Breaking News

Trending right now:
Description
 
Feb 09, 2014

ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക്‌ വീസ ചട്ടങ്ങള്‍ കര്‍ശനമാക്കുമെന്ന്‌ അമേരിക്ക

image ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും വന്‍കിട കമ്പനികള്‍ക്കും വീസ ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ അമേരിക്ക തീരുമാനിച്ചു. എന്നാല്‍ അമേരിക്കയുടെ തീരുമാനത്തിനെതിരേ ഇന്ത്യ ശക്‌തമായ മുന്നറിയിപ്പുമായി രംഗത്ത്‌. അമേരിക്കയില്‍ തദ്ദേശീയര്‍ക്കു കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണു വൈഭവ ശേഷിയുളള വിദേശീയരുടെ വീസ ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ അമേരിക്ക തീരുമാനിച്ചത്‌. ഇന്ത്യക്കാര്‍ക്കു മുന്നില്‍ അമേരിക്കന്‍ ബിസിനസ്‌ മേഖലയുടെ വാതിലുകള്‍ കൊട്ടിയടയ്‌ക്കുക എന്നതാണു വീസ ചട്ടത്തിനു പിന്നിലെന്ന്‌ ഇന്ത്യന്‍ അംബാസഡര്‍ എസ്‌്‌. ജയശങ്കര്‍ പറഞ്ഞു. ഈ തീരുമാനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ദ്രോഹകരമാണ്‌. മാത്രമല്ല അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്കും ദോഷം ചെയ്യും. ഇതിലൊക്കെ ഉപരി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും വഷളാക്കുമെന്നും ജയശങ്കര്‍ മുന്നറിയിപ്പു നല്‍കി. പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ കക്ഷി കുടിയിറക്കം സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. 110 ലക്ഷത്തോളം കുടിയിറക്കക്കാര്‍ അനധികൃത രേഖകളുമായിട്ടാണ്‌ അമേരിക്കയില്‍ കഴിയുന്നത്‌. ഇവര്‍ക്ക്‌ നിയമസാധുത നല്‍കണമെന്നാണു റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്‌. 

എന്നാല്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്ന്‌ സയന്‍സ്‌ ബിരുദം നേടുന്നവര്‍ക്ക്‌ സ്വയം ഇമിഗ്രന്റ്‌ വീസ ആര്‍ജിക്കുന്നതിനുള്ള നിര്‍ദേശം ഡെമോക്രാറ്റുകള്‍ മുന്നോട്ടുവച്ചു. സെനറ്റ്‌ ഇതു ഭാഗികമായി പാസാക്കുകയും ചെയ്‌തു. പിന്നീട്‌ നിയമത്തില്‍ മാറ്റം വരുത്തി അമേരിക്കയിലേക്കു താത്‌കാലികമായി വരുന്ന വിദഗ്‌ധ തൊഴിലാളികള്‍ അല്ലെങ്കില്‍ ജീവനക്കാര്‍ക്കുള്ള എച്ച്‌്‌- 1 ബി വീസയാക്കി മാറ്റുകയും ചെയ്‌തു. ഈ വീസയ്‌ക്കുള്ള ഫീസ്‌ കൂട്ടുമെന്നു മാത്രമല്ല, കമ്പനികളെ ആശ്രയിക്കുന്ന ജീവനക്കാര്‍ക്കു മാത്രമായി അധികമുള്ള എച്ച്‌- 1 ബി വീസ പരിമിതപ്പെടുത്താനുമാണു തീരുമാനം. ഇന്ത്യന്‍ കമ്പനികള്‍ കുറഞ്ഞ ശമ്പളത്തിനു കൂടുതല്‍ ജീവനക്കാരെ കൊണ്ടുവന്ന്‌ തങ്ങളെ ബിസിനസ്‌ തകര്‍ക്കുകയാണെന്ന അമേരിക്കന്‍ കമ്പനികളുടെ ആരോപണത്തെത്തുടര്‍ന്നാണ്‌ ഈ നടപടി ഉണ്ടാകാന്‍ പോകുന്നത്‌. എന്നാല്‍ ഇത്‌ യുഎസ്‌ ബിസിനസ്‌ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന്‌ ഇന്ത്യയും വാദിക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ്‌ യു എസ്‌ സമ്പദ്‌വ്യവസ്ഥ മത്‌സരക്ഷമതയാര്‍ജിച്ചുകൊണ്‌ടിരിക്കുന്നത്‌. ദോഷകരമായ നീക്കത്തില്‍ നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യന്‍ അംബാസഡര്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ കോണ്‍ഗ്രസിലെ 25 അംഗങ്ങളുമായും പ്രതിനിധി സഭാ സ്‌പീക്കര്‍ ജോണ്‍ ബോണര്‍, സെനറ്റ്‌ നേതാവ്‌ ഹാരി റീഡ്‌ എന്നിവരുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു.