Breaking News

Trending right now:
Description
 
Feb 03, 2014

അക്ഷരപൈതൃക​ത്തിന്റെ വേരുകളിലേക്കു വെളിച്ചം വീശി കോട്ടയത്തെ "പഠിത്തവീട്​" ഇരൂനൂറിന്റെ നിറവിലേക്ക്

Johnson Punchakkonam
image
കോട്ടയം . കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിലും വികസന ചരിത്രത്തിലും പ്രധാന സ്ഥാനംവഹിച്ച പഴയ സെമിനാരിയെ ഒാര്‍ത്തഡോക്സ് സഭയുടെ ചരിത്ര സ്മാരകമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു. പഴയ സെമിനാരിയുടെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ അധ്യക്ഷ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.

200 വര്‍ഷങ്ങള്‍ക്കു മുന്‍പു തിരുവിതാംകൂറില്‍ ആദ്യമായി കോട്ടയം പഴയ സെമിനാരി കേന്ദ്രീകരിച്ചാരംഭിച്ച ഇംഗ്ലിഷ് വിദ്യാഭ്യാസം വിജ്ഞാനത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും ശക്തി പകര്‍ന്നുവെന്നു ദ്വിശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.എല്ലാ മേഖലകളിലും വൈജ്ഞാനിക സ്വാധീനം പകര്‍ന്ന സ്ഥാപനമാണു പഴയസെമിനാരി. സമൂഹത്തില്‍ അറിവിന്റെയും നന്മയുടെയും വികസന മാതൃകകള്‍ വളര്‍ത്തിയെടുക്കാന്‍ ദ്വിശതാബ്ദി ആഘോഷം വഴി സാധ്യമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദ്വിശതാബ്ദി സ്മാരക മന്ദിരത്തിന്റെ മണ്ഡപ അനാച്ഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സെമിനാരി ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചരിത്രഫലകത്തിന്റെ അനാച്ഛാദനം ജോസ് കെ. മാണി എം.പി. നടത്തി. സാന്ത്വന ഹോം കെയര്‍ പദ്ധതി കര്‍ദിനാള്‍ കുര്‍ട്ട് കൊഹും മലങ്കര പൈതൃക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ബിഷപ് ബര്‍ണബാ സൊറിയാനിയും നിര്‍വഹിച്ചു. ഡോ. പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെ ഫിലോസഫി ഈസ്റ്റ് വെസ്റ്റ് എന്ന പുസ്തകം സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസും തിരുവചനഭാഷ്യം കുര്യാക്കോസ് മാര്‍ ക്ലിമ്മീസും പ്രകാശനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് തിയളോജിക്കല്‍ സ്റ്റഡീസിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ഡോ. സഖറിയാസ് മാര്‍ അപ്രേം നിര്‍വഹിച്ചു.

രാവിലെ കുര്‍ബാനയ്ക്ക് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍നിന്നും കത്തോലിക്കാ സഭയില്‍നിന്നുമുള്ള വിദേശ പ്രതിനിധികള്‍ പങ്കെടുത്തു. കാതോലിക്കാ ബാവാ കുര്‍ബാനയ്ക്കു മുഖ്യ കാര്‍മികത്വം വഹിച്ചു. കുര്‍ബാന മധ്യേ അര്‍മീനിയന്‍ ബിഷപ് ഹൊവാക്കിം മാനിക്യന്‍ മുഖ്യസന്ദേശം നല്‍കി.