Breaking News

Trending right now:
Description
 
Nov 02, 2012

കോടതി കേസുകള്‍ മിനി മാഡം കുളമാക്കിയെന്ന്‌ നേതാക്കള്‍, ഞാനിതൊന്നും അറിഞ്ഞിട്ടില്ലെന്ന്‌ മിനി

റിയ മെര്‍ലിന്‍ അഗസ്‌റ്റിയന്‍, riamerlin@hotmail.com
image മാനേജ്‌മെന്റിനെതിരായ കേസുകളെല്ലാം നന്നായി നടക്കുന്നുവെന്ന വിചാരത്തിലായിരുന്നു നഴ്‌സുമാര്‍. സമരപ്പന്തല്‍ അടിച്ചുപൊളിച്ചതും ലിന്‍സിയെന്ന നഴ്‌സിനെ തല്ലിച്ചതച്ച്‌ കൈയൊടിച്ചതുമെല്ലാം കേസായിരുന്നു. എന്നാല്‍, എതിര്‍ഭാഗം വക്കീല്‍ നഴ്‌സുമാരോട്‌ തുറന്നു പറഞ്ഞത്‌ കേസില്‍ പുരോഗതിയില്ലാത്തത്‌ നിങ്ങളുടെ വക്കീല്‍ വരാത്തതുകൊണ്ടായിരുന്നു. ഇതോടെ കോതമംഗലം യൂണിറ്റിന്റെ ആവശ്യപ്രകാരം വക്കീലിനെ മാറ്റാന്‍ ആവശ്യപ്പെട്ടു. അപ്പീല്‍ നല്‌കേണ്ട കേസുകളിലൊന്നും അപ്പീല്‍ സമര്‍പ്പിക്കാതിരുന്നതും നഴ്‌സുമാര്‍ക്ക്‌ തിരിച്ചടിയായിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ക്കൊന്നും താന്‍ ഉത്തരവാദിയല്ല, സമരസമിതി നേതാക്കളാണ്‌ സമരത്തെ ഇല്ലാതാക്കിയതെന്ന നിലപാടാണ്‌ അഡ്വ. പി.ബി. മിനിക്ക്‌. "തീയില്‍ കുരുത്തതാണ്‌, വെയിലത്ത്‌ വാടില്ല" എന്ന പേരില്‍ അഡ്വ. പി.ബി. മിനി എഴുതിയ കത്തിലെ പ്രസക്ത വിവരങ്ങളാണ്‌ ചുവടെ:

"ഞാനാണ്‌ അഡ്വ. ടി.ബി. മിനി. എനിക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റുകള്‍ക്ക്‌ വേണ്ടി കൂലിയെഴുത്ത്‌ നടത്തുന്നവര്‍ തച്ചിനിരുന്ന്‌ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണ്‌. കോതമംഗലത്ത്‌ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്നതിന്‌ തയാറായ മൂന്നു പെണ്‍കുട്ടികളുടെ കണ്ണുകളിലെ കണ്ണുനീര്‍തുള്ളികള്‍ എന്നെ ഈ മറുപടി എഴുതുന്നതിന്‌ പ്രേരിപ്പിക്കുകയാണ്‌. അന്‍പത്തിരണ്ടു ചര്‍ച്ചകള്‍ ഈ സമരത്തില്‍ നടന്നു. ഇതില്‍ ഞാന്‍ രണ്ടോ, മൂന്നോ ചര്‍ച്ചകളിലേ പങ്കെടുത്തിരുന്നുള്ളു. ഈ ചര്‍ച്ചകളില്‍ മാര്‍ച്ച്‌ 5-ാം തീയതിയിലെ എഗ്രിമെന്റിന്റെ ചുവട്‌ പിടിച്ച്‌ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി. ഈ എഗ്രിമെന്റിലെ പാകപ്പിഴകളും മാനേജ്‌മെന്റിന്റെ പിടിവാശിയുമായാണ്‌ സമരം നീട്ടിക്കൊണ്ടു പോയത്‌. എഗ്രിമെന്റിലെ ഒന്നും രണ്ടും വകുപ്പുകള്‍ ഈ എഗ്രിമെന്റ്‌ നഴ്‌സസ്‌ വിരുദ്ധമാക്കി. അമൃതയിലെ ആദ്യത്തെ എഗ്രിമെന്റ്‌ പോലെയായിരുന്നു അത്‌.

രണ്ടു ക്ലോസുകളായിരുന്നു ഈ എഗ്രിമെന്റില്‍ സമരം നീണ്ടു പോകുന്നതിനു കാരണമായത്‌ (3 ഷിഫ്‌റ്റ്‌ നടപ്പാക്കും, സമയം മാനേജ്‌മെന്റും യൂണിയനും ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കും). ഒരു എഗ്രിമെന്റ്‌ ഉണ്ടാക്കുമ്പോള്‍ അന്ന്‌ വ്യക്തമായി സമയം എഴുതിയിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നോ? മാനേജ്‌മെന്റ്‌ നിയമം മാത്രം നടപ്പാക്കും എന്നു പറഞ്ഞു. അതായത്‌ 8-8-8 മണിക്കൂര്‍. 6-6-12 മണിക്കൂര്‍ എന്നതായിരുന്നു യൂണിയന്‍ ആവശ്യപ്പെട്ട സമയം. നിയമപരമായ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും കോടതിയും (ഇതോടെ) നിസഹായരായി.

