Breaking News

Trending right now:
Description
 
Feb 13, 2014

പേരയ്‌ക്ക രുചിയുള്ള പ്രണയകാലങ്ങള്‍

ജനറ്റ്‌ ബിനോയി
image എല്ലാ പ്രണയങ്ങള്‍ക്കും ഒരു നിറമാണ്‌, ഒരു രുചിയാണ്‌ മണമാണെന്നു വി.എച്ച്‌ നിഷാദ്‌ എഴുതിയ പേരയ്‌ക്ക എന്ന നോവല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
പ്രണയം മനസില്‍ സൂക്ഷിക്കുന്ന ആരെയും ആശ്ചര്യപ്പെടുത്തുന്ന ഈ ചെറു നോവലിനെ അവലംബിച്ചു പേരയ്‌ക്ക മണമുള്ള ഒരു പ്രണയകാലത്തെ പുനര്‍വായിക്കുകയാണ്‌ ജനറ്റ്‌ ബിനോയി

സുഹൃത്തായ വി. ദിലീപിന്റെ പുതിയ നോവല്‍ "തീയില്‍ അലക്കിയ വസ്‌ത്രങ്ങള്‍" തേടി തൊടുപുഴ കറന്റ്‌ ബുക്‌സില്‍ നില്‍ക്കുമ്പോഴാണ്‌ പച്ചപുറംച്ചട്ടയണിഞ്ഞ ഒരു ചെറു പുസ്‌തകം കണ്ണില്‍പ്പെട്ടത്‌. പേരയ്‌ക്കആ പേരിനോടുള്ള അടുപ്പം കൊണ്ടു അമിത പ്രതീക്ഷകളില്ലാഞ്ഞിട്ടും പുസ്‌തകം കയ്യിലെടുത്തു. പുറകിലത്തെ പുറംച്ചട്ടയില്‍ നിര്‍വികാരനായി നില്‍ക്കുന്ന വി.എച്ച്‌ നിഷാദെന്ന ചെറുപ്പക്കാരന്‍. അതിനു താഴെ ഇങ്ങനെ എഴുതി ചേര്‍ത്തിരിക്കുന്നു.
പ്രണയത്തിന്റെ മണമെന്താണ്‌
പേരയ്‌ക്കാമണം.
പ്രണയത്തിന്റെ രുചിയെന്താണ്‌
പേരയ്‌ക്കായുടെ രുചി.
പ്രണയത്തിന്റെ നിറമെന്താണ്‌
കടിച്ച പേരയ്‌ക്കായുടെ അകത്തുകാണുന്ന
അതേ നിറം
അപ്പോള്‍ എന്താണ്‌ പ്രണയം
'പേരയ്‌ക്ക'
എന്റെ ഹൃദയം പെരുമ്പറ കൊട്ടി
എന്താണ്‌ ഇതില്‍ എഴുതപ്പെട്ടതെന്നറിയാനുള്ള ആവേശം കൊണ്ടു പേജുകള്‍ മറിച്ചു. ജനുവരി 2006.
നിഷാദിന്റെ പുസ്‌തക സമര്‍പ്പണം
ചുണ്ടില്‍ പേരയ്‌ക്കാ രുചിയും മനസില്‍ പേരയ്‌ക്കാ മണവുമുള്ളവള്‍ക്ക്‌.

