Breaking News

Trending right now:
Description
 
Feb 11, 2014

ബാങ്ക്‌ സമരം: ഇന്നലെ 10 കോടിയുടെ ചെക്കുകള്‍ ക്ലിയറായില്ല; എടിഎമ്മിലെ പണവും തീര്‍ന്നു

image ബാങ്ക്‌ ജീവനക്കാരുടെ സമരത്തെത്തുടര്‍ന്നു രാജ്യവ്യാപകമായി വിവിധ ബാങ്കുകളില്‍ പത്തുകോടിയോളം ചെക്കുകള്‍ ക്ലിയറാകാതെ കിടക്കുന്നു. ഇന്നലെ മുതല്‍ ഇന്നുവരെ 48 മണിക്കൂര്‍ സമരമാണു ജീവനക്കാര്‍ നടത്തുന്നത്‌. മൊത്തം 7,40,000 കോടി രൂപയുടെ ചെക്കുകളാണിവ. യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയനുകളാണു സമരത്തിലുള്ളത്‌. ചെന്നൈയില്‍ മാത്രം 64,000 കോടി രൂപയുടെ 90 ലക്ഷം ചെക്കുകളാണു പ്രോസസ്‌ ചെയ്യാത്തത്‌. സര്‍ക്കാര്‍ ഇടപാടുകള്‍, വിദേശ വിനിമയ ഇടപാടുകള്‍, മണി മാര്‍ക്കറ്റ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ചില മേഖലകളില്‍ എടിഎമ്മുകളിലെ പണം തീര്‍ന്നു. എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എന്‍സിബിഒ, ബെഫി, ഐഎന്‍ബിഇഎഫ്‌, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ തുടങ്ങിയ യൂണിയനുകളില്‍പ്പെട്ട പത്തുലക്ഷത്തോളം ജീവനക്കാരും ഓഫീസര്‍മാരും സമരത്തിലുള്ളത്‌. പൊതുമേഖല, റീജണല്‍ റൂറല്‍, വിദേശ ബാങ്കുകള്‍ തുടങ്ങിയ മേഖലകളിലെ ബാങ്ക്‌ ജീവനക്കാര്‍ സമരത്തിലുണ്ട്‌. വേതനം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണു ജീവനക്കാരുടെ സമരം. 2012 നവംബര്‍ മുതല്‍ വേതന പരിഷ്‌കരണം മുടങ്ങിയിരിക്കുകയാണ്‌. കഴിഞ്ഞ ഒരുവര്‍ഷമായി ഇതു വൈകിപ്പിക്കാനാണു ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ ശ്രമിച്ചതെന്നു യൂണിയനുകള്‍ ആരോപിക്കുന്നത്‌. നചികേത്‌ മോര്‍ കമ്മിറ്റിയുടെ ശിപാര്‍ശ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും അക്കൗണ്ട്‌ നല്‍കണമെന്നാണ്‌. അങ്ങനെ വന്നാല്‍ 50 കോടി പുതിയ അക്കൗണ്ടുകള്‍ വേണ്ടിവരും. ഇത്‌ ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും കനത്ത ജോലിഭാരം വരുത്തിവയ്‌ക്കും. ഇപ്പോള്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ മൂലം ജോലിഭാരം വര്‍ധിച്ചിട്ടുണ്ട്‌. അതിനാല്‍ യുക്‌തിസഹമായ വേതന പരിഷ്‌്‌കരണം ആവശ്യമാണെന്നു ഓള്‍ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി. എച്ച്‌. വെങ്കിടാചലം പറഞ്ഞു. ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പത്തുശതമാനം വേതന വര്‍ധന അപര്യാപ്‌തമാണ്‌. ബാങ്കുകളുടെ ലാഭസ്ഥിതി അത്ര മെച്ചമല്ല. അതിനാല്‍ വേതന വര്‍ധന പരിഗണിക്കാനാവില്ലെന്നും ബാങ്ക്‌ മാനേജ്‌മെന്റുകള്‍ പറയുന്നു.