Breaking News

Trending right now:
Description
 
Feb 05, 2014

പൈറേറ്റഡ്‌ കംപ്യൂട്ടര്‍ സാധനങ്ങള്‍ ഉപയോഗിച്ചാല്‍ ഇറക്കുമതി തടയാന്‍ അമേരിക്കയില്‍ നിയമം, ഇന്ത്യയ്‌ക്ക്‌ ഗുണകരമായേക്കും

image അമേരിക്കയിലേയ്‌ക്ക്‌ കയറ്റുമതി ചെയ്യുന്ന ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്നതിന്‌ ഉപയോഗിക്കുന്ന അനുബന്ധ കംപ്യൂട്ടര്‍ സാമഗ്രികള്‍ നിയമവിധേയമായിരിക്കണമെന്ന നിബന്ധന കര്‍ശനമായി നടപ്പാക്കുന്നു. യുഎസ്‌ അണ്‍ഫെയര്‍ കോംപറ്റീഷന്‍ ആക്ട്‌ എന്ന പേരില്‍ നടപ്പാക്കിയ പുതിയ നിബന്ധനകള്‍ അനുസരിച്ച്‌ പൈറേറ്റഡ്‌ സോഫ്‌റ്റ്‌വെയറും നിയമവിധേയമല്ലാത്ത ഹാര്‍ഡ്‌വെയറും മറ്റ്‌ വിവരസാങ്കേതികവിദ്യകളും ഉപയോഗിച്ച്‌ രൂപപ്പെടുത്തിയ ഉത്‌പന്നങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന്‌ യുഎസ്‌എയിലെ ചില സ്റ്റേറ്റുകള്‍ നിഷ്‌കര്‍ഷിക്കുന്നു.

നിലവില്‍ വാഷിംഗ്‌ടണ്‍, ലൂസിയാന എന്നീ സ്‌്‌റ്റേറ്റുകളാണ്‌ ഈ നിയമം നടപ്പാക്കിയിരിക്കുന്നത്‌. എന്നാല്‍ നിയമവിധേയമായ ഐടി ഉപയോഗം ഉറപ്പാക്കുന്നതിനായി എല്ലാ സ്റ്റേറ്റുകളും ഈ നിയമം നടപ്പാക്കണമെന്ന്‌ യുഎസ്‌ ഫെഡറല്‍ കമ്മീഷന്‌ കത്തെഴുതിയിട്ടുണ്ട്‌.

വിപണിയില്‍ ശരിയായ മത്സരത്തിന്‌ എതിരാകും എന്നതുകൊണ്ടാണ്‌ പുതിയ നിബന്ധന. ഇതനുസരിച്ച്‌ ഇന്ത്യന്‍ അപ്പാരല്‍ കമ്പനിയായ പ്രതിഭ സിന്റക്‌സിനും ചൈനയിലെ ഒരു കമ്പനിക്കും എതിരേ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ കമല ഡി. ഹാരിസ്‌ നിയമനടപടികള്‍ ആരംഭിച്ചിരുന്നു. അഡോബ്‌, മൈക്രോസോഫ്‌റ്റ്‌, സിമാന്റെക്‌ തുടങ്ങിയ കമ്പനികളുടെ നിയമവിധേയമായ ഉത്‌പന്നങ്ങള്‍ ഉപയോഗിച്ചില്ല എന്നതിന്റെ പേരിലാണ്‌ ഈ കമ്പനികള്‍ക്കെതിരേ നടപടി. ശരിയായ സോഫ്‌റ്റ്‌വെയര്‍ ലൈസന്‍സുകളില്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മാണം, ഷിപ്‌മെന്റ്‌, സെയില്‍സ്‌ എന്നീ രംഗങ്ങളിലെല്ലാം മത്സരം ഒഴിവാക്കി കമ്പനി അനാവശ്യമായ നേട്ടം കൊയ്യുകയാണെന്നായിരുന്നു കാലിഫോര്‍ണിയ അറ്റോര്‍ണിയുടെ ആരോപണം.

ഇന്ത്യയില്‍ 61 ശതമാനം പൈറേറ്റഡ്‌ സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. ചൈനയില്‍ ഇത്‌ 79 ശതമാനം വരെയാണ്‌. ഓണ്‍ലൈനായും ഓഫ്‌ലൈനായും ധാര്‍മികമായതും മികച്ച നിലവാരമുള്ളതും നിയമവിധേയമായതുമായ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ നിഷ്‌കര്‍ഷിച്ചാല്‍ മാത്രമേ തുടര്‍ന്നും അമേരിക്കയിലേയ്‌ക്കുള്ള കയറ്റുമതി സാധ്യമാകൂ.

2012-ലെ കണക്ക്‌ അനുസരിച്ച്‌ സുഗന്ധവ്യഞ്‌ജനങ്ങള്‍, പ്രഷ്യസ്‌ സ്‌റ്റോണുകള്‍, എന്‍ജിനീയറിംഗ്‌ സാമഗ്രികള്‍, വസ്‌ത്രങ്ങള്‍, സോഫ്‌റ്റ്‌ വെയര്‍ തുടങ്ങിയ 60.2 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ്‌ കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍നിന്ന്‌ അമേരിക്ക ഇറക്കുമതി ചെയ്‌തത്‌. അമേരിക്കയില്‍നിന്ന്‌ ഇന്ത്യയിലേയ്‌ക്ക്‌ 41.5 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റിയയച്ചിരുന്നു. അമേരിക്കയുടെ ആകെ ഇറക്കുമതിയില്‍ 1.6 ശതമാനമാണ്‌ ഇന്ത്യയില്‍നിന്നുളളത്‌. എന്നാല്‍, ചൈനയുടെ വിഹിതം 19.5 ശതമാനമാണ്‌.

