Breaking News

Trending right now:
Description
 
Feb 11, 2014

പതിമ്മൂന്നു കതകുകളും എനിക്ക്‌ ഇഷ്ടപ്പെട്ടു, ഞാന്‍ എടുക്കുന്നു, എന്ന്‌ കള്ളന്‍ ഗോപാലന്‍

Evana Peter
image ക്രേസി ഗോപാലന്‍ എന്ന ദിലീപ്‌ സിനിമ കണ്ട്‌ ഹരംമൂത്തൊരു കള്ളന്‍ കഴിഞ്ഞ ദിവസം ശരിക്കും ഈ സിനിമയെ മാതൃകയാക്കി. ചങ്ങനാശേരി പാലാത്തറ ബൈപാസിനുസമീപം റൂബി നഗറില്‍ പണി പൂര്‍ത്തിയായി വരുന്ന ഇരുനില വീട്ടിലെ പതിമ്മൂന്ന്‌ കതകുകള്‍ അഴിച്ചെടുത്ത്‌ ലോറിയില്‍ കടത്തിയാണ്‌ കള്ളന്‍ നാടുവിട്ടത്‌. തേക്കില്‍ തീര്‍ത്തവയായിരുന്നു മിക്ക കതകുകളും. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. സിനിമയില്‍ കണ്ടതുപോലെ ഈ കതക്‌ എനിക്ക്‌ ഇഷ്ടപ്പെട്ടു ഞാന്‍ എടുക്കുന്നു എന്ന മട്ടിലുള്ള കത്തുകളൊന്നും കണ്ടെത്താനായില്ല.

പെയിന്റിംഗ്‌ പോലെ ഏതാനും മിനുക്കു പണികള്‍ മാത്രം ബാക്കിയുള്ള വീട്ടില്‍നിന്ന്‌ കതകുകള്‍ രായ്‌ക്കുരാമാനം കടത്തിയത്‌ അയല്‍പക്കത്തുള്ളവര്‍ പോലും അറിഞ്ഞില്ല. രാത്രിയിലും പകലുമായി പണി നടക്കുന്നതിനാല്‍ കതക്‌ പിടിപ്പിക്കുകയാണോ അഴിച്ചെടുക്കുകയാണോ എന്നതും ആരും ശ്രദ്ധിച്ചില്ല.

മുന്‍പിലെ ചിത്രപ്പണികളുള്ള വാതില്‍ അടക്കം പിന്‍വശത്തെ അടുക്കള വാതിലും രണ്ടാം നിലയിലെ മുറിയുടെ കതകുകളുമെല്ലാം ഒന്നൊഴിയാതെ വിദഗ്‌ധമായി അടിച്ചുമാറ്റി. മറ്റ്‌ സാധനങ്ങളൊന്നും മോഷ്ടിച്ചതായി വിവരമില്ല. പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും കതകുപോയിട്ട്‌ കൊളുത്തുപോലും കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന്‌ പോലീസ്‌ അധികൃതര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

കുറെ മാസങ്ങള്‍ക്കു മുമ്പ്‌, പണിപൂര്‍ത്തിയാക്കിയ വീട്ടിലെ സര്‍വമാന ഇലക്ട്രിക്‌ വയറുകളും മോഷ്ടിച്ചിരുന്നു. സ്വിച്ച്‌ ബോര്‍ഡുകള്‍ അഴിച്ചുമാറ്റി വയര്‍ അപ്പാടെ വലിച്ചെടുത്ത്‌ ഒരു മുറിയിലിട്ട്‌ കത്തിച്ച ശേഷം ചെമ്പുകമ്പികള്‍ എടുത്തുകൊണ്ടുപോകുകയായിരുന്നു.