Breaking News

Trending right now:
Description
 
Feb 20, 2014

മനസ്സിനു വീതി കൂടുമ്പോള്‍ നിരത്തിനും വീതി കൂടുന്നു

image
ആലപ്പുഴ: 'മനസ്സിനു വീതി കൂടിയാല്‍ നിരത്തിനും വീതി കൂടും' എന്ന ആശയം
മുന്‍നിര്‍ത്തി തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ)
പ്രവര്‍ത്തിച്ചതിനു ഫലം കാണുന്നു. പ്രദേശത്തു കൂടെ കടന്നു പോകുന്ന
ഇടറോഡുകള്‍ വീതി കൂട്ടാന്‍ കഴിയുന്നവര്‍ കഴിയുന്നത്ര സഹകരിക്കണമെന്ന
അഭ്യര്‍ഥനയ്ക്കു ഇതിനകം ഗുണപ്രദമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു.
ഇടുങ്ങിയ വഴികള്‍ വിശാലമാകുംതോറും അതിന്റെ പ്രയോജനം
പ്രദേശവാസികള്‍ക്കൊക്കെയുണ്ടാകും എന്ന തിരിച്ചറിവ് കൂടുതല്‍
ആള്‍ക്കാരിലേക്ക് പരക്കുകയാണ്.

ടി.ആര്‍.എ 10-ല്‍ പുതിയ വീടുവച്ചപ്പോള്‍ മഠം റോഡില്‍ നിന്ന് അകത്തോട്ടു
മാറ്റി മതില്‍ കെട്ടിയത് ശ്രദ്ധേയമായിരുന്നു. ആ വഴിക്കുള്ള ഇടുക്കം
ഒഴിവാക്കാന്‍ തൊട്ടു തെക്കുവശത്തുള്ള ടി.ആര്‍.എ 5-ലെ വീട്ടുകാരും
മുന്നോട്ടു വന്നു. നിലവിലുണ്ടായിരുന്ന മതില്‍ പൊളിച്ചു ഒരടിയോളം
അകത്തേക്കു മാറ്റി കെട്ടിയാണ് പൊതുജനങ്ങളോടുള്ള സഹകരണം കാട്ടിയത്. ഏകദേശം
25 അടി നീളത്തില്‍ മതില്‍ ഇങ്ങനെ അകത്തോട്ടു മാറ്റി. കൂടുതല്‍ പേര്‍
ഇങ്ങനെ തയാറായാല്‍ വാഹനങ്ങള്‍ ഞെരുക്കം കൂടാതെ കടന്നു പോകുമെന്ന്
പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ സൂചിപ്പിച്ചു.

കിടങ്ങാംപറമ്പ്-കോര്‍ത്തശേരി റോഡു മുതല്‍ ടി.ആര്‍.എ 20 വരെ ഇപ്പോള്‍ വലിയ
ലോറികള്‍ക്കു പോലും ടാറിട്ട മഠം റോഡിലൂടെ കടന്നു വരാമെന്നായിട്ടുണ്ട്.
കുഴമണ്ണിലൂടെയുള്ള വെറും രണ്ടടി വീതിയുള്ള നടപ്പാതയായി കിടന്നിരുന്ന
സ്ഥാനത്ത് എഴുപതുകളില്‍ ഇപ്പോഴത്തെ ടി.ആര്‍.എ 68 മുതല്‍ ടി.ആര്‍.എ നാലു
വരെയുള്ള ഭാഗത്ത് പൂഴിയിറക്കി ഉറപ്പിച്ചു വാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍
പറ്റുന്ന വിധം വീതിയില്‍ സ്വകാര്യ റോഡാക്കിയായിരുന്നു തുടക്കം. അതു
കാലക്രമേണ കിടങ്ങാംപറമ്പ് - തത്തംപള്ളി സിവൈഎംഎ റോഡു വരെ ഏകദേശം അര
കിലോമീറ്റര്‍ നീളമുള്ള റോഡായി നീണ്ടു. അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ്
മുനിസിപ്പാലിറ്റി ഘട്ടംഘട്ടമായി മഠം റോഡ് ടാര്‍ മുഴുവനായി ചെയ്തത്.


ഫോട്ടോ ക്യാപ്ഷന്‍:

മതിലുകള്‍ റോഡില്‍ നിന്നു അകത്തോട്ടു മാറ്റി കെട്ടിയതിനെത്തുടര്‍ന്നു
തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രദേശത്തെ മഠം റോഡിനു
വീതി കൂടിയപ്പോള്‍.