Breaking News

Trending right now:
Description
 
Jan 31, 2014

നഴ്‌സിംഗ്‌ സമരത്തെക്കുറിച്ചുള്ള രേഖകള്‍ തന്നാല്‍ പഠിച്ചിട്ടു ചൂലെടുക്കാമെന്നു ആം ആദ്‌മി, ഔദാര്യത്തിനു നന്ദിയെന്നു യു.എന്‍.എ

imageതൃശൂര്‍:കേരളത്തിലെ നഴ്‌സുമാര്‍ അനുഭവിക്കുന്ന ചൂക്ഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടു നല്‌കിയാല്‍ പഠിച്ചിട്ടു ചൂലെടുക്കാമെന്നു ആംആദ്‌മി. തൃശൂര്‍ ജില്ലയിലെ ക്രാഫ്‌റ്റ്‌ സമരത്തിനു പിന്തുണ തേടിയെത്തിയ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ പ്രതിനിധികളോടാണ്‌ തൃശൂര്‍ ജില്ലാ ആംആദ്‌മി ഭാരവാഹികള്‍ നഴ്‌സിംഗ്‌ സമരത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടത്‌.
കഴിഞ്ഞ 90 ദിവസമായി ക്രാഫ്‌റ്റ്‌ ഹോസ്‌പിറ്റലിലെ നഴ്‌സുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരത്തിലാണ്‌. ജനകീയ സമിതിയുടെ പിന്തുണയോടെയാണ്‌ സമരം നടക്കുന്നത്‌. ഓട്ടോ ഡ്രൈവര്‍മാരും ചുമട്ടു തൊഴിലാളികളും അടക്കമുള്ള സാധാരണക്കാരാണ്‌ സമരം നടത്തുന്ന നഴ്‌സുമാരുടെ സുരക്ഷിതത്വം ഏറ്റെടുത്തിരിക്കുന്നത്‌. തൃശൂര്‍ കളക്ട്രേറ്റ്‌ പടിക്കല്‍ രാപകല്‍ സമരവും നടന്നുവരുകയാണ്‌. അമൃതയിലും നഴ്‌സുമാര്‍ ശമ്പള വര്‍ധനവ്‌ ആവശ്യപ്പെട്ടു സമരത്തിലാണ്‌. ഇത്തരത്തില്‍ ജീവിക്കാനായി നഴ്‌സുമാര്‍ നടത്തുന്ന പോരാട്ടങ്ങളുടെ രേഖയാണ്‌ ആംആദ്‌മി ആവശ്യപ്പെട്ടത്‌.

കേരളത്തിന്റെ സമ്പദ്‌ഘടനയെ താങ്ങിനുറിത്തുന്നവരാണ്‌ നഴ്‌സിംഗ്‌ സമൂഹം. വിദേശ സമ്പത്തും നേടിതരുന്നതിനും സ്‌ത്രീകളുടെ സാമൂഹിക ഉയര്‍ച്ചയ്‌ക്കും നഴ്‌സിംഗ്‌ ജോലിയാണ്‌ ഏറെ സഹായിച്ചത്‌. എന്നാല്‍ അടുത്തകാലത്തായി നഴ്‌സിംഗ്‌ തൊഴില്‍ മേഖലയിലേയ്‌ക്ക്‌ ധാരാളം പേര്‍ കടന്നു വന്നതും വിദേശ തൊഴില്‍ മേഖലയിലുണ്ടായ മാന്ദ്യവുമാണ്‌ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചൂക്ഷണത്തിനെതിരെ പൊരാടുവാന്‍ നഴ്‌സുമാരെ പ്രേരിപ്പിച്ചത്‌.

