Breaking News

Trending right now:
Description
 
Feb 03, 2014

വാഗ്‌ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന രാഷ്‌ട്രീയ സംസ്‌കാരം അപമാനകരം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

Shaiju Chacko
image
ദുബായ്‌: വാഗ്‌ദാനങ്ങളും ഉറപ്പുകളും നല്‍കി ജനങ്ങളെ നിരന്തരം വഞ്ചിക്കുന്ന രാഷ്‌ട്രീയ സംസ്‌കാരം കേരള സമൂഹത്തിന്‌ അപമാനകരമാണെന്നും മൂല്യങ്ങള്‍ നഷ്‌ടപ്പെട്ട രാഷ്‌ട്രീയ രംഗത്ത്‌ സമൂലമായ പരിവര്‍ത്തനം അനിവാര്യമാണെന്നും സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍. മലയോര ജനതയെ ദുരിതത്തിലാഴ്‌ത്തുന്ന ഗാഡ്‌ഗില്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ സര്‍ക്കാരും ജനപ്രതിനിധികളും പരിസ്ഥിതിപ്രവര്‍ത്തകരും സാധാരണ ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഈ റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ കേരളത്തിലെ മലയോര ജനതയുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യുവദീപ്‌തി കെസിവൈഎം യുഎഇ ചാപ്‌റ്റര്‍ ദുബായില്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദി പറയുകയായിരുന്നു ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍. സമ്പന്നമായ പ്രവാസജീവിതത്തിന്റെ തിരക്കുകളില്‍ അമര്‍ന്നുപോകുമ്പോഴും ജീവിതത്തിന്റെ സായംകാലത്തില്‍ എത്തിയ മാതാപിതാക്കന്മാര്‍ക്കുവേണ്ടിക്കൂടി കുറച്ചുസമയം മാറ്റിവെയ്‌ക്കാന്‍ മറന്നുപോകരുതെന്ന്‌ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവാക്കളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജിനോ ജോസഫ്‌ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാധ്യമപ്രവര്‍ത്തകനും ചാപ്‌റ്റര്‍ മെമ്പറുമായ ഐപ്പ്‌ വള്ളിക്കാടന്‍ ഉദ്‌ഘാടനം ചെയ്‌തു. കത്തോലിക്കാ സഭയില്‍ അല്‌മായര്‍ക്കുള്ള പരമോന്നത ബഹുമതിയായ ഷെവലിയര്‍പദവി ലഭിച്ച അഡ്വ.വി.സി.സെബാസ്റ്റ്യന്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജിനോ ജോസഫ്‌ ഉപഹാരം സമ്മാനിച്ചു. ജോ കാവാലം, ജേക്കബ്‌ ജോസഫ്‌, ജാനസ്‌ ഇടുക്കി, സിജോ ജോസഫ്‌, അഭിലാഷ്‌ കോര, ക്രിസ്റ്റീന്‍ ജോസഫ്‌, ജോര്‍ജ്‌ കോലഞ്ചേരി എന്നിവര്‍ അദ്ദേഹത്തിന്‌ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സമ്മേളനത്തിന്‌ നോബിന്‍ ഫ്രാന്‍സീസ്‌ സ്വാഗതവും ജെമി സെബാന്‍ നന്ദിയും പറഞ്ഞു. മാത്യു റാഫേല്‍, റ്റിജോ, ഷിജന്‍, വിന്‍സണ്‍ എന്നിവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കി.

ഫോട്ടോ അടിക്കുറിപ്പ്‌
സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‌ യുഎഇയിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളെ പ്രതിനിധീകരിച്ച്‌ കെസിവൈഎം യുവദീപ്‌തി യുഎഇ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജിനോ ജോസഫ്‌ ഉപഹാരം സമ്മാനിക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ ഐപ്പ്‌ വള്ളിക്കാടന്‍ സമീപം.