Breaking News

Trending right now:
Description
 
Feb 09, 2014

പാലൂട്ടുന്ന അമ്മമാര്‍ക്ക്‌ സമീകൃത ആഹാരം നിര്‍ബന്ധം

image പാലൂട്ടുന്ന അമ്മമാര്‍ക്ക്‌ ഗര്‍ഭിണിയായ സ്‌ത്രീയേക്കാള്‍ കൂടുതല്‍ കലോറി ഊര്‍ജം ആവശ്യമാണ്‌. കുഞ്ഞിന്‌ ശരിയായ അളവില്‍ പോഷകങ്ങളും പാലും കിട്ടാന്‍ അമ്മമാര്‍ സമീകൃത ആഹാരം തന്നെ കഴിക്കണം. പക്ഷേ, അതിനര്‍ഥം കൂടുതല്‍ ഭക്ഷണം കഴിക്കണം എന്നല്ല. പാല്‍, തൈര്‌, മോര്‌ എന്നിവ അധികം കഴിച്ചാല്‍ ഊര്‍ജം കിട്ടും. ആദ്യത്തെ ആറുമാസം ഒരു ലിറ്റര്‍ പാല്‍ കുടിക്കണം. പാട മാറ്റിയ പാലാണ്‌ ഉത്തമം. പ്രസവത്തിനുശേഷം ശരീരത്തിന്‌ ആവശ്യമായ പ്രോട്ടീനും കാത്സ്യവും ധാരാളമായി ലഭിക്കാന്‍ പാല്‍ ഉത്‌പന്നങ്ങള്‍ സഹായിക്കും. അമിതവണ്ണം ഉണ്ടാക്കും എന്നതിനാല്‍ കൊഴുപ്പുകൂടിയ ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇത്തരം ഭക്ഷണം ദഹനക്കേടിനും കാരണമാകും. കാബേജ്‌, കോളിഫ്‌ളവര്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഗ്യാസ്‌ട്രബിള്‍ ഉണ്ടാക്കുന്നതിനാല്‍ കുറച്ചുമാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ.
ധാരാളം വെളളം കുടിക്കണം. 10-12 ഗ്ലാസ്‌ വെള്ളം കുടിച്ചാലേ കുഞ്ഞിന്‌ പാകത്തിന്‌ കട്ടിയുള്ള മുലപ്പാല്‍ ലഭിക്കുകയുള്ളൂ. പാചകം ചെയ്യുമ്പോള്‍ ഏറ്റവും കുറച്ച്‌ എണ്ണമാത്രമേ ഉപയോഗിക്കാവൂ. കൊഴുപ്പുള്ള ഭക്ഷണമോ, മധുരപലഹാരങ്ങളോ, ആട്ടിറച്ചിയോ കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കുമെന്ന ധാരണ ശരിയല്ല. വാസ്‌തവത്തില്‍ ഇവയുണ്ടാക്കുന്നത്‌ നിര്‍ജലീകരണമാണ്‌. അതായത്‌ ശരീരത്തിലെ ജലാംശം കുറയുന്നു. പ്രസവത്തിനുശേഷം അമിതവണ്ണം വെയ്‌ക്കുന്നവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊഴുപ്പുള്ള ആഹാരം ഒഴിവാക്കി സമീകൃതാഹാരം കഴിക്കണം. പ്രസവിച്ച്‌ ആറുദിവസത്തിനുശേഷം ദിവസവും അരമണിക്കൂര്‍ നടക്കുന്നത്‌ അമിതവണ്ണം കുറയ്‌ക്കുന്നതിന്‌ സഹായിക്കും.