Breaking News

Trending right now:
Description
 
Feb 07, 2014

മലയാളി ഐഎഎസ്‌ ഓഫീസര്‍ ഷൈലയ്‌ക്കിത്‌ അഭിമാനനിമിഷം, മുംബെ കളക്ടറായി തിങ്കളാഴ്‌ച ചുമതലയേല്‍ക്കും

image ഏറെ പ്രൗഡിയാര്‍ന്ന മുംബെ സിറ്റിയുടെ കളക്ടറായി മലയാളിയായ എ. ഷൈല നിയമിതയായി. തിങ്കളാഴ്‌ച ചുമതലയേല്‍ക്കും. മഹാരാഷ്ട്ര കേഡറില്‍ 2003 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥയാണ്‌ ഷൈല.

ആലുവ ആലങ്ങാട്‌ കുന്നിന്‍പുറത്ത്‌ എസ്‌. അബുവിന്റെ മൂത്ത പുത്രിയും മുംബെയില്‍ അഭിഭാഷകനായി പ്രാക്ടീസ്‌ ചെയ്യുന്ന മണ്ണാര്‍കാട്‌ സ്വദേശി അഡ്വ. എം.എസ്‌. റോയി മണ്ണൂരിന്റെ ഭാര്യയുമാണ്‌ ഷൈല. ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങളും സിവില്‍ സര്‍വീസ്‌ നേടി ചരിത്രമെഴുതിയതിലൂടെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഷൈലയുടെ ഇളയ സഹോദരന്‍ എ. അക്‌ബര്‍ തിരുവനന്തപുരം ക്രൈം ബ്രാഞ്ച്‌ എസ്‌പിയാണ്‌. ഇളയ സഹോദരി എ. ഷൈന ഐഎഎസ്‌ നേടി ഹിമാചല്‍ പ്രദേശില്‍ അഡീഷണല്‍ ഡയറക്ടറായി ജോലി നോക്കുന്നു.

ആലുവ യുസി. കോളജില്‍ നിന്ന്‌ എംഎ ഇക്കണോമിക്‌സില്‍ ഒന്നാം റാങ്ക്‌ നേടി അവിടെത്തന്നെ ഗസ്‌റ്റ്‌ ലക്‌ചററായിരിക്കെയാണ്‌ ഷൈല സിവില്‍ സര്‍വീസിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. അഖിലേന്ത്യാ തലത്തില്‍ 49-ാം റാങ്കായിരുന്നു. കൊങ്കണ്‍ രത്‌നഗിരി ജില്ലയിലായിരുന്നു ആദ്യ നിയമനം. പിന്നീട്‌ ചിത്‌ളൂര്‍ അസിസ്റ്റന്റ്‌ കളക്ടറായും ദുലൈ ജില്ലാ പരിഷത്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായും ജോലി നോക്കി. 2009 മുതല്‍ 2011 വരെ മറാത്താവാഡ ഡിവിഷനിലെ ഹിങ്കോളി ജില്ലയുടെ കളക്ടറായിരുന്നു. കഴിഞ്ഞ രണ്ടരവര്‍ഷമായി വേള്‍ഡ്‌ ബാങ്ക്‌ പദ്ധതികള്‍ നടപ്പാക്കുന്ന വാട്ടര്‍ സപ്ലൈസ്‌ ആന്‍ഡ്‌ സാനിട്ടേഷന്‍ ഡപ്യൂട്ടി സെക്രട്ടറിയും പ്രോജക്ട്‌ ഡയറക്ടറുമായി ജോലി നോക്കവെയാണ്‌ മുംബെ സിറ്റി കളക്ടറായി ചുമതലയേല്‍ക്കുന്നത്‌. ബ്രിട്ടീഷ്‌ ഭരണം നിലനില്‍ക്കുമ്പോള്‍ മുതല്‍ നിലവിലുള്ള കളക്ട്രേറ്റാണ്‌ മുംബെയിലേത്‌.

മുംബെയില്‍ മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ റിമ, യുകെജി വിദ്യാര്‍ത്ഥിനിയായ റിച്ച എന്നിവരാണ്‌ ഷൈല-റോയി ദമ്പതികളുടെ മക്കള്‍.