Breaking News

Trending right now:
Description
 
Nov 04, 2012

വൈരനിര്യാതനമല്ല, വിവേകമാണ്‌ വേണ്ടത്‌

റിയ മെര്‍ലിന്‍ അഗസ്റ്റിന്‍, riamerlin@hotmail.com
image പതിറ്റാണ്ടുകളായി അവഗണന അനുഭവിച്ചുവന്നിരുന്ന നഴ്‌സുമാര്‍ക്ക്‌ അവകാശങ്ങളെക്കുറിച്ച്‌ ബോധ്യംവരുവാന്‍ കേരളത്തില്‍ അരങ്ങേറിയ സമരം വഴി കഴിഞ്ഞുവെന്നത്‌ സത്യമാണ്‌. അതുമാത്രം മതിയോ? സമരത്തിനും സഹനത്തിനും ഫലം വേണ്ടേ?

സമരം എന്നത്‌ വ്യക്തികള്‍ക്കു വേണ്ടിയുള്ളതല്ല. സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കാനും അധികാരികളെ അവരുടെ തെറ്റുകളെക്കുറിച്ച്‌ മുന്നറിയിപ്പു നല്‌കാനും വീഴ്‌ചകള്‍ തിരുത്താനുമാണ്‌ സമരപാതകള്‍ സഹായിക്കുന്നത്‌. പിടിച്ചുനില്‍ക്കാന്‍ കഴിയുകയെന്നതാണ്‌ സമരങ്ങളിലെ ഏറ്റവും വിഷമം പിടിച്ച കാര്യം. സമരത്തിലുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൂടെ നിര്‍ത്തുകയെന്നത്‌ അത്രയെളുപ്പവുമല്ല. സമരം ദീര്‍ഘിക്കുന്തോറും അണികളില്‍ അസ്വാരസ്യം പടരും. ഇത്രയൊക്കെ സാധിച്ചിട്ടും കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തുകാര്യം.

വരുംതലമുറയ്‌ക്കുകൂടിയാണ്‌ ഇന്നുള്ളവര്‍ സമരമുഖത്ത്‌ വെയില്‍ കൊള്ളുന്നത്‌. തൊണ്ടപൊട്ടുമാറ്‌ മുദ്രാവാക്യം വിളിക്കുന്നത്‌. അടിയുടെ മുന്നിലും ആക്രമണത്തിനു മുന്നിലും പിടിച്ചു നില്‍ക്കുന്നത്‌. ഇക്കാര്യങ്ങളിലൊന്നും വിജയം നേടാനായില്ല എന്നതുകൊണ്ടാണ്‌ കോതമംഗലം സമരം വിമര്‍ശിക്കപ്പെടുന്നത്‌. പടിക്കല്‍കൊണ്ടുപോയി കുടമുടച്ചതുപോലെയായി കാര്യങ്ങള്‍ എന്ന്‌ ആക്ഷേപമുയരുന്നത്‌.

കോതമംഗലത്തേത്‌ വ്യക്തികളുടെ സമരമല്ല. വ്യക്തികള്‍ ശക്തമായ പിന്തുണ നല്‌കിയ സംഘടനയുടെ സമരമാണ്‌. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും സംഘടനയുടെ നേരെയാകും ആരോപണമുയരുന്നത്‌. അതിനെ നേരിടാന്‍ കരുത്തുള്ളവരായിരിക്കണം നേതൃനിരയിലുള്ളത്‌. അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന മട്ടിലുള്ള ഉത്തരങ്ങളല്ല നേതാക്കളില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ പഠിക്കുകയും അതിനായി മുന്നൊരുക്കങ്ങള്‍ നടത്തുകയും അണികളെ കൂടെ കൊണ്ടുനടക്കുകയും ചെയ്യുന്നവരായിരിക്കണം നേതൃനിരയിലേയ്‌ക്ക്‌ ഉയരേണ്ടത്‌.

