Breaking News

Trending right now:
Description
 
Feb 09, 2014

ആത്മീയ സംഗമത്തിന്‌ പമ്പാതീരം ഒരുങ്ങി; മാരാമണ്‍ കണ്‍വന്‍ഷന്‌ ഇന്നു തുടക്കം

image വിശ്വപ്രസിദ്ധമായ ആത്മീയസംഗമത്തിനു വീണ്ടും പമ്പാ തീരമൊരുങ്ങി. മാരാമണ്‍ മണല്‍പ്പുറത്തെ വിശാലമായ പന്തലിനു കീഴില്‍ ഒരാഴ്‌ച നീളുന്ന വചനവിരുന്നിനും സ്‌തുതിഗീതങ്ങള്‍ക്കും ഇന്ന്‌ ഉച്ചകഴിഞ്ഞു മണി മുഴങ്ങും. ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി മാര്‍ത്തോമ്മാ സഭയുടെ സുവിശേഷ പ്രസംഗസംഘം നേതൃത്വം നല്‍കുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ 119-ാമത്‌ സമ്മേളനത്തിനാണ്‌ ഇന്നു തുടക്കം കുറിക്കുന്നത്‌. ഉച്ചകഴിഞ്ഞ്‌ 1.30ന്‌ മാരാമണ്‍ കണ്‍വന്‍ഷന്‍ ഗായകസംഘം പന്തലിനു കീഴില്‍ ഗാനങ്ങള്‍ ആലപിച്ചു തുടങ്ങും. 2.30ന്‌ ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രാരംഭ പ്രാര്‍ഥനയ്‌ക്കു നേതൃത്വം നല്‍കും. മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്‌ തോമസ്‌ മാര്‍ തീമോത്തിയോസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. റവ.പീറ്റര്‍ മെയ്‌ഡന്‍ സന്ദേശം നല്‍കും. നാളെ മുതല്‍ രാവിലെ 10നും ഉച്ചകഴിഞ്ഞു രണ്ടിനും പൊതുയോഗങ്ങളും വൈകുന്നേരം 6.30ന്‌ പുരുഷന്‍മാര്‍ക്കായുള്ള യോഗവും മണല്‍പ്പുറത്ത്‌ ഉണ്ടാകും. കൂടാതെ ബൈബിള്‍ ക്ലാസുകളും പ്രത്യേക സമ്മേളനങ്ങളും പന്തലിനു കീഴില്‍ നടക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ്‌ ഡി. ചിക്കേര (ശ്രീലങ്ക), റവ.വ്യാനി നെയ്‌ബോള (ദക്ഷിണാഫ്രിക്ക), റവ. പീറ്റര്‍ മെയ്‌ഡന്‍ (ഇംഗ്ലണ്ട്‌) എന്നിവരാണ്‌ ഇക്കൊല്ലത്തെ മുഖ്യപ്രസംഗകര്‍.12നു രാവിലെ 10ന്‌ എക്യുമെനിക്കല്‍ സമ്മേളനത്തില്‍ സിഎസ്‌ഐ മോഡറേറ്റര്‍ ഡോ.ജി. ആശിര്‍വാദം, അന്ത്യോക്യന്‍ പാത്രിയര്‍ക്കീസ്‌ പ്രതിനിധിയായി കേരളത്തിലെത്തിയിരിക്കുന്ന ആര്‍ച്ച്‌ബിഷപ്‌ മാര്‍ തിമോത്തിയോസ്‌ മത്താ അല്‍കൗറി എന്നിവര്‍ പ്രസംഗിക്കും.