനെ ഉണ്ടാക്കുന്ന മെഴുകുതിരി കത്തിച്ചാല്‍ ഒരേ മെഴുകുതിരിയി രണ്ടനുഗ്രഹം പുണ്‍യ്യാളന്‍ കൊടുക്കുമായിരിക്കുമോ..?

ഓഫീസിലെ പലരും സമയമില്ലാത്തപ്പോള്‍ എന്റെ കൈയ്യില്‍ പൈസ തന്നു വിട്ട് തിരി കത്തിക്കാന്‍ പറയാറുണ്ട്... ഞാനാ പൈസ അവിടിരിക്കുന്ന ഏതെങ്കിലുംധര്‍മ്മക്കാര്‍ക്ക് കൊടുക്കും.. എന്നെ ക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ.. . ഒരു പത്ത് വര്‍ഷമെങ്കിലുമായി ഞാന്‍ കാണുന്ന അതേ ഭിക്ഷക്കാര്‍ തന്നെയാണിപ്പോഴും. എനിക്ക് മനസ്സിലാകാത്തത് ഇവരൊന്നും പുണ്യാളനോടൊന്നും അപേക്ഷിക്കുന്നുണ്ടാവില്ലേ എന്നാണു.. വര്‍ഷങ്ങളായി നൊവേന കേട്ടിട്ടും പങ്കെടുത്തിട്ടും ഒരു യൂസഫലി ആയില്ലെങ്കില്‍ വേണ്ട ഒരു നിയാസ് മരിക്കാറെങ്കിലും ആകാതെ പോയതെന്താ ഇവര്‍ എന്നാണു..

ഓഫീസ് വിട്ട് അതു വഴി വരുന്ന ദിവസങ്ങളില്‍ മൈക്കില്‍ ക്കൂടി കേള്‍ക്കാറുണ്ട്.. പുണ്യാളന്‍ പ്രവര്‍ത്തിച്ച അല്‍ഭുതങ്ങളുടെ കണക്കുകള്‍..

മദ്യപാനം നിര്‍ത്തിച്ചത് - 20 (കുടി നിറുത്തണമെന്നാഗ്രഹമുള്ള എല്ലാ ഫേസ്ബുക്ക് കുടിയന്‍സും നോട്ട് ദ് പോയിന്റേ..)
ജോലി കിട്ടിയത് - 18 (അവര്‍ കത്തിക്കുന്ന മെഴുകുതിരികളുടെ എണ്ണം കൂട്ടുമാ‍റാകട്ടെ)
അസുഖം മാറിയത് - 34 (ഇപ്പോ ഭക്തി എന്നൊരസുഖം മാത്രം)
കുടുംബ സമാധാനം കിട്ടിയത് - 8
കുട്ടികളുണ്ടായത് - 55 (നാട്ടിലെ എല്ലാ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളും പൂട്ടുക.. അത്രയേറെ ചെലവേറിയ ഈ ചികിത്സ പുണ്യാളന്‍ വെറും അഞ്ചോ പത്തോ മെഴുകുതിരിക്കൂടുകള്‍ കൊണ്ട് സാധിച്ചു തരും..)
കടം വീട്ടിയത് - 14 (കടം കയറി മുച്ചൂടും മുടിഞ്ഞിരിക്കുന്ന ഇന്ത്യാ ഗവണ്മെന്റിനു ഒന്നു പരീക്ഷിക്കാവുന്നതാണു)
കല്യാണം കഴിപ്പിച്ചത് - 13 (പള്ളിക്കത്രയും കൂടി വരുമാനമായി.. ഇനി മുതല്‍ അവര്‍ക്ക് മുകളിലുള്ള ഏതെങ്കിലും പ്രശ്നങ്ങള്‍ക്ക് പുണ്യാളനുമായ് ബന്ധപ്പെടാം)

മോഷണം പോയതും, കാണാതായതുമായ വസ്തുക്കള്‍ തിരിച്ചു കിട്ടിയത് - 22 (എന്റമ്മേ..!! ദിവസവും നഷ്ടപ്പെടുന്ന കുറേ സാധങ്ങളാണു മനസ്സില്‍.. ചീപ്പ് മുതല്‍ സേഫ്റ്റിപിന്ന് വരെ, കുക്കറിന്റെ വെയ്റ്റ് മുതല്‍ സ്പൂണ്‍ വരെ. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു നേര്‍ച്ച പ്ലാന്‍, സ്കീം ഇതിനായി അനുവദിക്കുമോ ആവോ.. ഒരു വര്‍ഷത്തേക്ക് , ആറു മാസത്തേക്ക് എന്നിങ്ങനെ..?)

കഴിഞ്ഞ ദിവസമാണു പള്ളിയുടെ തൊട്ടടുത്ത സ്ഥാപനത്തില്‍ കയറി കുറച്ച് കാത്തു നില്‍ക്കേണ്ടി വന്നപ്പോള്‍ പള്ളിയില്‍ നിന്നും മറ്റൊരനൌണ്‍സ്മെന്റ് കേട്ടത്...

“ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്... കയ്യിലുള്ള പേഴ്സും ആഭരണങ്ങളും സൂക്ഷിക്കുക.. പള്ളിപ്പരിസരങ്ങളില്‍ മോഷണം, പിടിച്ചു പറി, പോക്കറ്റടി എന്നിവ വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍ പ്പെട്ടിരിക്കുന്നു... ആന്റ് കീപ് യുവര്‍ വെഹിക്കിള്‍സ് അറ്റ് യുവര്‍ ഓണ്‍ റിസ്ക്..) 

എന്താല്ലേ..? പാവം പുണ്യാളനു എന്തെല്ലാം നോക്കിയാലാ.. ഇനിയിപ്പോ ഈ മോഷണവസ്തുക്കളൊക്കെ മേടിച്ച് തിരിച്ചു കൊടുക്കണം..

“എന്റെ അന്തോണീസ് പുണ്യാളാ.. ഇങ്ങളു കൊലപാതകക്കേസ് അന്വേഷിക്കുമോ..? ചിലരെയൊക്കെ വിശുദ്ധരാക്കാന്‍ വേണ്ടിയാ..”

(വേറിട്ടൊരു എഴുത്തിന്റെ വഴി സ്വീകരിച്ചതിലൂടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ശ്രദ്ധ നേടിയതാണ്‌ ലാലിയുടെ പോസ്‌റ്റുകള്‍. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ സ്വന്തമായ കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കാന്‍ താത്‌പര്യപ്പെടുന്ന ലാലിയുടെ എഴുത്ത്‌ ഒട്ടേറെപ്പേര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രസാദാത്മകവും ലളിതവുമായ ശൈലി, നേരെ വാ നേരെ പോ എന്ന മട്ട്‌... ഇതൊക്കെയാണ്‌ ലാലിയുടെ എഴുത്തിന്റെ പ്രത്യേകതകള്‍.)