നഴ്‌സുമാരുടെ സമരത്തിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കാനാണ്‌ 'കോതമംഗലം സമരത്തിന്റെ ബാക്കിപത്രം' എന്ന പരമ്പരയിലൂടെ ഗ്ലോബല്‍മലയാളം ശ്രമിച്ചത്‌. ഇത്‌ ക്രിയാത്മകമായ ചര്‍ച്ചയാണ്‌. വിമര്‍ശനങ്ങളുയരുമ്പോള്‍ വാളെടുത്ത്‌ അങ്കക്കലി തീര്‍ക്കുന്നവര്‍ ഒരു സംഘടനയും തലപ്പത്തുമുണ്ടാകാന്‍ തക്ക പക്വതയില്ലാത്തവരാണ്‌. ഇവരെ അണികള്‍ തിരിച്ചറിയുമെന്നതില്‍ സംശയം വേണ്ട.

ലിന്‍സി എന്ന നഴ്‌സിന്റെ കാര്യങ്ങള്‍ ഈ പരമ്പരയില്‍ എടുത്തുകാണിച്ചത്‌ കോതമംഗലത്തെ സമരത്തിന്റെ നേര്‍ പ്രതീകമായിരുന്നു ലിന്‍സി എന്നതുകൊണ്ടാണ്‌. സമരത്തില്‍ പങ്കെടുത്ത 137 പേരെക്കുറിച്ചും പറയുന്നതിനു തുല്യമായാണ്‌ ലിന്‍സിയുടെ കാര്യങ്ങള്‍ അവതരിപ്പിച്ചത്‌. ഇത്‌ ശ്രദ്ധാപൂര്‍വം വായിച്ചവര്‍ക്ക്‌ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന്‌ ഞങ്ങള്‍ക്കു ലഭിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. സമരത്തിന്‌ ആദ്യന്തം പിന്തുണ നല്‌കുകയും അവസാനം കറിവേപ്പില പോലെ പുറത്താകുകയും ചെയ്‌തത്‌ ലിന്‍സിയാണ്‌. മറ്റു മുപ്പത്തിയൊന്നു നഴ്‌സുമാരും ഇതേ ഗതിയിലാണെന്ന്‌ ഗ്ലോബല്‍ മലയാളം പരമ്പര പ്രസിദ്ധീകരിച്ച ആദ്യ ദിവസങ്ങളില്‍തന്നെ വ്യക്തമായിരുന്നു.

ലിന്‍സിയെപ്പോലെ സമരവീര്യമുള്ളവര്‍ ഇല്ലായിരുന്നുവെങ്കില്‍ ആ സമരം എവിടെയെത്തുമായിരുന്നുവെന്ന്‌ അവര്‍ക്കുനേരെ വ്യക്തിഹത്യ നടത്തുന്നവരും ആക്ഷേപം ചൊരിയുന്നവരും പോസ്‌റ്റിടുന്നവരും ഓര്‍ത്തുനോക്കുക. അങ്ങനെയല്ല കാര്യങ്ങള്‍ എങ്കില്‍ അക്കാര്യം വ്യക്തമാക്കാന്‍ നേതാക്കള്‍ തയാറാകട്ടെ. ലിന്‍സി ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയെന്നും മാനേജ്‌മെന്റിന്റെ പിണിയാളായെന്നും കോടീശ്വരിയാണെന്നും തുടങ്ങി ലാപ്‌ടോപ്പുണ്ടെന്നും മൊബൈല്‍ ഫോണുണ്ടെന്നുമൊക്കെയാണ്‌ പറയുന്നവരുടെ നേതൃഗുണം ഇഴകീറി പരിശോധിക്കപ്പെടേണ്ടതാണ്‌. (ലിന്‍സിക്കു ലഭിച്ച സര്‍ട്ടിഫിക്കറ്റ്‌ ഇതോടൊപ്പം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.)

