Breaking News

Trending right now:
Description
 
Jan 27, 2012

സ്വാതന്ത്ര്യം കിട്ടിയാലും സ്‌കോട്‌ലന്‍ഡ്‌ യു.കെയില്‍ തുടരുമെന്ന്‌ അലക്‌സ്‌ സാല്‍മണ്ട്‌

image
ലണ്ടന്‍: രാഷ്ട്രീയമായി സ്വാതന്ത്ര്യം കിട്ടിയാലും സ്‌കോട്‌ലന്‍ഡ്‌ യു.കെയുടെ ഭാഗമായിരിക്കുമെന്ന്‌ ഫസ്റ്റ്‌ മിനിസ്റ്റര്‍ അലക്‌സ്‌ സാല്‍മണ്ട്‌ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ്‌ രാജ്ഞി തന്നെയായിരിക്കും രാഷ്ട്രത്തലവനെന്നും എസ്‌.എന്‍.പി. നേതാവായ സാല്‍മണ്ട്‌ വ്യക്തമാക്കി.

സ്‌കോട്ട്‌ലന്‍ഡ്‌ സ്വാതന്ത്ര്യം നേടണോ എന്ന ചോദ്യം ഉന്നയിച്ച്‌ സ്‌കോട്ടിഷ്‌ സണ്‍ഡേ എക്‌സ്‌പ്രസ്‌ നടത്തിയ സര്‍വേയില്‍ 51 ശതമാനം പേരും വിഭജനത്തെ അംഗീകരിച്ചിരുന്നു.

എന്നാല്‍, ലണ്ടനില്‍ നിന്ന്‌ ഭരണാധികാരികള്‍ ഓരോ നയങ്ങള്‍ അടിച്ചേല്‌പിക്കുന്നതിനെതിരായ പ്രതികരണമാണിതെന്നും ഇതു പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ മനസിലാക്കണമെന്നും സാല്‍മണ്ട്‌ പറഞ്ഞു.

'സ്‌കോട്‌ലന്‍ഡ്‌ സ്വതന്ത്രരാജ്യമാകണോ' എന്നു വേണം സര്‍വേയിലെ ചോദ്യം എന്നായിരുന്നു സാല്‍മണ്ടിന്റെ അഭിപ്രായം. എന്നാല്‍, ഈ ചോദ്യം കണ്ടാല്‍ ഭൂരിപക്ഷം പേരും 'വേണം' എന്നായിരിക്കും മറുപടി നല്‌കുകയെന്നും 'സ്‌കോട്‌ലന്‍ഡ്‌ യുണൈറ്റഡ്‌ കിംഗ്‌ഡം വിടണോ' എന്നതായിരിക്കണം ചോദ്യമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, സ്‌കോട്‌ലന്‍ഡിനു സ്വാതന്ത്ര്യം കിട്ടിയാലും യു.കെയുടെ ഘടന മാറില്ലെന്ന്‌ സാല്‍മണ്ട്‌ ഇന്റര്‍വ്യൂവില്‍ പറഞ്ഞു.
ഇതുപറയാന്‍ സാല്‍മണ്ടിന്‌ അധികാരമില്ലെന്ന്‌ ഗ്ലാസ്‌ഗോയിലെ ലേബര്‍ എം.പി അനസ്‌ സര്‍വര്‍ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞിട്ടും രാജ്ഞിയും പൗണ്ടും സ്‌കോട്ട്‌ഗാര്‍ഡുകളും തുടരുന്നത്‌ തമാശയാണെന്ന്‌ ലേബറിന്റെ ലോര്‍ഡ്‌ ഫൂള്‍ക്കെസ്‌ പരിഹസിച്ചു.