Breaking News

Trending right now:
Description
 
Nov 03, 2012

ആലംബമില്ലാതെ ആരെ വിശ്വസിക്കണമെന്നറിയാതെ

image നഴ്‌സുമാരുടെ സമരത്തിന്‌ നിയമപിന്തുണയോ ഹൈക്കോടതിയുടെ പരിഗണനയോ ലഭിക്കാതെ പോയത്‌ എന്തുകൊണ്ടാണ്‌? സംഘടനയുടെ ലീഗല്‍ അഡൈ്വസര്‍ ഹൈക്കോടതിയില്‍ സ്ഥിരമായി കേസ്‌ മാറ്റി വയ്‌പ്പിക്കുന്ന രീതിയാണ്‌ പിന്തുടര്‍ന്നിരുന്നതെന്ന്‌ സമരത്തില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ ഒരു അന്വേഷണം ആവശ്യമാണെന്നും കോതമംഗലത്തെ നഴ്‌സുമാര്‍ ആവശ്യപ്പെട്ടു.

ഇവര്‍ക്കെതിരേ മുന്‍പുണ്ടായിരുന്ന ആരോപണങ്ങളെക്കുറിച്ച്‌ ഗ്ലോബല്‍ മലയാളം അന്വേഷിച്ചു. എറണാകുളം എഐടിയുസിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ന്യൂജനറേഷന്‍ ബാങ്ക്‌ ജീവനക്കാാരുടെ സംഘടന നയിച്ച സമരത്തില്‍ പങ്കാളിയായിരുന്നു. പിന്നീട്‌ സമരലക്ഷ്യത്തിന്‌ വിരുദ്ധമായി കോമ്പന്‍സേഷന്‍ വാങ്ങി സമരം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന്‌ എഐടിയുസി സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി. രാജു ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. ഇതേത്തുടര്‍ന്ന്‌ ഇവരെ എഐടിയുസി പുറത്താക്കുകയായിരുന്നുവെന്നും രാജു വ്യക്തമാക്കി.

അരാഷ്ട്രീയ സംഘടനകള്‍ അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച്‌ സമരത്തില്‍ ഇറക്കിയതിനു ശേഷം മാനേജ്‌മെന്റുമായി അവിഹിതം കൂട്ടുക്കെട്ട്‌ ഉണ്ടാക്കുന്നതായി കേരളത്തില്‍ വ്യാപകമായ ആരോപണമുണ്ട്‌. കോതമംഗലം സമരം ഇത്തരത്തിലുള്ളതായിരുന്നോ? സമരരംഗത്തുള്ളവര്‍ ഇനിയും തിരിച്ചറിയേണ്ട വസ്‌തുതയാണിത്‌.

എന്തിനായിരുന്നു കോതമംഗലത്തെ സമരം? ഇത്രയും ദിവസം ഇക്കാര്യം ചര്‍ച്ച ചെയ്‌തതിനുശേഷം ഇപ്പോള്‍ ഈ ചോദ്യം വീണ്ടും ചോദിക്കുന്നതിനു കാരണമുണ്ട്‌. 117 ദിവസം ഐതിഹാസിക സമരം നടത്തിയത്‌ നഴ്‌സുമാരുടെ അവകാശങ്ങള്‍ ഉറപ്പിച്ചുകിട്ടുന്നതിനുവേണ്ടിയാണ്‌ എന്നാണ്‌ അതില്‍ പങ്കെടുത്ത പാവം നഴ്‌സുമാര്‍ വിചാരിച്ചത്‌. എന്നാല്‍, സമരം ആശുപത്രി സെക്രട്ടറി ഷിബു കുര്യാക്കോസ്‌ എന്ന ഗോലിയാത്തിന്‌ നേരെയായിരുന്നുവെന്നും സംഘടന വെറും ദാവീദ്‌ മാത്രമാണെന്നുമാണ്‌ ഇപ്പോള്‍ സംഘടന പറയുന്നത്‌. എല്ലാവരും മനംമടുത്ത്‌ സമരം പരാജയപ്പെടുന്നു എന്നു തോന്നിയപ്പോള്‍ ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ സമരം ചെയ്യാന്‍ തയാറായ മൂന്നു കുട്ടികളാണ്‌ സമരം വിജയത്തിലെത്തിച്ചതെന്നും പറയുന്നു. എങ്കില്‍ ആ മൂന്നു പേരുടെ കാര്യമെങ്കിലും ഏറ്റെടുക്കാന്‍ സംഘടന തയാറാവേണ്ടേ? സത്യങ്ങള്‍ പറയുമ്പോള്‍ പല്ലിളിച്ചു കാട്ടുകയും ഭീഷണിപ്പെടുത്തുകയും ജോലി സുരക്ഷയുടെ മറവില്‍ ഫേയ്‌സ്‌ ബുക്കില്‍ പോസ്‌റ്റിട്ടു കളിക്കുകയും ചെയ്യുന്നവരെ നേതാക്കളെന്നു വിളിക്കാന്‍ കഴിയുമോ? ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ തെളിമയുള്ള ഉത്തരങ്ങള്‍ പറയാന്‍ ഇവര്‍ തയാറാകട്ടെ. അപ്പോള്‍ കാര്യങ്ങള്‍ക്കു വ്യക്തത ലഭിക്കും. മുഖം നന്നാകാത്തതിന്‌ കണ്ണാടി തല്ലിയുടച്ചിട്ട്‌ എന്തുകാര്യം? ഗ്ലോബല്‍ മലയാളം കോതമംഗലം സമരത്തെക്കുറിച്ച്‌ പരമ്പര പ്രസിദ്ധീകരിക്കുന്നുവെന്ന്‌ അറിയിച്ചപ്പോഴേ എന്തിനായിരുന്നു ഇത്ര ഹാലിളക്കം എന്നത്‌ ഇപ്പോള്‍ വ്യക്തമാകുന്നുണ്ടെന്ന്‌ നഴ്‌സുമാര്‍ പറയുന്നു.

