Breaking News

Trending right now:
Description
 
Nov 02, 2012

ബഹിരാകാശത്ത്‌ നടത്തം: സുനിതാ വില്യംസ്‌ സ്വന്തം റിക്കാര്‍ഡ്‌ തിരുത്തി

image ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിതാ വില്യംസ്‌ ബഹിരാകാശ നടത്തത്തില്‍ സ്വന്തം റിക്കാര്‍ഡ്‌ തിരുത്തിയെഴുതി. ഏറ്റവുമധികം തവണയും കൂടുതല്‍ സമയവും ബഹിരാകാശത്ത്‌ നടന്ന വനിതയെന്ന സ്വന്തം പേരിലുള്ള റിക്കാര്‍ഡാണ്‌ സുനിത വീണ്ടും പുതുക്കിയത്‌. രാജ്യാന്തര ബഹിരാകാശസ്റ്റേഷന്റെ കമാന്‍ഡര്‍കൂടിയായ സുനിതയുടെ ഏഴാമത്തെ ബഹിരാകാശ നടത്തമാണിത്‌. ബഹിരാകാശ സ്റ്റേഷന്റെ അമോണിയ ശീതീകരണിയുടെ ചോര്‍ച്ച കണ്ടെത്തി കേടുപാടു നീക്കുന്നതിന്റെ ഭാഗമായാണ്‌ സുനിതയും ഫ്‌ളൈറ്റ്‌ എന്‍ജിനീയര്‍ അകി ഹൊഷിഡെയും ബഹിരാകാശ താവളത്തിനു പുറത്തിറങ്ങിയത്‌. ആറരമണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവില്‍ അമോണിയ ശീതീകരണിയുടെ തകരാര്‍ പരിഹരിക്കുകയായായിരുന്നു ലക്ഷ്യം. അമോണിയ മറ്റൊരു റേഡിയേറ്ററിലൂടെ കടത്തിവിട്ടാണ്‌ പിവിടിസിഎസിന്റെ പ്രവര്‍ത്തനം തുടരുകയെന്ന്‌ നാസ അറിയിച്ചു. തകരാര്‍ സസൂഷ്‌മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അധികൃതര്‍ പറഞ്ഞു. മുമ്പ്‌ ആറു തവണയായി സുനിത ബഹിരാകാശ നടത്തത്തിലൂടെ 44 മണിക്കൂറിന്റെ റിക്കാര്‍ഡാണ്‌ സൃഷ്‌ടിച്ചിരുന്നത്‌. വൈദ്യുതി സംവിധാനത്തിലുള്ള ഉപകരണം ഘടിപ്പിക്കാനാണ്‌ കഴിഞ്ഞ തവണ സുനിത ബഹിരാകാശ താവളത്തിനു പുറത്തിറങ്ങിയത്‌. യുഎസിലെ ഒഹിയോയിലേക്കു കുടിയേറിയ ഗുജറാത്തി മാതാപിതാക്കളുടെ മകളായ സുനിതയെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി നാസ തെരഞ്ഞെടുക്കുന്നത്‌ 1998ല്‍ ആണ്‌. 2006ല്‍ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍ ആറ്‌ മാസം താമസിച്ച്‌ റിക്കാര്‍ഡിട്ട സുനിത ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത്‌ കഴിഞ്ഞ വനിത എന്ന റിക്കാര്‍ഡിന്‌ ഉടമയാണ്‌.