ഏറ്റവും അവസാനം ഓഗസ്റ്റ്‌ 16-ാം തീയതി സഖാവ്‌ വി.എസ്‌. വരുന്നതുവരെ മാനേജ്‌മെന്റ്‌ ഈ നില തുടര്‍ന്നു. അന്ന്‌ ചര്‍ച്ചാഹാളില്‍ ഉണ്ടായിരുന്ന എല്ലാ നേതാക്കളും ഒരുമിച്ച്‌ പറഞ്ഞാണ്‌ മാനേജ്‌മെന്റ്‌ സെക്രട്ടറി പാതിമനസില്‍ സമരക്കാര്‍ക്ക്‌ മാത്രം 3 ഷിഫ്‌റ്റ്‌ നടപ്പാക്കിയത്‌.

രണ്ടാമത്തെ ക്ലോസ്‌ ഇന്നേ വരെ ഒരു നഴ്‌സിംഗ്‌ എഗ്രിമെന്റിലും ഉണ്ടായിട്ടില്ലാത്ത നഴ്‌സസ്‌ വിരുദ്ധ ക്ലോസായിരുന്നു. കിടക്കകള്‍ എണ്ണി നഴ്‌സ്‌മാരെ നിയമിക്കാം എന്നായിരുന്നു അത്‌. അതിന്‌ പ്രത്യേക നിയമമില്ല. പിന്നെ എങ്ങനെ നിയമിക്കും. ജനറല്‍ 1 : 7, ഐ.സി.യു 1 : 1, വെന്റിലേറ്റര്‍ 1 : 1 എന്ന്‌ എഗ്രിമെന്റില്‍. എന്നാല്‍ മറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്തുകൊണ്ട്‌ ഈ എഗ്രിമെന്റില്‍ എഴുതിയില്ല?

സമരം ഒത്ത്‌ തീര്‍പ്പാക്കാതെ നീട്ടി കൊണ്ടു പോയത്‌ മാനേജ്‌മെന്റായിരുന്നു. കളക്‌ടര്‍, ലേബര്‍ കമ്മീഷണര്‍, വ്യപാരി സമിതിക്കാര്‍ എന്നിങ്ങനെ നാട്ടിലുള്ള മുഴുവന്‍ പ്രമുഖരും പള്ളിയും മദ്ധ്യസ്ഥരായി. ഇതില്‍ കളക്‌ടര്‍ വിളിച്ച ചര്‍ച്ചയിലൊഴികെ അഡ്വ. ടി.ബി. മിനി പങ്കെടുത്തിരുന്നില്ല. സംഘടനാ ഭാരവാഹികളായ പ്രിജിത്ത്‌, ലിഞ്‌ജ, ഷിഹാബ്‌, അഭിലാല്‍ എന്നിവരിലാരെങ്കിലും പങ്കെടുക്കാതെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

കോടതിയിലുണ്ടായിരുന്നത്‌ മാനേജ്‌മെന്റ്‌ കൊടുത്ത പോലീസ്‌ പ്രൊട്ടക്ഷന്‍ കേസ്‌ ആയിരുന്നു. ഒരുപാട്‌ ദിവസം കേസിന്റെ വാദം നടന്നിരുന്നു. കേസില്‍ മാര്‍ച്ച്‌ 5-ന്റെ എഗ്രിമെന്റ്‌ നടപ്പിലാക്കാത്തതിനാലാണ്‌ സമരം എന്നത്‌ ഒരു വാദമായിരുന്നു. ഓരോ വാദത്തിലും മുന്‍വാദത്തില്‍ നിന്നും വ്യത്യസ്‌തമായ കാര്യങ്ങളായിരുന്നു മാനേജ്‌മെന്റ്‌ പറഞ്ഞത്‌. ആദ്യം മിനിമം വേതനത്തെക്കുറിച്ചായിരുന്നു. മിനിമം വേതനം നടപ്പാക്കുന്നു എന്ന്‌ മാനേജ്‌മെന്റും അത്‌ ഇല്ലാ എന്ന്‌ നഴ്‌സുമാരും.

മാനേജ്‌മെന്റിനോട്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതിന്‌ കോടതി ആവശ്യപ്പെട്ടു. അന്ന്‌ ബസേലിയോസിലെ നഴ്‌സുമാരെ നേരിട്ട്‌ കോടതി വിളിപ്പിച്ചു. ലേക്‌ഷോര്‍ സമരത്തില്‍ നഴ്‌സുമാരോടുണ്ടായ ദേഷ്യം അന്ന്‌ കോടതിയില്‍ ഹാജരായ നഴ്‌സുമാരോട്‌ ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള കാണിച്ചു. (യൂണിറ്റ്‌ പ്രസിഡന്റ്‌ ലിജിനായിരുന്നു കോടതിയില്‍ വന്നത്‌). അടുത്തദിവസം എല്ലാവര്‍ക്കും മിനിമം വേതനം നല്‍കുന്നുവെന്ന കള്ള സത്യവാങ്‌മുലം മാനേജ്‌മെന്റ്‌ നല്‌കി. ഇത്‌ കോടതി മദ്ധ്യവേനല്‍ അവധി തുടങ്ങുന്ന ദിവസമായിരുന്നു..."

അഡ്വ. മിനിയുടെ കത്ത്‌ ഇങ്ങനെ തുടരുമ്പോള്‍ ആര്‌ പറയുന്നത്‌ വിശ്വസിക്കും? നേതാക്കളാണോ കോടതിയില്‍ ഹാജരായ അഡ്വ. മിനിയാണോ അതോ അദൃശ്യരായി ഇടനില നിന്നവരാണോ? ആരാണ്‌ ഈ സമരത്തെ അട്ടിമറിച്ച്‌ പാവം നഴ്‌സുമാരെ വെള്ളത്തിലാക്കിയത്‌? ഗ്ലോബല്‍ മലയാളം പരമ്പര തുടരുന്നു. നാളെ വായിക്കുക, ഷെയര്‍ ചെയ്യുക.

Send your response to globalmalayalam@gmail.com, www.facebook.com/globalmalayalam


key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur, globalmalayalam