Breaking News

Trending right now:
Description
 
Feb 01, 2014

ഇടി പരീക്ഷണത്തില്‍ ഇന്ത്യയില്‍ ജനപ്രീതിയുള്ള അഞ്ച്‌ കാറുകള്‍ പരാജയപ്പെട്ടു

image ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള അഞ്ച്‌ കാറുകള്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി നടത്തിയ ക്രാഷ്‌ ടെസ്റ്റില്‍ പരാജയപ്പെട്ടു. ബ്രിട്ടീഷ്‌ കാര്‍ സേഫ്‌ടി സംരംഭമായ ഗ്ലോബല്‍ എന്‍സിഎപിയാണ്‌ ക്രാഷ്‌ ടെസ്റ്റ്‌ നടത്തിയത്‌. ശക്‌തമായ ഇടി, യാത്രക്കാര്‍ക്കു സംഭവിക്കുന്ന മാരകമായ പരിക്കുകള്‍ എന്നിവ കണക്കിലെടുത്താണു നിലവാരം കണക്കിലാക്കുന്നത്‌. മാരുതി സുസുകി, ഫോര്‍ഡ്‌, ഫോകസ്‌വാഗന്‍, ഹ്യുണ്ടായ്‌, ടാറ്റ എന്നീ കമ്പനികളുടെ ജനപ്രിയ മോഡലുകളാണു ഇടി പരീക്ഷണത്തില്‍ തകര്‍ന്നത്‌. ആള്‍ട്ടോ 800, ഫിഗോ, പോളോ, ഐ10, നാനോ എന്നിവയ്‌ക്കാണ്‌ ക്രാഷ്‌ ടെസ്റ്റ്‌ നടത്തിയത്‌. യൂറോപ്പിലും അമേരിക്കയിലുള്ള സുരക്ഷാ നിലവാരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ കാറുകളുടേത്‌ 20 വര്‍ഷം പിന്നിലാണെന്ന്‌ എന്‍സിഎപി ഗ്ലോബല്‍ മേധാവി മാക്‌സ്‌ മോസ്‌ലി അറിയിച്ചു. അന്താരാഷ്‌ട്ര മോട്ടോര്‍സ്‌പോര്‍ട്ടിന്റെ മുന്‍ മേധാവി കൂടിയാണ്‌ മോസ്‌ലി. കഴിഞ്ഞവര്‍ഷം ഈ അഞ്ച്‌ കാറുകളാണ്‌ ഇന്ത്യയില്‍ വില്‍പ്പനയുടെ 20% നേടിയത്‌. എന്‍സിഎപിയുടെ പരിശോധനാ ഫലം ഗൗരവമായി കണക്കിലെടുക്കുമെന്നും സുരക്ഷയ്‌ക്കാണു പ്രാധാന്യം നല്‍കുന്നതെന്നും ബന്ധപ്പെട്ട കമ്പനികള്‍ അറിയിച്ചു. പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ കാറുകളിലൊന്നും എയര്‍ബാഗ്‌ ഉണ്ടായിരുന്നില്ല. അമേരിക്കയിലും യൂറോപ്പിലും വിറ്റ ഇതേ കാര്‍മോഡലുകളില്‍ ഇവയെല്ലാമുണ്ട്‌ എന്നതാണ്‌ ശ്രദ്ധേയമായ കാര്യം. റിപ്പോര്‍ട്ടിന്റെ അടിസ്‌്‌ഥാനത്തില്‍ എയര്‍ബാഗ്‌ ഇല്ലാത്ത പോളോയുടെ വേര്‍ഷനുകള്‍ പിന്‍വലിക്കാന്‍ ഫോകസ്‌വാഗന്‍ തീരുമാനിച്ചു. പകരം രണ്ട്‌ എയര്‍ബാഗും ആന്റി ലോക്ക്‌ ബ്രേക്ക്‌ ഉള്ളതുമായ വേര്‍ഷന്‍ വിപണിയിലിറക്കും. വിലയില്‍ 2.7% വര്‍ധന ഉണ്ടാകും. നാനോയുടെ ശക്‌തിയും ബലവും വര്‍ധിപ്പിക്കാന്‍ ടാറ്റയും തീരുമാനിച്ചു. പവര്‍ സ്റ്റിയറിംഗുള്ള പുതിയ മോഡല്‍ കൂടുതല്‍ ബലം നല്‍കുന്നതാണെന്നു കമ്പനി അറിയിച്ചു. സുരക്ഷാ നിലവാരം കാര്യമായി നോക്കാതെ വിലയില്‍ മാത്രം ശ്രദ്ധിച്ച്‌ കാര്‍ വാങ്ങാനുള്ള ഇടത്തരക്കാരുടെ മനോഭാവമാണ്‌ കമ്പനികളെ വഴിതെറ്റിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകത്തില്‍ ഏറ്റവും വാഹനപകടങ്ങള്‍ നടക്കുന്ന രാജ്യം ഇന്ത്യയാണ്‌. 2012ല്‍ 1,40,000 പേരുടെ ജീവനാണ്‌ നിരത്തില്‍ പൊലിഞ്ഞതെന്ന്‌ സര്‍ക്കാരിന്റെ നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 17% കാര്‍ യാത്രക്കാരാണ്‌.