Breaking News

Trending right now:
Description
 
Nov 04, 2012

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മപദ്ധതി വിജയമെന്ന്‌ ഉമ്മന്‍ചാണ്ടി

image സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മപദ്ധതി വിജയമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗ റെയില്‍ ഇടനാഴി വേണ്ടത്ര വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചിട്ടില്ലെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി സ്ഥലമെടുപ്പ്‌ സംബന്ധിച്ച്‌ എതിര്‍പ്പ്‌ മൂലമാണ്‌ ഇതില്‍ കാലതാമസമുണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു. ഭൂമിയില്ലാത്തവര്‍ക്ക്‌ ഭൂമി നല്‍കാനുള്ള പദ്ധതിയില്‍ അര്‍ഹരായവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്‌. 

ഓരോ വില്ലേജിലെയും ആളുകള്‍ക്ക്‌ വേണ്ട ഭൂമി കണ്ടെത്തുകയാണ്‌ ബാക്കിയുള്ള നടപടി. കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി പുരോഗമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഭൂവിനിയോഗ ബില്ലില്‍ രണ്ട്‌ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ അഭിപ്രായം തേടുക മാത്രമാണ്‌ നിയമവകുപ്പ്‌ ചെയ്‌തതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ തെറ്റില്ല. നിയമവകുപ്പ്‌ സെക്രട്ടറിയാണ്‌ മറ്റ്‌ വകുപ്പുകളിലെ സെക്രട്ടറിമാരോട്‌ ഇതേക്കുറിച്ച്‌ അഭിപ്രായം തേടിയത്‌. കമ്മീഷന്റെ ശിപാര്‍ശകളില്‍ ആദ്യത്തെ ഒരു ഭാഗമെടുത്ത്‌ അയച്ചുകൊടുത്ത്‌ വകുപ്പുകളുടെ അഭിപ്രായം തേടുകയായിരുന്നു. 

സംസ്ഥാനത്തിന്‌ ഗുണകരമായ എന്തെങ്കിലുമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഇത്‌ അയച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂമന്ത്രിയുടെ അംഗീകാരമില്ലാതെ ഒന്നും നിയമമാകില്ലെന്ന്‌ പറഞ്ഞ അദ്ദേഹം വിഷയത്തില്‍ റവന്യൂമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ ഉണ്ടാക്കുന്നത്‌ മാധ്യമങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.