Breaking News

Trending right now:
Description
 
Jan 30, 2012

ഒളിമ്പിക്‌സിനു കൂടുതല്‍ ബോണസ്‌: ട്യൂബ്‌ ഡ്രൈവര്‍മാര്‍ കടുംപിടിത്തം തുടരുന്നു

image
ലണ്ടന്‍: ഈ വര്‍ഷത്തെ ഒളിമ്പിക്‌സ്‌ സമയത്ത്‌ കൂടുതല്‍ ജോലി ചെയ്യുന്നതിന്‌ 500 പൗണ്ട്‌ ബോണസ്‌ നല്‌കാമെന്ന റെയില്‍ കമ്പനികളുടെ നിര്‍ദേശം ആര്‍.എം.ടി യൂണിയന്‍ നിരസിച്ചു.

പലസമയത്തും നീണ്ട ഷിഫ്‌റ്റുകളിലും ജോലി ചെയ്യുന്നതിനു 3500 ട്യൂബ്‌ െ്രെഡവര്‍മാര്‍ക്ക്‌ 1200 പൗണ്ട്‌ വീതം അധികം നല്‌കാമെന്ന വാഗ്‌ദാനത്തിനു പുറമേയാണ്‌ ഈ ബോണസ്‌ നല്‌കാമെന്നേറ്റിരുന്നത്‌. അത്‌ ഡ്രൈവര്‍മാര്‍ക്കു മാത്രമല്ല, സ്‌റ്റേഷന്‍ ടിക്കറ്റ്‌ സ്റ്റാഫ്‌, സിഗ്‌നല്‍ ജീവനക്കാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കു കൂടി നല്‌കണമെന്നാണ്‌ ബോബ്‌ ക്രോ നേതൃത്വം നല്‌കുന്ന ആര്‍.എം.ടി യൂണിയന്റെ നിലപാട്‌.

ബ്രിട്ടനിലെ ഏറ്റവും അധികം ശമ്പളവും ആനുകൂല്യവും പറ്റുന്ന വിഭാഗങ്ങളില്‍ ഒന്നാണ്‌ ട്യൂബ്‌ ഡ്രൈവര്‍മാര്‍. പ്രതിവര്‍ഷം 50,000 പൗണ്ടിലധികം ശമ്പളവും എട്ടാഴ്‌ചയോളം അവധിയും ഇവര്‍ക്കുണ്ട്‌. ആഴ്‌ചയില്‍ 35 മണിക്കൂറാണ്‌ ജോലി.

വാര്‍ഷികമായി നല്‌കുന്ന ബോണസ്‌ ആണ്‌ ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്‌. ഒളിമ്പിക്‌സ്‌ കാലത്ത്‌ അവധിയുള്ളവര്‍ക്ക്‌ ഇതു കിട്ടില്ലെന്നതും ഒളിമ്പിക്‌സിനു മുന്നോടിയായുള്ള സമയത്ത്‌ ജോലിചെയ്യുന്നവര്‍ക്ക്‌ ബാധകമല്ലെന്നതുമാണ്‌ യൂണിയന്‍ എതിര്‍ക്കാന്‍ കാരണമായി പറയുന്നത്‌.
ഒളിമ്പിക്‌സ്‌ സമയത്ത്‌ അതിഭയങ്കരമായ ജോലിയായിരിക്കും തങ്ങള്‍ ചെയ്യേണ്ടിവരികയെന്നും ഇതിന്‌ മുഴുവന്‍ ജീവനക്കാര്‍ക്കും അധിക ബോണസ്‌ കിട്ടിയേ മതിയാവൂ എന്നുമാണ്‌ ക്രോ പറയുന്നത്‌.

ഡോക്ക്‌ലാന്‍ഡ്‌സ്‌ ലൈറ്റ്‌ റെയില്‍വേ ജീവനക്കാര്‍ക്ക്‌ ഒളിമ്പിക്‌സ്‌ സമയത്ത്‌ 2500 പൗണ്ട്‌ അധികം നല്‌കാന്‍ കരാര്‍ ആയിട്ടുണ്ട്‌. ലണ്ടന്‍ ഓവര്‍ഗ്രൗണ്ടിലെ അഞ്ഞൂറോളം ജീവനക്കാര്‍ക്ക്‌ 600 പൗണ്ട്‌ വീതം ബോണസ്‌ നല്‌കും.
ഒളിമ്പിക്‌സ്‌ സമയത്ത്‌ ജനങ്ങള്‍ പരമാവധി പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഇരിക്കെയാണ്‌ ബോണസിന്റെ പേരില്‍ യൂണിയന്‍ ഉടക്കിയത്‌. ഇതേത്തുടര്‍ന്ന്‌ പരിപാടി മാറ്റിവച്ചു.