Breaking News

Trending right now:
Description
 
Feb 12, 2014

ചികിത്സ ലഭിക്കാതെ മരിച്ച അജയ്‌ ഹെന്‍റിയുടെ കുടുംബത്തിന്‌ അന്വേഷണ റിപ്പോര്‍ട്ട്‌ പോലും നല്‌കിയില്ല

കടുത്ത പ്രതിഷേധവുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും
image കൊല്ലം: കഴിഞ്ഞ ജനുവരി എട്ടിന്‌ കൊല്ലം മടന്നട ജംഗ്‌ഷനില്‍ കാര്‍ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ്‌ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ അജയ്‌ ഹെന്‍റിയുടെ കുടുംബത്തിന്‌ കൊല്ലം ഡിഎംഒ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ നിഷേധിച്ചു. പെരുമണ്‍ എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ത്ഥിയിയായിരുന്ന ഇരുപത്തിരണ്ടുകാരനായ അജയ്‌ ഹെന്‍റിയെ അപകടമുണ്ടായ ഉടന്‍തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ചികിത്സകളൊന്നും ലഭ്യമായിരുന്നില്ല. സമൂഹത്തിന്‌ ഏറെ ഗുണകരമാകുമായിരുന്ന ഈ യുവാവിന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും കനത്ത അനാസ്ഥയുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

അപകടത്തില്‍പെട്ട്‌ ഏതാനും മിനിട്ടുകള്‍ക്കകം ആശുപത്രിയിലെത്തിച്ചെങ്കിലും കാഷ്വാലിറ്റി പരിശോധന നടത്താന്‍ ഡോക്ടര്‍മാരൊന്നും ഉണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം അജയ്‌ ഹെന്‍റിയെ വീല്‍ചെയറില്‍ ഇരുത്തിയത്‌ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കനത്ത വീഴ്‌ചയാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യങ്ങള്‍ കണ്ടുനിന്ന സാക്ഷികള്‍ ഒന്നിലധികമാണ്‌. അജയ്‌ ഹെന്‍റിയുടെ നാല്‌ സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ അപകടമുണ്ടായ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും അവസാന ശ്വാസംവരെ കൂടെ നില്‍ക്കുകയും ചെയ്‌തിരുന്നു. ജില്ലാ ആശുപത്രിയില്‍നിന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്‌ക്ക്‌ മാറ്റാനായിരുന്നു ഏറെ നേരത്തിനുശേഷമെത്തിയ ഡോക്ടറുടെ നിര്‍ദ്ദേശം. എന്നാല്‍, സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന്‌ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏതാനും നിമിഷങ്ങള്‍ക്കകം അജയ്‌ മരണമടഞ്ഞു.

ഇതേത്തുടര്‍ന്ന്‌ അജയ്‌യുടെ ബന്ധുക്കള്‍ കൊല്ലം ജില്ലാ സൂപ്രണ്ടിനെയും മറ്റ്‌ അധികൃതരെയും സമീപിച്ച്‌ എന്തു ചികിത്സയാണ്‌ നല്‌കിയതെന്ന വിവരം വിശദമാക്കുന്ന പ്രസ്‌താവന എഴുതി നല്‌കണമെന്ന്‌ ആവശ്യപ്പെട്ടു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അങ്ങനെയൊരു രേഖ കൈമാറാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല.

എല്ലാ പ്രതീക്ഷളും നഷ്ടപ്പെട്ട കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൊല്ലം ജില്ലാ ആശുപത്രിക്കു മുന്നില്‍ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പിന്തുണയോടെ പ്രതിഷേധധര്‍ണ നടത്തി. ഇതേത്തുടര്‍ന്ന്‌ ഡപ്യൂട്ടി ഡിഎംഒ ഡോ. ബാബു ചന്ദ്രന്‍ മാധ്യമങ്ങളുടെയും യൂത്ത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി അംഗങ്ങളുടെയും ജില്ലാ ആശുപത്രിയിലെ മുതിര്‍ന്ന മേധാവികളുടെയും സാന്നിധ്യത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്‌്‌ട നല്‌കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തു. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ 48 മണിക്കൂറിനുള്ളില്‍ നല്‌കാമെന്നായിരുന്നു വാഗ്‌ദാനം. റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്ക്‌ വിശദീകരണം നല്‌കാമെന്നും പ്രഥമികചികിത്സകള്‍ നല്‌കിയതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്താമെന്നും പറഞ്ഞിരുന്നു.

ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി ഏഴിന്‌ അജയ്‌ ഹെന്‍റിയുടെ മാതാപിതാക്കള്‍ ഡിഎംഒ ഓഫീസില്‍ എത്തി. എന്നാല്‍, അറുപത്തഞ്ചുവയസുള്ള ഇവരെ പിന്തിരിപ്പിക്കാനാണ്‌ ഡിഎംഒ ഓഫീസിലെ ജീവനക്കാര്‍ ശ്രമിച്ചത്‌. കൂടാതെ പോലീസിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. അണ്‍-പാര്‍ലമെന്ററി വാക്കുകള്‍ പ്രയോഗിച്ചായിരുന്നു പോലീസുകാരുടെ പ്രകടനം. മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളെ അറസ്റ്റ്‌ ചെയ്യുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.

