Breaking News

Trending right now:
Description
 
Feb 12, 2014

ഈ ‘ദൃശ്യം ‘ ഒരൊന്നന്നര ദൃശ്യം തന്നെ............

Laly
image


 ദൃശ്യം കാണാനിറങ്ങുമ്പോള്‍ പോസ്റ്ററുകളിലൊക്കെയുള്ള മോഹന്‍ലാലിന്റെ മുഖങ്ങള്‍ ഓര്‍മ്മപ്പെടുത്തിയത് സത്യന്‍ അന്തിക്കാടു സംവിധാനം ചെയ്ത് വെറുപ്പിച്ച മോഹന്‍ ലാല്‍ ചിത്രങ്ങളായിരുന്നു. രസതന്ത്രം, സ്നേഹവീട്, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളുടെ ഓര്‍മ്മകള്‍ പോകണോ പോകണോയെന്ന് എന്നോട് ചോദിച്ചു കൊണ്ടേയിരുന്നു.. എന്നിട്ടും മോളുടെ പരീക്ഷതീര്‍തല്ലേ എന്തെങ്കിലുമാകട്ടേന്ന് കരുതി ... മോളാണു പറഞ്ഞത് ഒട്ടും പ്രതീക്ഷയില്ലാതെ പോകുന്നതു കൊണ്ട് നിരാശപ്പെടാനൊന്നുമുണ്ടാവില്ലാ ഉമ്മാ എന്ന്..

 ഫസ്റ്റ് ഷോയുടെ ആരവങ്ങളൊക്കെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ തികച്ചും സ്വാഭാവികമായ പ്രതികരണം മാത്രമായി കരുതി.. ബാല്‍ക്കണി മുഴുവന്‍ റിസേര്‍വ്ഡ് ആയിരുന്നു.. പിന്നെ സിനിമ നിലത്തിരുന്നാണെങ്കിലും കാണും എന്നുള്ളതു കൊണ്ടും അങ്ങനെയൊരു ഭൂതകാലം ഉണ്ടായിരുന്നതു കൊണ്ടും ഒന്നും നോക്കിയില്ല ഫസ്റ്റ് ക്ലാസ്സെങ്കില്‍ ഫസ്റ്റ് ക്ലാസ്സ്.. എടുത്തൂ നാലുടിക്കറ്റ് വലിയ ഗമയില്‍ തന്നെ.. ഫസ്റ്റ് ക്ലാസ്സിനു താഴെ ഇനിയും ക്ലാസ്സുകളൊന്നുമില്ലാതിനാല്‍ ക്ലാസ്സ് ലെസ്സ് സൊസൈറ്റിയുടെ അവസാനത്തേതിനു തൊട്ടു മുന്‍പുള്ള വരിയിലായിരുന്നു സ്ഥാനം.. സന്തോഷിച്ചൂ.. എന്റെ പ്രണയത്തെ, മോഹന്‍ലാലിനെ അടുത്തിരുന്നു കാണാമല്ലോ.. 

ആദ്യ പകുതി സത്യനന്തിക്കാടിനു ശിഷ്യപ്പെടുക തന്നെയായിരുന്നു സംവിധായകന്‍.. ആകെപ്പാടെ ഗുണ്‍പാഠങ്ങളും ഡോക്യുമെന്ററി രീതികളും അത്യാവശ്യം സ്ത്രീ വിരുദ്ധതയുമൊക്കെയായി അങ്ങനെ ഇഴഞ്ഞു നീങ്ങി സിനിമ.. മണ്ണിനെപ്പറ്റി, സ്കൂളുകളെപ്പറ്റി, പാഴ്ചെലവുകളെപ്പറ്റി ഒക്കെ നന്നായി ക്ലാസ്സെടുത്തൂ മോഹന്‍ ലാല്‍.. ഇതിങ്ങനെയൊക്കെയായാല്‍ മതിയോയെന്ന് ആശങ്കപ്പെട്ടു ഞാന്‍..