ഇന്ത്യയില്‍ നിര്‍മിച്ച വസ്‌തുക്കളുടെ കയറ്റുമതിയില്‍, പ്രത്യേകിച്ച്‌ തുണിത്തരങ്ങള്‍, തുകല്‍ ഉത്‌പന്നങ്ങള്‍, പ്ലാസ്റ്റിക്‌സ്‌, ഗ്ലാസ്‌ എന്നിവയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 89.1 ശതമാനത്തില്‍നിന്ന്‌ 74.2 ശതമാനമായി കുറവു വന്നിരുന്നു.

എമേര്‍ജിങ്ങ്‌ ഓപ്പര്‍ച്ച്യൂണിറ്റി ഫോര്‍ ഇന്ത്യന്‍ മാനുഫാക്‌ചറിംങ്ങ്‌ എക്‌സ്‌പോര്‍ട്‌സ്‌ എന്നപേരില്‍ അസോച്ചെം, ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ഫോറിന്‍ ട്രേഡ്‌ എന്നിവ സംയുക്തമായി ഒരു പഠനം നടത്തിയിരുന്നു. ഈ പഠനത്തിന്റെ വെളിച്ചത്തില്‍ ലഭ്യമായ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ അമേരിക്ക നടപ്പാക്കുന്ന പുതിയ നിയമം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കും കയറ്റുമതിക്കാര്‍ക്കും പുതിയ അവസരങ്ങള്‍ നല്‍കുമെന്ന്‌ വിലയിരുത്തി. യുഎസ്‌ വിപണിയില്‍ ചൈന, ബംഗ്ലാദേശ്‌, തായ്‌ലന്റ്‌, ഇന്ത്യോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ എതിരാളി രാജ്യങ്ങളെ അപേക്ഷിച്ച്‌ വ്യാജ ഐടി നിരക്ക്‌ ഏറ്റവും കുറവ്‌ ഇന്ത്യയിലാണ്‌ എന്നതാണിതിന്‌ കാരണം.നാച്ചിയപ്പന്‍, മിനിസ്റ്റര്‍ ഓഫ്‌ സ്റ്റേറ്റ്‌ ഫോര്‍ കൊമേഴ്‌സ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രി, മറ്റ്‌ വിശിഷ്‌ടാതിഥികള്‍ക്കൊപ്പം, യുഎസ്‌ അണ്‍ഫെയര്‍ കോംമ്പറ്റീഷന്‍ ആക്‌റ്റിന്റെ വെളിച്ചത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട്‌ 'എമേര്‍ജിങ്ങ്‌ ഓപ്പര്‍ച്യൂണിറ്റി ഫോര്‍ ഇന്ത്യന്‍ മാനുഫാക്‌ചറിങ്ങ്‌ എക്‌സ്‌പോര്‍ട്ട്‌' പ്രകാശന വേളയില്‍. 


നിമയവിധേയമായ സോഫ്‌റ്റ്‌ വെയറുകളാണ്‌ ഉപയോഗിക്കുന്നത്‌ എന്നത്‌ ഉറപ്പാക്കിയ ശേഷം അംഗീകൃത സോഫ്‌റ്റ്‌ വെയര്‍ പബ്ലിഷറുടെ അംഗീകാരത്തോടെ സോഫ്‌റ്റ്‌ വെയര്‍ ഓഡിറ്റും അടിസ്ഥാന സോഫ്‌റ്റ്‌ വെയര്‍ അസറ്റ്‌ മാനേജ്‌മെന്റും നടപ്പാക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ നിയമവിധേയമായവയാണ്‌ ഉപയോഗിക്കുന്ന എന്നത്‌ സ്ഥാപിച്ചെടുക്കാനാകുമെന്ന്‌ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപെക്‌സ്‌ ക്ലസ്റ്റര്‍ ഡവലപ്‌മെന്റ്‌ സര്‍വീസസ്‌ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

ഇതിനായി വെരാഫേം രജിസ്റ്ററി പോലുള്ള ഓണ്‍ലൈന്‍ രജിസ്റ്ററികളുണ്ട്‌. www.verafirm.org, എന്ന പോര്‍ട്ടലില്‍നിന്ന്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. കമ്പനികള്‍ക്ക്‌ അവരുടെ സോഫ്‌റ്റ്‌ അസെറ്റുകളുടെ വിശദാംശങ്ങള്‍ സൗജന്യമായി നല്‍കാനും അവരുടെ ലൈസന്‍സുള്ള സോഫ്‌റ്റ്‌ അസെറ്റുകള്‍ താരതമ്യപ്പെടുത്താനും കഴിയും. രജിസ്‌ട്രേഷനുശേഷം അവര്‍ വെരാഫേം രജിസ്‌ട്രേഡ്‌ ആണെന്നും വിശ്വസനീയമാണെന്നും സൂചിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ ബാഡ്‌ജ്‌ നല്‍കും. ഈ ബാഡ്‌ജ്‌ സ്വന്തമാണെന്നത്‌ വ്യവസായ ബന്ധം സ്ഥാപിക്കുന്നതിനും അമേരിക്കയിലേയ്‌ക്കുള്ള കയറ്റുമതിക്കും സഹായകമാകും.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
Apex Cluster Development Services, New Delhi
7827202718