ഭീഷണികള്‍ക്കു മുന്നിലും നിശബ്ദരായി റിപ്പോര്‍ട്ട്‌ ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയായിരുന്ന ഉന്നതവിദ്യാഭ്യാസംനേടിയ മാതാപിതാക്കള്‍ ചെയ്‌തത്‌. അഞ്ചു മണിക്കൂര്‍ നേരത്തേയ്‌ക്ക്‌ സംസാരിക്കാന്‍ പോലും ഡപ്യൂട്ടി ഡിഎംഒ ചന്ദ്രന്‍ തയാറായില്ല. നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള 150-ല്‍ അധികം ആളുകളുടെ സാന്നിധ്യത്തില്‍ നല്‌കിയ ഉറപ്പുകള്‍ക്കു വിരുദ്ധമായി അജയ്‌ ഹെന്‍ റിയുടെ മാതാപിതാക്കള്‍ക്ക്‌ അന്വേഷണറിപ്പോര്‍ട്ട്‌ നല്‌കാനാവില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. മൂന്നാമതൊരു പാര്‍ട്ടിക്ക്‌ അങ്ങനെയൊരു റിപ്പോര്‍ട്ട്‌ നല്‌കാനാവില്ലെന്നും സര്‍ക്കാരിലേയ്‌ക്ക്‌ മാത്രമേ അത്തരമൊരു റിപ്പോര്‍ട്ട്‌ നല്‌കൂ എന്നുമായിരുന്നു ചന്ദ്രന്റെ നിഷേധാത്മകമായ മറുപടി.

കൊല്ലം ജില്ലാ മെഡിക്കല്‍ അധികൃതരുടെ തികച്ചും അപരിഷ്‌കൃതമായ രീതിയിലുള്ള പെരുമാറ്റത്തില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന്‌ ഫാത്തിമ മാതാ നാഷണല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായ പ്രഫ. ഡോ. ജോര്‍ജ്‌ ഹെന്‍റി പറഞ്ഞു. സ്വന്തം തെറ്റുകള്‍ മറച്ചുവയ്‌ക്കാനുള്ള ശ്രമത്തിലൂടെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രോഗികളോട്‌ ഉത്തരവാദിത്വമില്ലാതെ പെരുമാറാനേ ഇത്തരം നടപടികള്‍ ഇടയാക്കൂ എന്ന്‌ അദ്ദേഹം പറഞ്ഞു.

ഇരുപത്തിരണ്ടുകാരനായ മകന്‍ അതിദാരുണമായി മരണമടഞ്ഞതില്‍ ആശുപത്രി അധികൃതരുടെ വിശദീകരണവും നിഷ്‌പക്ഷമായ അന്വേഷണ റിപ്പോര്‍ട്ടും വേണമെന്നു മാത്രമാണ്‌ ആവശ്യപ്പെടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെ വീഴ്‌ചയ്‌ക്ക്‌ ഡിഎംഒ ആണ്‌ ഈ റിപ്പോര്‍ട്ട്‌ നല്‌കേണ്ടത്‌. മകനെ നഷ്ടപ്പെട്ടതിന്‌ ഒന്നും പകരമാകില്ലെന്ന്‌ അറിയാം. എന്നാല്‍, ഇത്തരം ദുരന്തങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകള്‍ സംരക്ഷിക്കുന്നതിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അതിന്‌ പരിശ്രമിക്കണമെന്നുമുള്ള ആഗ്രഹത്തിന്റെ പുറത്താണ്‌ ഈ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നത്‌. ഈ സമാധാനപരമായ നീക്കത്തിലൂടെ പൊതുസമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും നിര്‍ഭാഗ്യരായ സാധാരണക്കാര്‍ക്ക്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കരുതെന്ന്‌ ഉറപ്പുവരുത്തുന്നതിനുമാണ്‌ പരിശ്രമിക്കുന്നത്‌. സാധാരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, കേരള ഗവണ്‍മെന്റ്‌ മെഡിക്കല്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റ്‌ ഡോ. ബിജു നെല്‍സണ്‍ നടത്തിയ അവകാശവാദങ്ങളെല്ലാം അജയ്‌യുടെ കുടുംബം തള്ളിക്കളഞ്ഞു. അജയ്‌ ഹെന്‍റിക്ക്‌ ഉടനടി വൈദ്യസഹായം ലഭ്യമാക്കിയെന്നായിരുന്നു കെജിഎംഒഎയുടെ പ്രസ്‌താവന. ഡിഎംഒ ഇതുവരെ ഔദ്യോഗിക അന്വേഷണം പൂര്‍ത്തിയാക്കാത്തപ്പോള്‍ ഇങ്ങനെയൊരു അവകാശവാദത്തിന്‌ എന്തു സാധുതയെന്ന്‌ കുടുംബാംഗങ്ങള്‍ ചോദിച്ചു.

ഡോക്ടര്‍മാരുടെ തെറ്റുകള്‍ മറയ്‌ക്കുന്നതിനും പൊതുജനത്തെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കുന്നതിനുമാണ്‌ ഇത്തരമൊരു അസത്യ പ്രസ്‌താവനയെന്ന്‌ പ്രഫ. ഹെന്‍റി പറഞ്ഞു. ഡോ. ബിജു നെല്‍സണും കെജിഎംഒഎയും നടത്തിയ അവകാശവാദങ്ങള്‍ തള്ളിക്കളയുകയാണെന്നും കൊല്ലം ജില്ലാ ആശുപത്രിയില്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും സിസിടിവികളും വേണമെന്ന ആവശ്യത്തെ പിന്തുണയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷനിലെ ചീഫ്‌ ജസ്‌ററിസ്‌, കൊല്ലം ജില്ലാ കളക്ടര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പോലീസ്‌, അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ ഓഫ്‌ പോലീസ്‌ തുടങ്ങിയവര്‍ക്കെല്ലാം അജയ്‌ ഹെന്‍റിയുടെ മാതാപിതാക്കള്‍ പരാതി നല്‌കിയിട്ടുണ്ട്‌.