നിഷാദ്‌ ഇതെഴുതി ചേര്‍ക്കുമുമ്പേ ഇളം നീല ഇന്റലിലൂടെ ഞാന്‍ എന്റെ പ്രീയപ്പെട്ടവനെഴുതി.
സമര്‍പ്പണം
അകം ചുവന്ന പേരയ്‌ക്കായുടെ നിറവും മണവും രുചിയുമുള്ള നിന്റെ ചുണ്ടുകള്‍ക്ക്‌
പേരയ്‌ക്കായിലെ കഥാനായകനായ ലാസര്‍ നീയറിയുന്നുവോ നീ നിന്റെ റോസിയെ പ്രണയപൂര്‍വ്വം വിളിച്ച പേരാണ്‌ എന്റെ പ്രീയപ്പെട്ടവന്‍ എന്നെ വിളിക്കാറുള്ളത്‌.
`പേരയ്‌ക്കാക്കുട്ടി`
ഒരു പേരയ്‌ക്കാതരുമോ?
അവള്‍ ചോദിക്കുന്നത്‌ നിഷ്‌കളങ്കമായാണ്‌.
തരാം, പക്ഷേ, എന്താ തിരിച്ചുതര്യാ
എന്താ വേണ്ടത്‌?
ചെറുക്കന്‍ തിരിഞ്ഞു നിന്നു കവിള്‍ കാട്ടുന്നു. ദാ, ഇവിടെ സുന്ദരിക്കുട്ടിയുടെ പരല്‍ക്കണ്ണുകള്‍ ചുറ്റും നോക്കുകയാണ്‌. എന്നിട്ട്‌ വേഗത്തില്‍ ഒന്നുയര്‍ന്ന്‌ ചെറുക്കന്റെ മുഖത്തേക്ക്‌ അവളുടെ മുഖമെത്തിച്ചു ഒരു മുത്തം. (പേരയ്‌ക്ക) പ്രീയപ്പെട്ടവന്‍ എന്റെ കാതില്‍ പ്രണയപൂര്‍വം പാടാറുള്ള പഴയ സിനിമ ഗാനത്തിന്റെ ഈരടികള്‍ ഓര്‍മ്മയില്‍ പറന്നിറങ്ങി. പേരയ്‌ക്കാക്കുട്ടിക്ക്‌ നാരങ്ങ കവിളിലൊരുമ്മ.ആരും കാണാതൊരുമ്മ. ആരും കാണാതെ കേള്‍ക്കാതെ എത്രയോ തവണ മനസില്‍ മാത്രം മന്ത്രിച്ചിരിക്കുന്നു.

പ്രീയ കഥാകാരാ, ഞങ്ങളെയറിയാത്ത, ഞങ്ങളിലെ പ്രണയത്തെ അറിയാത്ത താങ്കളെങ്ങനെ ഇത്ര കൃത്യമായി ഞങ്ങളുടെ കഥ പറഞ്ഞു?. ഒരു പക്ഷേ പ്രണയത്തിന്റെ ലോകഭാഷ ഇങ്ങനെയാവാം അല്ലേ?
കഥാനായികയായ റോസി....
നിന്റെ ഓരോ കാര്യങ്ങളും എന്റെ ജീവിത സന്ദര്‍ഭങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതിന്റെ അകംപൊരുള്‍ എനിക്കറിയില്ല. നിന്റെ പപ്പയെ പോലെ എന്റെ പപ്പയും ബാങ്ക്‌ മാനേജരായിരുന്നു. എന്റെ അമ്മ നിന്റെ അമ്മയെപ്പോലെ ഒരു വീട്ടമ്മയായിരിക്കുന്നതും യാദൃശ്ചികതയുടെ തുടക്കമാകാം.
ഇനിയും അവസാനിക്കാത്ത നിഷ്‌കളങ്ക പ്രണയത്തില്‍ ഞങ്ങള്‍ ഇനിയും കാലം കഴിക്കും. പ്രണയത്തിന്റെ മുകസാക്ഷിയായി കടലിന്റെ അശാന്തിയും കാനനത്തിന്റെ സൗമ്യതയും ഞങ്ങള്‍ക്കിനിയും കൂട്ടാകാം. ചൈത്രപൗര്‍ണമി നാളില്‍ ഒരിക്കല്‍ക്കൂടി പ്രീയപ്പെട്ടവന്റെ കൈപിടിച്ചു കണ്ണകി ദേവിയെ കാണാന്‍ മംഗളാദേവി ക്ഷേത്രത്തില്‍ പോകണം.
കുമളിയിലെ കല്ലുമൂക്കുത്തിയണിഞ്ഞ തമിഴ്‌ സ്‌ത്രീകളുടെ കയ്യില്‍ നിന്നു നിറയെ പേരയ്‌ക്കാ വാങ്ങണം. ആകുലതകള്‍ മറന്നു കാടിന്റെ വന്യസൗന്ദര്യത്തില്‍ ചേര്‍ന്നിരിക്കണം.

ഇനിയും പ്രണയിച്ചു കൊതി തീരാത്ത പ്രീഡിഗ്രിക്കാരിയുടെ മധുരപ്പതിനേഴ്‌ കഴിയാത്ത മനസോടെ പ്രണയകാവ്യങ്ങള്‍ എഴുതാതെ പ്രണയോപഹാരമായി പേരയ്‌ക്കകള്‍ സമ്മാനിക്കുമ്പോള്‍ കഥാകാരാ ഒരുനിമിഷം താങ്കളുടെ പ്രണയത്തിന്റെ നിറക്കൂട്ടുകള്‍ ചേര്‍ത്തൊരുക്കിയ പേരയ്‌ക്കായ്‌ക്ക്‌
ഈ വര്‍ഷത്തെ പ്രണയദിനത്തില്‍ ഒരു ചെറിയപ്രണാമം