Breaking News

Trending right now:
Description
 
Sep 24, 2011

മോട്ടോര്‍വേകളില്‍ സ്‌പീഡ്‌ ലിമിറ്റ്‌ 80 മൈല്‍ ആക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

image

ലണ്ടന്‍: യു.കെയില്‍ മോട്ടോര്‍വേകളില്‍ സ്‌പീഡ്‌ ലിമിറ്റ്‌ മണിക്കൂറില്‍ 80 മൈല്‍ ആക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ 70 മൈലാണ്‌ വേഗപരിധിയെങ്കിലും പലരും അതു ലംഘിക്കാറുണ്ട്‌. പോലീസ്‌ അതു കണ്ടതായി ഭാവിക്കുന്നുമില്ല. വേഗപരിധി കൂട്ടുമ്പോള്‍ ജനങ്ങളുടെ സഞ്ചാരവേഗം വര്‍ധിക്കുന്നത്‌ സമ്പദ്‌വ്യവസ്ഥയ്‌ക്കു ഗുണകരമാകുമെന്ന്‌ സര്‍ക്കാര്‍ കരുതുന്നു.

നിയമം എന്നു മാറ്റണമെന്നതു സംബന്ധിച്ച്‌ ധാരണയാകേണ്ടതുണ്ട്‌. റെസിഡന്‍ഷ്യല്‍ മേഖലകളില്‍ 20 മൈല്‍ ആയി നിജപ്പെടുത്തണമെന്ന ലിബറല്‍ ഡെമോക്രാറ്റുകളുടെ ശിപാര്‍ശയും അംഗീകരിക്കും.

ട്രാന്‍സ്‌പോര്‍ട്ട്‌ ഡിപ്പര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞവര്‍ഷം 49 ശതമാനം കാറുകള്‍ 70 മൈല്‍ എന്ന പരിധി ലംഘിച്ചാണ്‌ ഓടിച്ചത്‌. ഏഴില്‍ ഒന്നു വീതം 80 മൈല്‍ വേഗത്തില്‍ ഓടി. 7.5 ടണ്ണിനേക്കാള്‍ ഭാരമുള്ള ലോറികളുടെ വേഗപരിധി 70 മൈല്‍ ആയി തുടരും. 1964-ലാണ്‌ വേഗപരിധി 80 മൈല്‍ ആയി നിശ്ചയിച്ചത്‌. അന്നത്തെ വാഹനങ്ങളുടെ പരമാവധി വേഗം ഇതായിരുന്നു. ഇന്ന്‌ ഇതിന്റെ വളരെ മടങ്ങ്‌ വേഗത്തില്‍ വാഹനങ്ങളോടിക്കാമെന്നിരിക്കെ വേഗപരിധി കൂട്ടുന്നതില്‍ കുഴപ്പമില്ലെന്ന്‌ ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍, വേഗപരിധി കൂട്ടുന്നത്‌ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്ന്‌ ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.

2009-ല്‍ മൊത്തം റോഡപകടങ്ങളുടെ എണ്ണം 2222 ആയിരിക്കെ മോട്ടോര്‍ വേകളിലെ അപകടമരണം 132 ആയിരുന്നു. വേഗം കൂട്ടുമ്പോള്‍ മോട്ടോര്‍വേകളിലെ അപകടമരണം അഞ്ചു മുതല്‍ 10 ശതമാനം വരെ വര്‍ധിക്കാനിടയുണ്ടെന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സേഫ്‌റ്റിയുടെ പാര്‍ലമെന്ററി അഡൈ്വസറി കൗണ്‍സില്‍ കണക്കുകൂട്ടുന്നു.

നല്ല കാലാവസ്ഥയും നല്ല റോഡുമാണെങ്കില്‍ ഒരു മോഡേണ്‍ കാറില്‍ 80 മൈല്‍ വേഗത്തില്‍ ഓടിക്കുന്നതിനു കുഴപ്പമില്ലെന്ന്‌ ഓട്ടോമൊബീല്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എഡ്‌മണ്ട്‌ കിംഗ്‌ പറയുന്നു. എന്നാല്‍, മോശം കാലാവസ്ഥയാണെങ്കില്‍ 50 മൈല്‍ വേഗം പോലും അപകടകരമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്പില്‍ ഏറ്റവും അപകടം കുറഞ്ഞ മോട്ടോര്‍വേകള്‍ ബ്രിട്ടനിലാണ്‌. വേഗം കുറവും ഇവിടെത്തന്നെ. ഫ്രാന്‍സിലും ഇറ്റലിയിലും പരമാവധി വേഗം 81 മൈലാണ്‌. സ്‌പെയിനിലും അയര്‍ലന്‍ഡിലും പോര്‍ചുഗലിലും 75 മൈല്‍. ജര്‍മനിയില്‍ വേഗപരിധി നിശ്ചയിച്ചിട്ടില്ല.