Breaking News

Trending right now:
Description
 
Feb 01, 2014

വനിതകള്‍ക്കായുള്ള ഷീ ടാക്‌സി ഇനി കൊച്ചിയിലും

image സുരക്ഷിത യാത്ര ഉറപ്പുനല്‍കുന്നതില്‍ തലസ്ഥാനത്തു വന്‍ വിജയമായി മാറിയ ഷീ ടാക്‌സി ഇനി കൊച്ചിയിലും. പദ്ധതിയുടെ രണ്ടാംഘട്ട ഭാഗമായാണു കൊച്ചിയിലും ഷീ ടാക്‌സി തുടങ്ങുന്നത്‌. ഷീ ടാക്‌സിയുടെ കൊച്ചിയിലെ ഔദ്യോഗിക ഉദ്‌ഘാടനത്തിനു മുന്നോടിയായി കാറുകളുടെ പ്രദര്‍ശനം നാളെ രാവിലെ ഒബ്‌റോണ്‍ മാളില്‍ നടക്കും. ചടങ്ങില്‍ ജെന്‍ഡര്‍ പാര്‍ക്ക്‌ സിഇഒ പി.ടി.എം. സുനീഷ്‌, ശീമാട്ടി ഗ്രൂപ്പ്‌ സിഇഒ ബീനാ കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കാണു സ്‌ത്രീകള്‍ക്കുവേണ്ടി മാത്രം ലക്ഷ്യമിട്ടു പദ്ധതി ആവിഷ്‌ക്കരിച്ചത്‌. നവംബര്‍ 19നു തിരുവനന്തപുരത്ത്‌ അഞ്ചു വാഹനങ്ങളുമായി ആരംഭിച്ച ഷീ ടാക്‌സി വന്‍ വിജയമായിരുന്നു. നിടി മഞ്‌ജു വാര്യരാണു പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍. 24 മണിക്കൂറും സേവനസജ്ജമായി വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ ഓടിക്കുന്നതുമായ ടാക്‌സി കാറുകളാണു ഷീ ടാക്‌സി. രണ്ടാംഘട്ടത്തില്‍ കോഴിക്കോട്ടേക്കും പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്‌. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണു പിങ്കും വെളുപ്പും നിറത്തിലുള്ള കാറുകള്‍ നല്‍കി പദ്ധതിയില്‍ പങ്കാളികളായിരിക്കുന്നത്‌. ജിപിഎസ്‌, കൃത്യതയാര്‍ന്ന മീറ്ററുകള്‍, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ജാഗ്രതാ സന്ദേശത്തിനുള്ള സംവിധാനം, വിനോദോപാധികള്‍ തുടങ്ങി ആഡംബരവും സുരക്ഷിതത്വവുമായ സൗകര്യങ്ങളില്‍ ഈ കാറുകളിലുണ്ട്‌. ടെക്‌നോപാര്‍ക്ക്‌ കേന്ദ്രീകരിച്ചുള്ള റെയിന്‍ കണ്‍സേര്‍ട്ട്‌ ടെക്‌നോളജീസ്‌ ലിമിറ്റഡാണ്‌ `ഷീ ടാക്‌സി' സേവനം നിയന്ത്രിക്കുക. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. കണ്‍ട്രോള്‍ റൂമിനു ടാക്‌സി കാറുകളുമായി ബന്ധപ്പെടാനുള്ള സംവിധാനമുണ്ട്‌.