Breaking News

Trending right now:
Description
 
Feb 16, 2014

ബ്രിട്ടീഷ്‌ കമ്പനി ആഡംബര കാറുകള്‍ തിരിച്ചുവിളിച്ചു; വിമര്‍ശനവുമായി ചൈന

image പാദേശികമായി നിര്‍മിച്ച ഘടകങ്ങളുടെ മോശം നിലവാരത്തെ പഴിപറഞ്ഞു ആഡംബര കാറുകള്‍ തിരിച്ചുവിളിച്ച ബ്രിട്ടീഷ്‌ കാര്‍ നിര്‍മാണ കമ്പനി അസ്റ്റോണ്‍ മാര്‍ട്ടിനെതിരേ ചൈനയില്‍ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ അഞ്ചിനാണ്‌ 17,000 സ്‌പോര്‍ട്‌സ്‌ കാറുകള്‍ ആഗോളവ്യാപകമായി തിരിച്ചുവിളിക്കാന്‍ കമ്പനി തീരുമാനിച്ചത്‌. മെയ്‌ഡ്‌ ഇന്‍ ചൈന എന്ന പേരില്‍ നിര്‍മിച്ച ചില ഘടകങ്ങളുടെ തകരാറാണു കമ്പനി കാരണമായി പറയുന്നത്‌. 2007 മുതല്‍ നിര്‍മിച്ച കാറുകള്‍ക്കാണു തകരാര്‍. ചൈനീസ്‌ ഉപകരാര്‍ കമ്പനി നിര്‍മിച്ച ആക്‌സിലേറ്റര്‍ പെഡലിനാണു തകരാര്‍ കണ്ടത്‌. എന്നാല്‍ ഇതിനെതിരേ രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും രംഗത്തുവന്നു. സുരക്ഷയും ഗുണനിലവാരവും നോക്കേണ്ടതു കമ്പനിയുടെ ഉത്തരവാദിത്വമായിരുന്നുവെന്ന്‌ അവര്‍ പറയുന്നു. അന്താരാഷ്‌ട്ര കമ്പനികള്‍ ചൈനയില്‍ പുലിവാലു പിടിക്കുന്നത്‌ ഇതാദ്യമല്ല. വില, സുരക്ഷിതത്വം, ബിസിനസ്‌ നടപടികള്‍ തുടങ്ങിയ കാര്യങ്ങളിലാണു പ്രശ്‌നങ്ങളുണ്ടാകുന്നത്‌. ആപ്പിള്‍, വാള്‍മാര്‍ട്ട്‌, യം, ഫോക്‌സ്‌വാഗന്‍, കെഎഫ്‌സി, പിസ ഹട്ട്‌ തുടങ്ങിയവയൊക്കെ കുഴപ്പത്തില്‍പ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം അസ്റ്റോണ്‍ മാര്‍ട്ടിന്റെ വില്‍പ്പന ചൈനയില്‍ മൂന്നിരട്ടി വര്‍ധിപ്പിച്ചിരുന്നു. ഏറ്റവും സമ്പന്നര്‍ വാങ്ങിയത്‌ 272 കാറുകളാണ്‌. ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളിലൂടെ പ്രശസ്‌തമായ ആഡംബര കാര്‍ ആണ്‌ അസ്റ്റോണ്‍ മാര്‍ട്ടിന്‍. സ്വന്തം വിതരണ ശൃംഖലയുടെ കെടുകാര്യസ്ഥത തിരിച്ചറിയുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്നു ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ പറഞ്ഞു.