Breaking News

Trending right now:
Description
 
Nov 03, 2012

കണ്ണൂര്‍ നേഴ്‌സസ്‌ സമരം 13-ാം ദിവസത്തിലേയ്‌ക്ക്‌, സമര സമിതി രൂപികരിച്ചു

image കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ നാലു സ്വകാര്യ ആശുപത്രികളിലായി നടക്കുന്ന സമരം 13-ാം ദിവസത്തിലേയക്ക്‌ കടന്നു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെ സമരസഹായ സമിതി രൂപവല്‌ക്കരിച്ചിരുന്നു. സംയുക്ത സമര സമിതി ജനറല്‍കണ്‍വീനറായി ലിബിന്‍ തോമസിനെയാണ്‌ തിരഞ്ഞെടുത്തത്‌.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ 60യോളം പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സിപിഎം നേതാവിനെയാണ്‌ സമരസമിതി ചെയര്‍മാനായി തീരുമാനിച്ചത്‌. എന്നാല്‍ പാര്‍ട്ടിയുടെ അനുവാദം വാങ്ങണം എന്ന്‌ അറിയച്ചതിനെ തുടര്‍ന്ന്‌ നാളെ ചേരുന്ന യോഗത്തിലെ സമര സമിതി ചെയര്‍മാനെ ഔദ്യോഗികമായി തീരുമാനിക്കു. കണ്ണൂരില്‍ സമരം നയിക്കുന്ന ഐഎന്‍എ എന്ന സംഘടന തന്നെയാണ്‌ കോതമംഗലത്തും സമരം നയിച്ചത്‌. കോതമംഗലം സമരത്തില്‍ പങ്കെടുത്ത നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതിനു മുമ്പു തന്നെ ഇവിടെ രൂപികരിച്ച സമര സഹായ സമിതി പിരിച്ചുവിട്ടിരുന്നു.

ഇവിടെ നടക്കുന്ന മറ്റു തൊഴില്‍ ചൂക്ഷണത്തെപ്പറ്റി അറിയില്ലന്നാണ്‌ സമര സമിതി ചെയര്‍മാന്‍ ജോയി പറഞ്ഞത്‌. ത്രീ ഷിഫ്‌റ്റ്‌ അനുവദിച്ച മാനേജ്‌മെന്റ്‌ നേഴ്‌സുമാരുടെ വേതനത്തില്‍ നിന്ന്‌ പണം വെട്ടി കുറയ്‌ക്കുക, രോഗികളെ നല്‌കാതെ ഡ്യൂട്ടി അനുവദിക്കുക,ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും കഠിനമായ ശിക്ഷ നല്‌കുക തുടങ്ങിയ രീതികള്‍ അവലംബിച്ചിരുന്നു.സമരത്തിനു ശേഷം ആശുപത്രി മാനേജ്‌മെന്റിന്റെ കഠിന ചൂക്ഷണത്തിനാണ്‌ ഈ നേഴ്‌സുമാര്‍ ഇരയായത്‌. സംഘടനയ്‌ക്ക്‌ അതിന്റതായ പരിമിതികള്‍ ഉണ്ട്‌. അതുകൊണ്ട്‌ സമര സഹായ സമിതി കൂടുതല്‍ ശ്രദ്ധിക്കണം. ഒപ്പം ഏത്‌ സംഘടന സമരം നയിച്ചാലും നേഴ്‌സുമാരുടെ ആവിശ്യം ന്യായമായതിനാല്‍ സമരം തീര്‍ന്നാലും സമര സഹായ സമതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടു പോകുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തണം. 

കോതമംഗലത്ത്‌ ഒരു എഗ്രിമെന്റില്‍ ഒപ്പിട്ടിട്ടില്ലന്നാണ്‌ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റിന്റെ വാദം. കഠിന മാനസിക ചൂക്ഷണം താങ്ങാന്‍ ആവാതെ 20 നേഴ്‌സുമാര്‍ ഹോസ്‌പിറ്റലില്‍ നിന്ന്‌ രാജിവച്ചിരുന്നു. രാജിവയ്‌ക്കാത്ത നഴ്‌സുമാരില്‍ ഒരു വര്‍ഷത്തില്‍ താഴെ തൊഴില്‍ പരിചയമുള്ളവരെ പിരിച്ചുവിടുമെന്നും ഹോസ്‌പിറ്റല്‍ മാന്‌ജ്‌മെന്റ്‌ പ്രതിനിധി പറഞ്ഞിരുന്നു. കോതമംഗലംവിഷയം പഠിക്കാന്‍ രൂപികരിച്ച സമര സമിതി റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു നല്‌കിയതായി ലേബര്‍ കമീഷണര്‍ വ്യക്തമാക്കി. 

എന്നാല്‍ ചര്‍ച്ച വിളിക്കാന്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുകയാണ്‌. സമരം തീര്‍ന്നതിനു ശേഷം ഈ വിഷയങ്ങളില്‍ കാര്യമായ ഇടപെടല്‍ നടത്താത്ത സംഘടന ഇന്ന്‌ കണ്ണൂര്‍ വിഷയം ധരിപ്പിക്കനായി മുഖ്യമന്ത്രിയെ കാണുമെന്നാണ്‌ അറിയിച്ചിട്ടുണ്ട്‌. കോതമംഗലത്ത്‌ ഒരക്ഷരം മിണ്ടാത്ത മുഖ്യന്‍ ഈ കണ്ണൂര്‍ സമരത്തില്‍ എന്തു നിലപ്പാട്‌ സ്വീകരിക്കുമെന്നറിയാന്‍ നേഴ്‌സുമാര്‍ ആകാംഷയോടെ കാത്തിരിക്കുയാണ്‌.