Breaking News

Trending right now:
Description
 
Feb 18, 2014

വാഗമണ്‍ മലനിരകളില്‍ വാഗമണ്‍ അഡ്വഞ്ചര്‍ കാര്‍ണിവല്‍ 22 മുതല്‍

image സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ടൂറിസം വകുപ്പും ചേര്‍ന്നു വാഗമണ്‍ മല നിരകളില്‍ വാഗമണ്‍ അഡ്വഞ്ചര്‍ കാര്‍ണിവല്‍ 2014 എന്ന പേരില്‍ 10 ദിവസം നീണ്ടുനില്‌ക്കുന്ന സാഹസിക വിനോദ വാരാഘോഷം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച്‌ രണ്ടു വരെയാണു കാര്‍ണിവല്‍. 10 ദിവസത്തെ കാര്‍ണിവലില്‍ അന്തര്‍ദേശീയ പാരാഗ്ലൈഡിംഗ്‌, മൗണ്ടന്‍ ബൈക്കിംഗ്‌, ഓഫ്‌ റോഡ്‌ ജീപ്പ്‌ റാലി, റോക്ക്‌ ക്ലൈമ്പിംഗ്‌, യുവജനങ്ങള്‍ക്കുള്ള വിവിധ സാഹസിക പ്രോഗ്രാമുകള്‍ എന്നിവയാണു കാര്‍ണിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 23നു 83 കിലോമീറ്റര്‍ ദൂരമുള്ള മൗണ്ടന്‍ സൈക്ലിംഗ്‌ കോമ്പറ്റീഷന്‍, 23, 24, 25 തീയതികളില്‍ റോക്‌ ക്ലൈമ്പിംഗും, റാപ്പിലിംഗും 22നു ജീപ്പ്‌ റാലി, 24, 25 തീയതികളില്‍ ബൈക്കു റാലി എന്നിവ നടക്കും. പ്രഫഷണല്‍ അമച്വര്‍ ഇനങ്ങളിലായി 22 മുതല്‍ 25 വരെ ഫോട്ടോഗ്രാഫി മത്സരവും നടക്കും. പാരാഗ്ലൈഡിംഗിന്‌ ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണു വാഗമണ്ണിലെ കോലാഹലമേട്‌. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ സസ്‌റ്റെയിനബിള്‍ ടൂറിസം അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാരഗ്ലൈഡിംഗില്‍ കാനഡ, ന്യൂസിലാന്‍ഡ്‌, ഫ്രാന്‍സ്‌, യുകെ, ജര്‍മനി, യുഎസ്‌എ, റഷ്യ, തായ്‌ലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പൈലറ്റുമാരും ഗ്ലൈഡര്‍മാരും എത്തുന്നുണ്ട്‌..
വാഗമണ്ണിലെ സൂയിസൈഡ്‌ പോയിന്റില്‍നിന്നാണു പറക്കല്‍ ആരംഭിക്കുന്നത്‌. കൂട്ടിക്കലാണു ലാന്‍ഡിംഗ്‌ സെന്റര്‍. പാരാഗ്ലൈഡിംഗിനു പുറമേ ഇത്തവണ കാര്‍ണിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരിനമാണു സാഹസിക കായികത്തിലെ ഏറ്റവും പ്രചാരമുള്ള മൗണ്ടന്‍ ബൈക്കിംഗ്‌. 40 കിലോമീറ്റര്‍ മൗണ്ടന്‍ ബൈക്കിംഗ്‌ നടത്താനുള്ള സ്ഥലം വാഗമണ്‍ മലനിരകളിലുണ്ട്‌. വിജയികള്‍ക്കു കാഷ്‌ അവാര്‍ഡും ട്രോഫിയും നല്‍കും. ചെങ്കുത്തായ പാറക്കെട്ടുകള്‍ ധാരാളമുള്ള വാഗമണ്‍ മലനിരകളാണു കേരളത്തില്‍ത്തന്നെ റോക്ക്‌ ക്ലൈമ്പിംഗിനു പറ്റിയസ്ഥലം അതുപോലെ നിരവധി ഓഫ്‌ റോഡ്‌ റെയിസിംഗ്‌ വഴികളും ഇവിടെയുണ്ട്‌. 12 ലക്ഷം രൂപയാണു കാര്‍ണിവലിനായി അനുവദിച്ചിരിക്കുന്നത്‌.