Breaking News

Trending right now:
Description
 
Feb 11, 2014

കാന്‍സറിനെ മനശക്തികൊണ്ട്‌ നേരിട്ടതായി ഇന്നസെന്റ്‌

image മെഡിഫെസ്റ്റില്‍ ചലച്ചിത്രതാരം ഇന്നസെന്റ്‌ എത്തിയത്‌ ചിരിമരുന്നുമായി. ആലപ്പുഴ ഇഎംഎസ്‌ സ്‌റ്റേഡിയത്തിലെത്തിയ ഇന്നസെന്റിനെ കണ്ടപ്പോള്‍ മുതല്‍ പ്രഭാഷണം അവസാനിപ്പിക്കുന്നതുവരെ സദസ്യര്‍ ചിരിയിലമര്‍ന്നു. സ്‌കൂള്‍ തലം മുതലുള്ള ജീവിതം ഹാസ്യസിനിമപോലെ അവതരിപ്പിച്ച ഇന്നസെന്റ്‌ കാന്‍സറിനെ മനശക്തികൊണ്ട്‌ നേരിട്ടത്‌ ലളിതമായി പറഞ്ഞു. തന്റെ കുട്ടിക്കാലവും സിനിമയുമെല്ലാം വിവരിച്ച്‌ സംസാരം നീണ്ടപ്പോള്‍ ജനം എല്ലാം മറന്നിരുന്നു. മാരകരോഗം വന്നതില്‍ വിഷമമില്ല. രോഗംവന്നാല്‍ അവശനായി വീട്ടിലിരിക്കുകയല്ല വേണ്ടത്‌. ധൈര്യത്തോടെ ചിരിച്ചുകൊണ്ട്‌ നേരിടണം. രോഗത്തെ അകറ്റണം. വിശ്വാസവും പ്രാര്‍ഥനയുമാകാം. രോഗം കുറയാനായി കാട്ടിക്കൂട്ടുന്ന അന്ധവിശ്വാസങ്ങളില്‍ വീണുപോകരുത്‌. രോഗവിവരം അറിഞ്ഞപ്പോള്‍ സിനിമയില്‍നിന്നു പുറത്തുപോകേണ്ടിവരുമെന്നു ചിന്തിച്ചു. സ്വയം മനോധൈര്യമുണ്ടാക്കി രോഗത്തെ നേരിട്ടു. ഭാര്യ ആലീസിനും കാന്‍സറാണെന്നറിഞ്ഞപ്പോള്‍ ചെറുതായി തകര്‍ന്നെങ്കിലും ധൈര്യത്തോടെ മുന്നോട്ടുപോയി, രോഗം ഭേദമായി. മരുന്നിനേക്കാള്‍ വലിയ ഫലമാണ്‌ മനോധൈര്യം നല്‍കുന്നത്‌. രോഗം മാറാന്‍ ധൈര്യംമാത്രം പോര ചികിത്സയ്‌ക്ക്‌ പണവും വേണം- ഇന്നസെന്റ്‌ പറഞ്ഞു. പണമില്ലെന്ന കാരണത്താല്‍ ചികിത്സകിട്ടാതെ നിരവധി ആളുകളാണ്‌ വിഷമിക്കുന്നത്‌. അത്തരത്തിലുള്ള ആയിരക്കണക്കിനാളുകള്‍ക്ക്‌ പ്രയോജനം ചെയ്യുന്നതാണ്‌ മെഡിക്കല്‍ ക്യാമ്പ്‌. ജീവിതത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാധാന്യമാണിത്തരം ക്യാമ്പുകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പ്‌ നടത്താന്‍ മുന്‍കൈയെടുത്ത കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിനെ അഭിനന്ദിക്കാനും ഇന്നസെന്റ്‌ മറന്നില്ല. സൂപ്പര്‍സ്‌പെഷാലിറ്റി സംവിധാനങ്ങളടക്കമുള്ള ഇത്രയും വലിയ മെഡിക്കല്‍ ക്യാമ്പ്‌ ആദ്യമായാണ്‌ താന്‍ കാണുന്നതെന്നും ഇന്നസെന്റ്‌ പറഞ്ഞു. ക്യാമ്പ്‌ ചുറ്റിനടന്നു കണ്ടശേഷമാണ്‌ ഇന്നസെന്റ്‌ മടങ്ങിയത്‌.