ഇല്ലാത്ത കരാറിനെക്കുറിച്ച്‌

വിഎസിന്റെയും പലപ്പോഴായി മധ്യസ്ഥത വഹിച്ച സിഐടിയു നേതാക്കളുടെയും വാക്കനുസരിച്ച്‌ സമരം പിന്‍വലിക്കാന്‍ സംഘടന തീരുമാനമെടുത്തെന്നും ഇവരുടെ എല്ലാം മുന്‍പില്‍വച്ച്‌ തയാറാക്കിയ കരാര്‍ ഞങ്ങള്‍ക്ക്‌ സ്വീകാര്യമായിരുന്നുവെന്നും സംഘടനാനേതാക്കള്‍ പറയുന്നു.

വെറും മിനിട്ട്‌സിന്റെ പേരിലാണ്‌ സമരം അവസാനിപ്പിച്ചതെന്ന്‌ കഴിഞ്ഞ ദിവസം ഗ്ലോബല്‍ മലയാളം ഈ പരമ്പരയില്‍ പറഞ്ഞിരുന്നു. അതല്ല സംഘടനയുടെ നേതാക്കള്‍ പറയുന്നതുപോലെ ഇങ്ങനെയൊരു കരാര്‍ ഉണ്ടോ? എങ്കില്‍ കരാര്‍ അനുസരിച്ച്‌ എന്തൊക്കെ കാര്യങ്ങള്‍ നടന്നു? സമരം വിജയിച്ചോ?

ഐഎന്‍എയുടെ പി.എ. മുഹമ്മദ്‌ ഷിഹാബിനോടാണ്‌ ഗ്ലോബല്‍ മലയാളം ഇക്കാര്യം ആദ്യം ചോദിച്ചത്‌. സമരം വിജയമായിരുന്നുവെന്ന്‌ ഷിഹാബ്‌ കട്ടായം പറഞ്ഞു. അപ്പോള്‍, മുപ്പത്തൊന്നു നഴ്‌സുമാരെ പിരിച്ചുവിടുമെന്ന്‌ മാനേജ്‌മെന്റ്‌ പറയുന്നതോ? ജീവന്‍ കൈയില്‍ പിടിച്ച്‌ ടെറസില്‍ കയറി സമരം ചെയ്‌ത നഴ്‌സിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതോ? മാനേജ്‌മെന്റ്‌ പിരിച്ചുവിടുന്നെങ്കില്‍ സമരത്തില്‍ പങ്കെടുത്തവര്‍ മറ്റു ഹോസ്‌പിറ്റലുകള്‍ തേടുകയോ കേസിനു പോകുകയോ ചെയ്യണമെന്നും ഷിഹാബ്‌ നിര്‍ദ്ദേശിച്ചു. അല്ലെങ്കില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുക. നഴ്‌സുമാരെ പിരിച്ചു വിടുമ്പോള്‍ കാണാമെന്നും ഷിഹാബ്‌ പറയുന്നു.