കോതമംഗലം സമരം ഇനിയൊരിക്കലും മുളപൊട്ടാത്തവിധം പട്ടടങ്ങിയോ? ഈ സമരത്തിനുവേണ്ടിയൊഴുക്കിയ ചോരയും നീരും വെറുതെയായോ? ഇല്ലെന്നുതന്നെ പറയാം. ഇനിയും പ്രതീക്ഷകളുണ്ട്‌. മിനിമം വേതനവും ജോലി സ്ഥിരതയും ഉറപ്പുവരുത്താന്‍ ഇനിയും മാര്‍ഗങ്ങളുണ്ട്‌. ഇതിനായി സര്‍വാത്മനാ പരിശ്രമിക്കണമെന്നു മാത്രം.

കഴിഞ്ഞ ദിവസങ്ങളില്‍ കേരള ഹൈക്കോടതിയുടെ പരാമര്‍ശം ഇത്തരത്തില്‍ ഒരു രജതരേഖ തന്നെയാണ്‌. നഴ്‌സുമാര്‍ക്കെതിരേ എസന്‍ഷ്യല്‍ സര്‍വീസസ്‌ മെയിന്റനന്‍സ്‌ ആക്ട്‌ (എസ്‌മ) അനുസരിച്ച്‌ നടപടിയെടുക്കാന്‍ ആലോചിക്കുന്നതിനു മുമ്പ്‌ മിനിമം വേതനം നല്‌കുന്ന കാര്യത്തില്‍ മാനേജ്‌മെന്റ്‌ ഉത്സാഹം കാണിക്കട്ടെ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട്‌ റിപ്പോര്‍ട്ട്‌ നല്‌കാന്‍ ലേബര്‍ കമ്മീഷണറെ ഹൈക്കോടതി ചുമതലപ്പെടുത്തി.

ആശുപത്രി മാനേജ്‌മെന്റുകളുടെ ദുശ്യാട്ടങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ നിയമനിര്‍മാണത്തിനു വഴിതെളിയുകയാണ്‌. 'ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്‌' എന്ന പേരില്‍ ആരോഗ്യവകുപ്പ്‌ തയാറാക്കിയ നിയമത്തിന്റെ കരട്‌ തയാറായിക്കഴിഞ്ഞു. ഇക്കാര്യം നിയമവകുപ്പിന്റെ പരിഗണനയ്‌ക്ക്‌ അയച്ചു. അവിടെനിന്ന്‌ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഈ കരട്‌ മുങ്ങിപ്പോകാതെ നിയമനിര്‍മാണ സഭയില്‍ ചര്‍ച്ച ചെയ്യാനും അത്‌ നഴ്‌സുമാര്‍ക്ക്‌ അനുകൂലമായ നിയമമാക്കി മാറ്റാനും മാനേജ്‌മെന്റ്‌ മാഫിയകള്‍ ഈ നിയമനിര്‍മാണത്തെ വിഴുങ്ങാതിരിക്കാനുമാണ്‌ സംഘടനകളും അവരുടെ നേതാക്കളും ശ്രമിക്കേണ്ടത്‌. അതിനായിരിക്കട്ടെ ഐഎന്‍ഐ ആണെങ്കിലും യുഎന്‍എ ആണെങ്കിലും ശ്രമിക്കേണ്ടത്‌.

നഴ്‌സുമാര്‍ക്ക്‌ നീതി കിട്ടാനും അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചുകിട്ടാനും ശ്രമിക്കുന്നതിനു പകരം പടകൂടാനും ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാനും ശ്രമിക്കുന്നത്‌ സ്വയം കുഴിതോണ്ടുന്നതിന്‌ തുല്യമായിരിക്കുമെന്ന കാര്യം ഓര്‍മിപ്പിക്കട്ടെ. ഈ പരമ്പരയെക്കുറിച്ച്‌ നിങ്ങളുടെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ അറിയിക്കുക. വായിക്കുക, ഷെയര്‍ ചെയ്യുക.

Send your response to globalmalayalam@gmail.com,

www.facebook.com/globalmalayalam


To read the complete series on Kothamangalam Nurses Strike published by Global Malayalam Click here: http://www.globalmalayalam.com/catmain.php?cat=16

key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur