Breaking News

Trending right now:
Description
 
Feb 05, 2014

സിബിസിഐയുടെ സമ്മേളനത്തിന്‌ പാലയില്‍ ഇന്നു തുടക്കം; 185 മെത്രാന്മാര്‍ പങ്കെടുക്കും

image രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവന ചെയ്‌തതും അര നൂറ്റാണ്ടായി സഭ നടപ്പാക്കുന്നതുമായ നവീകരണ നടപടികള്‍ക്കു ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ നിലപാടുകള്‍കൂടി കണക്കിലെടുത്തു ഭാരതത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഉണ്ടാക്കേണ്ട ഗതിവേഗത്തെക്കുറിച്ചും ഇന്നു പാലായില്‍ ആരംഭിക്കുന്ന ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്പൂര്‍ണ സമ്മേളനം (സിബിസിഐ) ചര്‍ച്ച ചെയ്യും. ഇന്നു രാവിലെ ഒന്‍പതിനു പാലാ സെന്റ്‌ തോമസ്‌ കോളജ്‌ മൈതാനിയില്‍ സജ്ജമാക്കിയ വേദിയില്‍ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെയാണ്‌ സമ്മേളനം ആരംഭിക്കുന്നത്‌. വത്തിക്കാന്‍ സ്ഥാനപതിയായിരിക്കും മുഖ്യകാര്‍മികന്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകള്‍ക്കു ചേര്‍ന്നവിധം, നവസമൂഹസൃഷ്ടിക്കു നവീകരിക്കപ്പെട്ട സഭ എന്നതാണ്‌ സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയമെന്നു സിബിസിഐ പ്രസിഡന്റ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ പറഞ്ഞു. ലത്തീന്‍, സീറോമലബാര്‍, സീറോ മലങ്കര സഭകളില്‍നിന്നുള്ള 185 മെത്രാന്മാര്‍ ഏഴു ദിവസം ദീര്‍ഘിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു സമ്മേളനം നടക്കുന്ന പാലാ അരുണാപുരത്തെ അല്‍ഫോന്‍സിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹമറിയിച്ചു. സിബിസിഐയുടെ സെക്രട്ടറി ജനറല്‍ ആഗ്ര ആര്‍ച്ച്‌ബിഷപ്‌ ഡോ. ആല്‍ബര്‍ട്ട്‌ ഡിസൂസ, പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. ജോസഫ്‌ ചിന്നയ്യന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സഭ എപ്പോഴും പാവങ്ങളുടെ പക്ഷം ചേരണമെന്നതാണു സുവിശേഷപ്രബോധനം. ആര്‍ദ്രതയുള്ള ഹൃദയവും സഹായിക്കുന്ന കരങ്ങളുമാണു സഭയ്‌ക്കുണ്ടാകേണ്ടത്‌. ഇക്കാര്യത്തില്‍ ഭാരതസഭയ്‌ക്ക്‌ എന്തൊക്കെ മാറ്റങ്ങളാണു വരേണ്ടതെന്നു സമ്മേളനം ചര്‍ച്ച ചെയ്യും. സഭ ധാരാളം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും സഭ ഒരു സന്നദ്ധസംഘടനയല്ലെന്നും സഭയുടെ ലക്ഷ്യം ആത്മീയമാണെന്നും കര്‍ദിനാള്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ എടുക്കുന്ന നിലപാടിനനുസരിച്ചുള്ള ആഭിമുഖ്യം ഭാരതത്തിലും ഉറപ്പാക്കേണ്ടതുണ്ട്‌.
സമൂഹത്തില്‍ വളര്‍ന്നുവരുന്ന അതിക്രമങ്ങള്‍, മതസൗഹാര്‍ദമില്ലായ്‌മ തുടങ്ങിയവയില്‍ സഭയ്‌ക്ക്‌ ആശങ്കയുണ്ട്‌. ഇതേക്കുറിച്ചും സമ്മേളനം ചര്‍ച്ച നടത്തും. പൊതുജീവിതത്തില്‍ അഴിമതി സാര്‍വത്രികമാകുകയാണ്‌. സഭയ്‌ക്ക്‌ ഇക്കാര്യത്തില്‍ വളരെ ആശങ്കയുണ്ട്‌.

 വൈദികരുടെയിടയിലെ ലൈംഗിക ഇടര്‍ച്ചകളെക്കുറിച്ചു ചോദിച്ചപ്പോള്‍, സഭ ഒരുതരത്തിലും അതിനെ ന്യായീകരിക്കുന്നില്ലെന്നും ഭാരതസഭയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒന്നോ രണ്ടോ ആണ്‌ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരെണ്ണംപോലും ഉണ്ടാകുന്നതു വലിയ പാതകമായിട്ടാണു സഭ കരുതുന്നത്‌. സമര്‍പ്പിത ജീവിതത്തിലേക്കു വരുന്നവരുടെ, പ്രത്യേകിച്ചു സന്യാസികളാകാനുള്ളവരുടെ സംഖ്യ കുറഞ്ഞുവരുന്നുണ്ട്‌. ആഗോളവത്‌കരണവും ഭൗതികവത്‌കരണവുമൊക്കെ ഇതിനു കാരണമായിട്ടുണ്ട്‌. എന്നാല്‍, ദൈവവിളികള്‍ ഭാരതത്തില്‍ അപായകരമാംവിധം കുറവായിട്ടില്ല.സ്വവര്‍ഗവിവാഹം സഭ ഒരിക്കലും അംഗീകരിക്കുന്നില്ല. എന്നാല്‍, ഇത്തരത്തില്‍ ലൈംഗികപ്രശ്‌നങ്ങളുള്ളവരുടെ കാര്യത്തില്‍ കരുണാപൂര്‍വമായ നിലപാടു വേണമെന്നാണു സഭയുടെ ആഗ്രഹം. അവരെ കുറ്റവാളികളായി കണക്കാക്കുന്നതിനോടും സഭയ്‌ക്കു യോജിപ്പില്ലെന്നു മാര്‍പാപ്പതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍, സ്വവര്‍ഗ വിവാഹത്തെ സഭ ന്യായീകരിക്കുന്നുവെന്നല്ല ഇതിനര്‍ഥം- കര്‍ദിനാള്‍ വ്യക്തമാക്കി.11ന്‌ വൈകിട്ട്‌ അഞ്ചിനു ബിഷപ്പുമാര്‍ ഭരണങ്ങാനത്തു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ചു ബലി അര്‍പ്പിക്കും.