Breaking News

Trending right now:
Description
 
Jan 18, 2012

2 ലക്ഷം പൗണ്ട്‌ ലോട്ടറിയടിച്ച യുവതി ജപ്‌തി ഭീഷണിയില്‍

image

ലണ്ടന്‍: നാലു വര്‍ഷം മുന്‍പ്‌ 1.2 മില്യണ്‍ പൗണ്ട്‌ ജാക്ക്‌പോട്ട്‌ നേടിയ യുവതി കൗണ്‍സില്‍ ടാക്‌സ്‌ അടയ്‌ക്കാതെ വന്നതോടെ പാപ്പരാകാന്‍ സാധ്യത. ലങ്കാഷെറിലെ ഹാമില്‍ടണില്‍ താമസിക്കുന്ന നാല്‌പതുകാരിയായ സൊരയ ലൊവെല്‍, ഭര്‍ത്താവ്‌ ഫ്രാങ്കി എന്നിവര്‍ക്കെതിരേ സൗത്ത്‌ ലങ്കാഷെര്‍ കൗണ്‍സിലാണ്‌ 13,214 പൗണ്ട്‌ ടാക്‌സ്‌ അടയ്‌ക്കാത്തതിന്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. നികുതി അടച്ചില്ലെങ്കില്‍ അവരുടെ സ്വത്ത്‌ പിടിച്ചെടുക്കുമെന്നാണു ഭിഷണി.

കഴിഞ്ഞ ഓഗസ്റ്റിലാണ്‌ നോട്ടീസ്‌ അയച്ചത്‌. കേസ്‌ ഇന്നലെ ഹാമില്‍ടണ്‍ ഷെരിഫ്‌ കോടതിയില്‍ വിചാരണയ്‌ക്കു വന്നപ്പോള്‍ നികുതിയടച്ചില്ലെങ്കില്‍ സ്വത്ത്‌ പിടിച്ചെടുക്കുമെന്ന്‌ കൗണ്‍സിലിന്റെ അഭിഭാഷകര്‍ മുന്നറിയിപ്പ്‌ നല്‌കി.

സൊരയ ഹാമില്‍ടണില്‍ വാങ്ങിയ 150,000 പൗണ്ടിന്റെ വീട്ടില്‍ നിന്ന്‌ അവരെ ഇറക്കിവിടാന്‍ ബാങ്ക്‌ ഓഫ്‌ സ്‌കോട്‌ലന്‍ഡ്‌ അനുമതി നല്‌കിയതിനു പിന്നാലെയാണ്‌ ഈ നടപടി. മോര്‍ട്‌ഗേജ്‌ പേമെന്റ്‌ മുടക്കിയതിനാണ്‌ ബാങ്ക്‌ നടപടിക്കൊരുങ്ങിയത്‌. നാലു ബെഡ്‌റൂമുകളുള്ള വീട്ടില്‍ നിന്ന്‌ ഇവരെ ഇറക്കിവിട്ടത്‌ കോടതി അംഗീകരിച്ചിരുന്നു.

സൊരയ 6526 പൗണ്ടും ഫ്രാങ്കി 6688 പൗണ്ടും നികുതി അടയ്‌ക്കാനുണ്ടെന്നാണ്‌ കൗണ്‍സിലിന്റെ വാദം. ഇരുവരും 381 പൗണ്ട്‌ വീതം കോടതിച്ചെലവും നല്‌കണം. ഇരുവരും പാപ്പര്‍ ഹര്‍ജി നല്‌കാനുള്ള നീക്കത്തിലാണെന്ന്‌ അഭിഭാഷകന്‍ അറിയിച്ചതിനാല്‍ കോടതി വിധി പ്രഖ്യാപനം നീട്ടിവച്ചു.

പാപ്പര്‍ ഹര്‍ജി സംബന്ധിച്ച്‌ തീരുമാനം അടുത്ത മാസം വരും. ലോട്ടറി അടിക്കുന്നതിനു മുന്‍പ്‌ താമസിച്ച കൗണ്‍സില്‍ വീട്ടിലേക്ക്‌ ഇരുവരും താമസം മാറിയിട്ടുമുണ്ട്‌. 1,167,795 പൗണ്ടാണ്‌ സൊരയയ്‌ക്ക്‌ ലോട്ടറിയടിച്ചത്‌. ഇത്‌ ഒരു അയല്‍വാസി 68 വയസുള്ള ആഗ്‌നെസ്‌ ഒ നീലുമായി പങ്കു വച്ചിരുന്നു. എന്നാല്‍, രണ്ടു മാസത്തിനു ശേഷം ആഗ്‌നസ്‌ മരിച്ചു. ലോട്ടറിയടിച്ചശേഷം സൊരയയും ഫാങ്കിയും ചേര്‍ന്ന്‌ ഒരു ഐസ്‌ക്രീ വാന്‍ വാങ്ങിയെങ്കിലും അതിന്റെ ലൈസന്‍സ്‌ കഴിഞ്ഞവര്‍ഷം അവസാനിച്ചു. ലോട്ടറിയടിച്ച ശേഷവും ഇരുവരും പുതിയവീട്ടില്‍ അധികം താമസിച്ചില്ല. പഴയ അയല്‌ക്കാരെ വിട്ടു പോകാന്‍ മടിയാണെന്നാണ്‌ അവര്‍ പറഞ്ഞത്‌.

സൊരയയ്‌ക്കും ഫ്രാങ്കിക്കും ഈ ഗതി വന്നതില്‍ സങ്കടമുണ്ടെന്ന്‌ ലോട്ടറിയില്‍ പങ്കാളിയായിരുന്ന ആഗ്‌നസിന്റെ ഭര്‍ത്താവ്‌ ജോണ്‍ പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന്‌ അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.