Breaking News

Trending right now:
Description
 
Feb 17, 2014

യുഎന്‍എയ്‌ക്കെതിരേ വ്യാജ മാവോയിസ്‌റ്റ്‌ ആരോപണം, രഹസ്യപ്പോലീസെന്ന പേരില്‍ ആള്‍മാറാട്ടം

image കൊടുങ്ങല്ലൂര്‍ ക്രാഫ്‌റ്റ്‌ ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം നൂറു ദിവസം പിന്നിട്ടതോടെ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷനെതിരേ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ ചില തത്‌പര കക്ഷികള്‍ പണംവാങ്ങി രംഗത്ത്‌. സമരത്തില്‍ മാവോയിസ്‌റ്റ്‌ അനുഭാവികള്‍ പിന്തുണ നല്‌കുന്നുവെന്ന്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‌കിയെന്ന വ്യാജവാര്‍ത്ത ചില മാധ്യമപ്രവര്‍ത്തകരെ സ്വാധീനിച്ച്‌ പ്രചരിപ്പിക്കാന്‍ ഇവര്‍ ശ്രമം നടത്തുന്നുണ്ട്‌.

യുഎന്‍എയുടെ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷായെ തെരഞ്ഞുപിടിച്ച്‌ ഒറ്റപ്പെടുത്തുക, വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന്‌ പിന്തിരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങള്‍ക്ക്‌ ചില ആശുപത്രി മാനേജ്‌മെന്റുകള്‍ പണവും പിന്തുണയും നല്‌കുന്നുണ്ടെന്ന്‌ നഴ്‌സസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ജാസ്‌മിന്‍ ഷായെ തേജോവധം ചെയ്യുന്നതിന്‌ എന്തു മാര്‍ഗം പ്രയോഗിക്കാനും എത്ര പണം മുടക്കാനും തയാറാണെന്നാണ്‌ സമരത്തെ എതിര്‍ക്കുന്നവരുടെ നിലപാട്‌. ഇതിനായി തിരുവനന്തപുരത്തുനിന്നും പുറത്തിറക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രത്തില്‍നിന്ന്‌ പുറത്താക്കിയയാളെ തട്ടിപ്പ്‌ സംഘം കൂട്ടുപിടിച്ചിരിക്കുന്നത്‌. നക്‌സല്‍ അനുഭാവിയായിരുന്നു ഇയാള്‍ എന്നറിയുന്നു.

ഇയാളുടെ നേതൃത്വത്തില്‍ ജാസ്‌മിന്‍ ഷായ്‌ക്കെതിരേ മുഖലേഖനമെഴുതിയ പ്രസിദ്ധീകരണവുമായി ചില ആശുപത്രികളില്‍ ഒരു സംഘമെത്തിയിരുന്നു. തൃശൂരിലെ പ്രമുഖ ആശുപത്രിയില്‍ ഇത്‌ വിതരണം ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്‌ നഴ്‌സുമാര്‍ ഇയാളെ അടിച്ചോടിച്ചു.



ജാസ്‌മിന്‍ ഷായുടെ നാട്ടില്‍ രഹസ്യപ്പോലീസുകാരാണെന്ന വ്യാജേന ഇയാളും ചില സില്‍ബന്ധികളും ചെന്ന്‌ ആള്‍മാറാട്ടം നടത്തി. നാട്ടുകാര്‍ക്ക്‌ പണം വാഗ്‌ദാനം ചെയ്‌ത്‌ ജാസ്‌മിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള സാധ്യതകളാണ്‌ ഇവര്‍ ആരാഞ്ഞത്‌. ജാസ്‌മിന്‍ വിമാനത്തില്‍ യാത്ര ചെയ്‌ത കാര്യം അറിയാമോ, കാര്‍ വാങ്ങിയിട്ടുണ്ടോ, വിദേശ ഫണ്ട്‌ എത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച്‌ ഇവര്‍ മൊബൈലില്‍ റിക്കാര്‍ഡ്‌ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ചില ബിസിനസുകാരെ സമീപിച്ച്‌ സ്‌പെഷല്‍ ബ്രാഞ്ചില്‍നിന്ന്‌ പ്രത്യേക റിപ്പോര്‍ട്ടിനായി നിയോഗിച്ചിരിക്കുകയാണെന്ന്‌ അറിയിച്ചു. ഇക്കാര്യത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നും ആള്‍മാറാട്ടത്തിനെതിരേ കേസെടുക്കണമെന്നും യുഎന്‍എ പ്രവര്‍ത്തകര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.