ത്രീഷിഫ്‌റ്റ്‌ സമ്പ്രദായം നടപ്പിലാക്കിയതോടെ അര മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം അനുവദിക്കുകയും ആ വിശ്രമ സമയത്തെ ശമ്പളം കുറയ്‌ക്കുകയും ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നും ഗ്ലോബല്‍ മലയാളം അന്വേഷിച്ചു. സമരം വിജയിച്ചതില്‍ മാനേജ്‌മെന്റിനുള്ള പക തീര്‍ക്കാന്‍ നഴ്‌സുമാരെ പീഡിപ്പിക്കുന്നതാണിത്‌ എന്നാണ്‌ നേതാവ്‌ മറുപടി പറഞ്ഞത്‌. ഇതിനെക്കുറിച്ച്‌ പഠിക്കാന്‍ വന്ന സമിതിയുടെ മുമ്പാകെ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടന്നും ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ പാടില്ലന്ന്‌ ലേബര്‍ ഓഫീസര്‍ പറഞ്ഞുവെന്നും മറുപടി കിട്ടി.

സമരത്തില്‍ പങ്കെടുത്ത മിക്ക നഴ്‌സുമാര്‍ക്കുമെതിരെ മൂന്നും നാലും കേസുകളാണ്‌ നിലവില്‍ ഉള്ളത്‌. അതിനാല്‍ സംഘടന പറയുന്നതിനെതിരായി ഒരക്ഷരം ഉരിയാടാന്‍ നേഴ്‌സുമാര്‍ ഭയപ്പെടുകയും ചെയ്യുന്നു. ചോദ്യം ചെയ്യുന്നവരെ സംഘടനാവിരുദ്ധരായി ചിത്രീകരിച്ച്‌ പുറത്താക്കും. അതോടെ കേസ്‌ നടത്തേണ്ട ചുമതല തനിച്ചാവും. ജോലി തേടി പുറത്ത്‌ പോകാനുള്ള വാതിലുകളും അടയും. സമരത്തില്‍ പങ്കെടുത്തവര്‍ക്ക്‌ ഇപ്പോള്‍ കയ്യില്‍ ഉള്ളതു പോവുകയും ചെയ്‌തു അളയില്‍ ഉള്ളത്‌ കിട്ടിയില്ല എന്ന അവസ്ഥയിലാണ്‌. ഇക്കാര്യം ആരോടു പറയും എന്ന പ്രതിസന്ധിയിലാണ്‌ പാവം നഴ്‌സുമാര്‍.

നാട്ടുകാര്‍ സര്‍വപിന്തുണയും നല്‌കി ഏറ്റെടുത്ത ഈ സമരത്തിന്‌ ഒരു സമര സഹായസമിതി ഉണ്ടായിരുന്നു. പല രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നു രൂപീകരിച്ച സമിതി. സമരസമിതിയോടും ഗ്ലോബല്‍ മലയാളം കാര്യങ്ങള്‍ തിരക്കി. ആശുപത്രിയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന്‌ ഷിഹാബ്‌ അറിയിച്ചുവെന്ന്‌ സമര സമിതി ചെയര്‍മാന്‍ ജോയി മറുപടി പറഞ്ഞു.

സമരം തീരുന്നതിന്‌ മുമ്പ്‌ സമരസഹായ സമതി പിരിച്ചുവിട്ടു. പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന്‌ ഓര്‍ക്കണം. എന്തിനാണ്‌ തിടുക്കത്തില്‍ സമര സഹായസമിതി പിരിച്ചുവിട്ടത്‌. ഇവിടുത്തെ പ്രശ്‌നങ്ങള്‍ തീരുന്നതിന്‌ മുമ്പ്‌ ഇവിടുത്തെ ഇല്ലാത്ത സമര വിജയവും അവകാശപ്പെട്ട്‌ അടുത്ത ജില്ലകളിലേയ്‌ക്ക്‌ യൂണിയന്‍ സമരവുമായി ചേക്കേറി കഴിഞ്ഞു. ഇപ്പോള്‍ നേതാക്കള്‍ അതിന്റെ തിരക്കിലായതിനാല്‍ ഇവിടുത്തെ നഴ്‌സുമാര്‍ അങ്കലാപ്പിലാണ്‌, എന്തു ചെയ്യണമെന്നറിയാതെ. ഗ്ലോബല്‍ മലയാളം പരമ്പര തുടരുന്നു.