Breaking News

Trending right now:
Description
 
Feb 14, 2014

തന്തത്താഴ്‌ വായിച്ച്‌ ഹോ... ശ്വാസം മുട്ടിപ്പോയി

Laly
image
ഒരു പത്രപ്രവര്‍ത്തകന്‍ എഴുത്തുകാരനാകാമോ..? പ്രത്യേകിച്ചും മനോരമയുടെ..? ഒരിക്കലും പാടില്ലെന്നാണു എന്റെ അഭിപ്രായം... അവര്‍ ഒരു പത്രവാര്‍ത്തയെ മാഗ്നിഫൈ ചെയ്ത് വിശദാംശങ്ങളും എരിവും പുളിയും കലര്‍ത്തി നമുക്ക് എറിഞ്ഞു തരും... നമ്മള്‍ വായനക്കാര്‍ വിഢികള്‍ ഇതു വായിച്ച് ഇതി കര്‍ത്തവ്യതാ മൂഢരായി താടിക്ക് കൈകൊടുത്ത് നെടുവീര്‍പ്പിടും...

മാതൃഭൂമി ആഴ്ചപ്പതിപ്പ് കഴിഞ്ഞ ലക്കം വെറുപ്പിച്ചത് പ്രമോദ് രാമന്റ ’തന്തത്താഴ്‌ ’എന്ന കഥ വായിക്കാന്‍ തന്നിട്ടാണു.. വായിച്ച് ശ്വാസം മുട്ടി പ്പോയി. കഥകളെ വെറുത്തു.. മകളെ ലൈഗീകമായി ഉപയോഗിക്കുന്ന ഒരച്ഛനെ പത്രവാര്‍ത്തയില്‍ നിന്നും നേരേ കഥയിലേക്കാവഹിക്കുന്നു അയാള്‍... (ടൊയ്ലറ്റ് സാഹിത്യം പലപ്പോഴും പബ്ലിക് ടോയ്ലറ്റുകളില്‍നിന്നും നമ്മെത്തേടി വീട്ടിലേക്ക്ത്താറുണ്ട്)

Mathrubhumi Weekly - Read on ipad, iphone, smart phone and tablets

ഈയാഴ്ചയും അഛന്‍ കേന്ദ്ര കഥാപാത്രമായൊരു കഥയുണ്ടായിരുന്നു. എം. മുകുന്ദന്റേത്. അഛന്‍ പീഢിപ്പിച്ച പത്രവാര്‍ത്തകള്‍ വായിച്ച് വായിച്ച് പീഢകനെന്നാല്‍ അഛനെന്ന അവസ്ഥയിലേക്ക് രൂപാന്തരം പ്രാപിച്ച മാനസീകാവസ്ഥയിലേക്കെത്തിപ്പെട്ട ഒരു മകളുടെ കഥ.. എന്തായാലും ഈയാഴ്ചയും ശ്വാസം മുട്ടാന്‍ തന്നെയാണെന്റെ യോഗം...

ഇതു വായിക്കുമ്പോഴെല്ലാം വാത്സല്യവും സ്നേഹവും വാരിക്കോരിത്തന്ന് വളര്‍ത്തിയ എന്റെ വാപ്പയായിരുന്നു എന്റെ മനസ്സില്‍. മരിക്കും വരെ ഞായറാഴ്ചയെന്നൊന്നുണ്ടായാല്‍ മക്കളെ അടുത്തിരുത്തി ചോറു വാരിത്തരുന്നൊരു വാപ്പ. ഉറങ്ങും വരെ കുടവയറില്‍ കാലു കേറ്റി വച്ച് കിടക്കാന്‍ അനുവദിക്കുന്നൊരു വാപ്പ. ഷര്‍ട്ടിടാത് നില്‍ക്കുമ്പോഴെല്ലാം കുടവയറില്‍ മുഖമമര്‍ത്തി വലിയ ശബ്ദമുണ്ടാക്കുന്നൊരു മകളായിരുന്നു ഞാന്‍. രണ്ട് പെണ്മക്കളെന്നാല്‍ രണ്ട് കണ്ണുകളാണെന്ന് പറയുന്ന എന്റെ ഭര്‍ത്താവും പിന്നെ പെണ്മക്കളെ അത്രയേറേ സ്നേഹത്തോടെയും അഭിമാനത്തോടെയും വളര്‍ത്തുന്ന അനേകായിരം വായനക്കാരും... ഇത്തരം കഥകള്‍ വായിക്കുന്ന ഒരു വീട്ടില്‍ അശാന്തിയുടെ വിത്ത് വിതക്കാനേ സാധിക്കൂവെന്ന് എഴുത്തുകാര്‍ അറിയേണ്ടതല്ലേ...? ഈ മാധ്യമങ്ങളും മൃഗീയവാസനകളുള്ള സാമൂഹ്യവിരുദ്ധരും ചേര്‍ന്ന് കുടുംബത്തിനുള്ളില്‍ സഹജമായ ഇടപെടലുകളെ ഇല്ലാതാക്കി ജാഗരൂകകളായ മക്കളെയും എപ്പോള്‍ വേണമെങ്കിലും കുറ്റവാളിയാക്കപ്പെടാമെന്ന് കരുതിയിരിക്കുന്ന അഛനെയും സൃഷ്ടിക്കുകയാണു ചെയ്യുന്നത്... ഈ സൃഷ്ടിക്കലിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് സ്നേഹ നിര്‍ഭരമായ സാന്ന്നിധ്യങ്ങളാണ്... സ്നേഹ നിമിഷങ്ങളാണു...

മകളെ അവളുടെ സാന്ന്നിധ്യത്താല്‍ സമ്പന്നമാക്കുന്ന നിരവധി കഥകളുണ്ട് മലയാളത്തില്‍... മകളെന്ന സ്നേഹത്തിന്റെയും കരുതലിന്റെയും അഭിമാനത്തിന്റെയും ഒപ്പം മകള്‍ എന്ന സ്ത്രീയുടെയും അനുഭവം...

എന്നെപ്പോലെ മേല്പറഞ്ഞ കഥകള്‍ ബുദ്ധിമുട്ടുണ്ടാക്കിയ എല്ലാവര്‍ക്കും ഞാന്‍ എം സുകുമാരന്റെ ‘പിതൃ തര്‍പ്പണം’ എന്ന കഥ ശുപാര്‍ശ ചെയ്യുന്നു...

(വേറിട്ടൊരു എഴുത്തിന്റെ വഴി സ്വീകരിച്ചതിലൂടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ശ്രദ്ധ നേടിയതാണ്‌ ലാലിയുടെ പോസ്‌റ്റുകള്‍. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ സ്വന്തമായ കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കാന്‍ താത്‌പര്യപ്പെടുന്ന ലാലിയുടെ എഴുത്ത്‌ ഒട്ടേറെപ്പേര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രസാദാത്മകവും ലളിതവുമായ ശൈലി, നേരെ വാ നേരെ പോ എന്ന മട്ട്‌... ഇതൊക്കെയാണ്‌ ലാലിയുടെ എഴുത്തിന്റെ പ്രത്യേകതകള്‍.)