ആസംഘടിതരും സ്‌ത്രീകളുമാണ്‌ നഴ്‌സിംഗ്‌ മേഖലയില്‍ കൂടുതല്‍. അതിനാല്‍ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റിനു അടിച്ചമര്‍ത്തല്‍ എളുപ്പമായിരുന്നു. പുരുഷ നഴ്‌സുമാരെ ഒഴിവാക്കിയാണ്‌ മാനേജ്‌മെന്റ്‌ സമരത്തെ ഒതുക്കാന്‍ പുതിയ തന്ത്രം മിനയുന്നത്‌.
ഇത്തരം അടിച്ചമര്‍ത്തലുകളെ അതിജീവിക്കാനായി യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ രൂപികരിച്ചു നഴ്‌സുമാര്‍ കേരളത്തില്‍ സമരം നടത്തിവരുകയാണ്‌. ഈ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ശമ്പള വര്‍ധനവും ത്രീഷിഫ്‌റ്റ്‌ സമ്പ്രദായവും നേടിയെടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ പഴയ ചൂക്ഷണം പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ്‌ മാനേജ്‌മെന്റുകള്‍. സമരങ്ങളുടെ വേലിയറ്റത്തെ തുടര്‍ന്നാണ്‌ ബലരാമന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്‌. എന്നാല്‍ ആ കമ്മിറ്റിയുടെ ശുപാര്‍ശകളാണ്‌ സര്‍ക്കാര്‍ പാടെ അവഗണിക്കുന്നത്‌
സര്‍ക്കാരും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും വിവിധ കാരണങ്ങളാല്‍ നഴ്‌സിംഗ്‌ സമരത്തോടു സമദൂരം പുലര്‍ത്തുകയാണ്‌. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വരുമാന സോഴ്‌സാണ്‌ ആശുപത്രി മേഖല എന്നതാണ്‌ അതിനു കാരണം. കൂടാതെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ അവരുടേതായ തൊഴിലാളി സംഘടനകളും ഉണ്ട്‌.

കേരളത്തിലെ അഭ്യസ്‌തവിദ്യര്‍ തൊഴില്‍ എടുക്കുന്ന എല്ലാ സ്വകാര്യ തൊഴില്‍ മേഖലയിലും കടുത്ത ചൂക്ഷണമാണ്‌ നിലനില്‍ക്കുന്നത്‌. ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്ന നഴ്‌സുമാര്‍ക്ക്‌ തുച്ഛമായ ശമ്പളവും കഠിനാധ്വാനവും.അതുപ്പോലെ തന്നെയാണ്‌ സ്വകാര്യ അധ്യപകരുടെയും അവസ്ഥ. മാനേജ്‌മെന്റുകളാകട്ടെ വന്‍തോതില്‍ പണം പിടുങ്ങി ജനത്തെ ചൂക്ഷണം ചെയ്യുന്നു. ഈ അവസ്ഥയ്‌ക്കെതിരെ കേരളത്തില്‍ ജനരോക്ഷം ആളിക്കത്തുമ്പോഴാണ്‌ രേഖകള്‍ തന്നാലെ സമരത്തെ പിന്തുണയ്‌ക്കു എന്നു ആംആദ്‌മിയുടെ നിലപാട്‌.
ദില്ലിയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്താണ്‌ ആംആദ്‌മി മനസുകളില്‍ സ്ഥാനം നേടിയത്‌. എന്നാല്‍ കേരളത്തിന്റെ തനതു വിഷയങ്ങള്‍ ഏറ്റെടുത്തു സമരം നയിക്കാതെ ദില്ലി വിജയത്തിന്റെ മറവില്‍ കേരളത്തില്‍ ആംആദ്‌മി മേല്‍വിലാസം ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണ്‌.
ആംആദ്‌മിയുടെ ഔദാര്യത്തിനു നന്ദിയെന്നു യു.എന്‍.എയുടെ പ്രതികരണത്തിനും വിമര്‍ശനത്തിനും
സ്ഥിരം വോട്ടു ബാങ്ക്‌ രാഷ്ട്രീയം കളിക്കില്ലെന്നും കൃത്യമായി വിഷയങ്ങള്‍ പഠിച്ചേ ഇടപ്പെടുകയുള്ളുവെന്നാണ്‌ ആംആദ്‌മി നേതൃത്വം നല്‌കുന്ന വിശദീകരണം.