 പക്ഷേ രണ്ടാം പകുതി എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ മിനിറ്റിനു മിനിറ്റിനു സംവിധായകന്‍ നമ്മളെ ഞെട്ടിച്ചൂന്ന് പറഞ്ഞാല്‍ മത്യല്ലോ.. തീയേറ്റര്‍ മുഴുവന്‍ ഒരേ മനസ്സോടെ ഒരേ ആകാംക്ഷയോടെ ഈ സിനിമയെ അങ്ങു സ്വീകരിച്കൂന്ന് പറഞ്ഞാല്‍ അതൊട്ടും അധികമേയല്ല.. അത്രയും ത്രില്ലിംഗ് ആയിരുന്നൂ .. ഓരോ സീനിലും നിറയുന്ന കൈയ്യടി തീയേറ്ററിനെ ഇളക്കി മറിച്ചു.. അത്രക്കു റിവേഴ്സ് ട്വിസ്റ്റിലൂടെ മിന്നോട്ട് പോകുന്ന കഥ.. കൊന്നതാരാണെന്നറിയാം കൊല്ലപ്പെട്ടതാരാണെന്നറിയാം , എന്തിനാണെന്നും എങ്ങനെയാണെന്നുമറിയാം.. പിന്നെന്താ ഇത്ര സസ്പെന്‍സ് എന്നു ചോദിക്കരുത്.. അതങ്ങിനെയാണു.. ഒരു പ്രാര്‍ഥന.. പ്രേക്ഷകരുടെ ഒന്നിച്ചുള്ള ഒരു പ്രാര്‍ഥന.. 

 ഇതില്‍ക്കൂടുതല്‍ പറയാനാവില്ല.. എല്ലാവരേയും ഇഷ്ടപ്പെട്ടു.. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ടീനേജുകാരിയെ ഒഴിച്ച്.. ആശാ ശരത്, പ്രൊഫസര്‍ ജയന്തിയുടെ പേരുദോഷത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു.. ശക്തയായ ഒരു പോലീസോഫീസര്‍, ഒപ്പം മകനെ നഷ്ടപ്പെട്ട ദു:ഖം അടക്കാന്‍ കഷ്ടപ്പെടുന്ന ഒരമ്മയും.. സദാശിവനെന്ന പോലീസുകാരന്‍ വില്ലനും (പേരു മറന്നേ പോയി) സിദ്ദീഖും പിന്നെ എന്റെ പ്രിയപ്പെട്ട മോഹന്‍ലാലും....

 എന്നാലും ഉദ്യോഗസ്തകളായ സ്ത്രീകളുടെ മക്കള്‍ ഇങ്ങനെ വഴിപിഴച്ചു പോകുമെന്നൊരു പൊതു ബോധം ഊട്ടിയുറപ്പിക്കാന്‍ സംവിധായകന്‍ മടിച്ചതേയില്ല.. അവസാനം ഉദ്യോഗസ്ഥയെ രാജിവയ്പ്പിച്ച് ഭര്‍ത്താവിനൊപ്പം പറഞ്ഞുവിടാനും.. പാവം ബിസിനസ്സുകാരനായ ഭര്‍ത്താവു മകന്റെ ഈ താന്തോന്നിത്തരത്തില്‍ മനംനൊന്തു ഇതികര്‍ത്തവ്യതാമൂഢനായി..

 ഇതൊക്കെയൊഴിച്ചാല്‍ എനിക്കിഷ്ടപ്പെട്ടൂ ഈ സിനിമ.. ഒരൊറ്റ പ്രാര്‍ഥനയേ ബാക്കിയുള്ളു.. ഇതിന്റെ ഒറിജിനല്‍ ഏതെങ്കിലും ഫോറിന്‍ ലംഗ്വേജ് ചിത്രമാണെന്നും പറഞ്ഞ് ആരും വരരുതെന്ന്..

 അതേയ്.. കൂയ്.. ഇതു എന്റെര്‍ ടെയിന്‍മെന്റ് ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരിയുടെ വിചാരങ്ങളാണേ.... (സത്യായും ഞാനൊരു സാധാരണക്കാരിയാണു). ഇനിയിപ്പോ അന്വര്‍ അബ്ദുള്ള മോഡല്‍(റിവേഴ്സ്ക്ലാപ്പ് ഫെയിം) ഒരു റിവ്യ്യൂ നിങ്ങളാവശ്യപ്പെട്ടാല്‍ എഴുതി ത്റരാന്‍ ഞാനൊരു മടിയും കാണിക്കില്ല ഓര്‍മ്മയിരിക്കട്ടെ..  

(വേറിട്ടൊരു എഴുത്തിന്റെ വഴി സ്വീകരിച്ചതിലൂടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ശ്രദ്ധ നേടിയതാണ്‌ ലാലിയുടെ പോസ്‌റ്റുകള്‍. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ സ്വന്തമായ കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കാന്‍ താത്‌പര്യപ്പെടുന്ന ലാലിയുടെ എഴുത്ത്‌ ഒട്ടേറെപ്പേര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രസാദാത്മകവും ലളിതവുമായ ശൈലി, നേരെ വാ നേരെ പോ എന്ന മട്ട്‌... ഇതൊക്കെയാണ്‌ ലാലിയുടെ എഴുത്തിന്റെ പ്രത്യേകതകള്‍. )