Breaking News

Trending right now:
Description
 
Feb 11, 2014

കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലീമീസ്‌ സിബിസിഐ പ്രസിഡന്റ്‌

image കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യയുടെ പ്രസിഡന്റായി മലങ്കര സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലീമീസ്‌ കാതോലിക്കാ ബാവയെ തിരഞ്ഞെടുത്തു. കോട്ടയം പാലായില്‍ നടക്കുന്ന സിബിസിഐ പ്ലീനറി സമ്മേളനത്തിലാണ്‌ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്‌. കെസിബിസി പ്രസിഡന്റും നിലവില്‍ സിബിസിഐ വൈസ്‌ പ്രസിഡന്റുമാണ്‌. നിലവിലുള്ള പ്രസിഡന്റ്‌ മുംബൈ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ഓസ്‌ വാള്‍ഡ്‌ ഗ്രേഷ്യസ്‌ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ്‌ പുതിയപ്രസിഡന്റിനെ തിരഞ്ഞെടുത്തത്‌. പ്രസിഡന്റ്‌ സ്ഥാനം വഹിക്കാവുന്ന പരമാവധി കാലാവധി നാലുവര്‍ഷക്കാലമാണ്‌. സിബിസിഐയുടെ കീഴ്‌ വഴക്കമനുസരിച്ച്‌ ഇത്തവണ പ്രസിഡന്റ്‌ സ്ഥാനം മലങ്കര റീത്തിന്‌ അവകാശപ്പെട്ടതായിരുന്നു. വിശ്വാസ കമ്മീഷന്‍ അധ്യക്ഷനായി പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ വീണ്ടു തിരഞ്ഞെടുക്കപ്പെട്ടു. പൂനെ ബിഷപ്‌ തോമസ്‌ സാംബറെ, മൂവാറ്റുപുഴ ബിഷപ്‌ ഏബ്രഹാം മാര്‍ ജൂലിയോസ്‌ എന്നിവരാണ്‌ കമ്മീഷനിലെ മറ്റ്‌ അംഗങ്ങള്‍. വൈദികര്‍ക്കും സന്യസ്‌തര്‍ക്കുമുള്ള സിബിസിഐ കമ്മീഷന്‍ അധ്യക്ഷനായി ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്‌ അനില്‍ തോമസ്‌ ജോസഫ്‌ തോമസ്‌ കൂട്ടോയെ തിരഞ്ഞെടുത്തു. ഗോവ ആര്‍ച്ച്‌ ബിഷപ്‌ ഫിലിപ്‌ നെരിഫെരാരോ, എറണാകുളം അങ്കമാലി സഹായമെത്രാന്‍ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍. പ്ലീനറി സമ്മേളനം ബുധനാഴ്‌ച അവസാനിക്കും.

ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ക്ലീമിസിനെ അടുത്തിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയോദ്‌ഗ്രഥന സമിതി (നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സില്‍-എന്‍ഐസി) അംഗമായും തെരഞ്ഞെടുത്തിരുന്നു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാക്കള്‍, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, മുഴുവന്‍ മുഖ്യമന്ത്രിമാര്‍, വിവിധ ദേശീയ കമ്മീഷനുകളുടെ അധ്യക്ഷന്മാര്‍, ശ്രദ്ധേയ വ്യക്തികള്‍, പത്രാധിപന്മാര്‍, വനിതാ പ്രതിനിധികള്‍ എന്നിവരാണ്‌ ഈ സമിതിയിലുള്ളത്‌. വിവിധ മതവിഭാഗങ്ങളുമായും മറ്റു ക്രൈസ്‌തവ സമൂഹങ്ങളുമായും വളരെ അടുത്ത ബന്ധമാണ്‌ അദ്ദേഹം സൂക്ഷിക്കുന്നത്‌. അടുത്തയിടെ 2000 ഭവനരഹിതര്‍ക്കു വീടു വച്ചു നല്‌കുന്ന `സ്‌നേഹപൂര്‍വം ഒരു വീട്‌' എന്ന ബൃഹത്തായ പദ്ധതിക്ക്‌ അദ്ദേഹം രൂപം നല്‌കിയിരുന്നു. ഈ പദ്ധതിയുടെ ആദ്യഘട്ടമായി ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളില്‍പ്പെട്ട 50 കുടുംബങ്ങള്‍ക്കു വീട്‌ നിര്‍മിച്ചു നല്‌കിയ സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.