Breaking News

Trending right now:
Description
 
Jan 31, 2014

യൂറോപ്യന്‍ രാജ്യങ്ങളിലെ ഹാന്റാ വൈറസ്‌ രോഗം കേരളത്തിലും; ഒരാള്‍ മരിച്ചു

image യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന മാരകമായ ഹാന്റാ വൈറസ്‌ രോഗത്തിനു കേരളത്തിലും സ്ഥിരീകരണം. ഹാന്റാ വൈറസ്‌ രോഗം ബാധിച്ചു തിരുവനന്തപുരം പാലോട്‌ ഇളവട്ടം സ്വദേശി മധു (43) ആണു മരിച്ചത്‌. രാജീവ്‌ഗാന്ധി ബയോടെക്‌നോളജി സെന്ററിലാണു ഇയാള്‍ക്കു ഹാന്റാ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്‌. ടാപ്പിംഗ്‌ തൊഴിലാളിയും കൃഷിക്കാരനുമായിരുന്ന മധു പനിബാധിച്ച്‌ പാലോട്‌ സിഎച്ച്‌എസിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മധു കഴിഞ്ഞ 14 നാണു മരിച്ചത്‌. എലിപ്പനിയാണു മരണകാരണമെന്നായിരുന്നു ആദ്യനിഗമനം. രക്തസാമ്പിള്‍ രാജീവ്‌ഗാന്ധി ബയോളജിക്കല്‍ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ അയച്ചതിന്റെ റിപ്പോര്‍ട്ട്‌ വന്നപ്പോഴാണു ഹാന്റാ വൈറസ്‌ ബാധിച്ചതാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്‌.

എലിയാണു ഹാന്റാ വൈറസിന്റെ മൂലഹേതു. എലിയുടെ വിസര്‍ജ്യത്തില്‍നിന്നുണ്ടാകുന്ന വൈറസ്‌ വായുവിലൂടെയാണു പകരുന്നത്‌. വിദേശരാജ്യങ്ങളിലാണു ഹാന്റാ വൈറസ്‌ രോഗം കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്‌. ഇവിടങ്ങളില്‍ രോഗം ശ്വാസകോശത്തെയാണു പ്രധാനമായും തകരാറിലാക്കുന്നത്‌. എന്നാല്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ വൃക്കകളെയാണു രോഗം കൂടുതലായും ബാധിക്കുന്നത്‌. രോഗാണു ഉള്ളില്‍ച്ചെന്നാല്‍ ആദ്യസമയത്തു ശരീരവേദനയും തുടര്‍ന്നു പനിയും അനുഭവപ്പെടും. ദിവസങ്ങള്‍ കഴിയുമ്പോള്‍ ശരീരത്തില്‍ പുള്ളിപ്പാടുകളും പ്രത്യക്ഷപ്പെടും. ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളെല്ലാം ഈ രോഗത്തിനും ഉണ്ടാകും. ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുകയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവു കുറയുകയും ചെയ്യും. മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ രോഗം പിടിപെട്ടാല്‍ ഒന്നു മുതല്‍ 15 വരെ ശതമാനം മരണനിരക്ക്‌ ഉണ്ടാകാമെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌.

ഹാന്റാ വൈറസ്‌ രോഗം രണ്ടുതരത്തില്‍ പ്രത്യക്ഷപ്പെടാം. ശ്വാസകോശത്തെ ബാധിക്കുന്നവയെ എച്ച്‌പിഎസ്‌ (ഹാന്റാ പള്‍മോനറി സിന്‍ഡ്രോം) എന്നും, വൃക്കകളെ ബാധിക്കുന്ന അവസ്ഥയെ എച്ച്‌എഫ്‌ആര്‍എസ്‌ (ഹെമേര്‍ജിക്‌ ഫിവര്‍ റിനേയല്‍ സിന്‍ഡ്രോ) എന്നും പറയുന്നു. എലിപ്പനി ബാധിക്കുമ്പോള്‍ പിടിപെടുന്ന മഞ്ഞനോവ്‌ ഹാന്റാ വൈറസ്‌ പിടിപെട്ടാല്‍ ഉണ്ടാകില്ല. ഹാന്റാ വൈറസ്‌ രോഗം എലിപ്പനിപോലെ പടരുന്നതല്ലെങ്കിലും ഏറെ ഗൗരവത്തോടെ കാണണമെന്ന്‌ വിദഗ്‌ധര്‍ പറയുന്നത്‌. എലികളെ നശിപ്പിച്ചല്ലാതെ ഈ രോഗം തടയുക പ്രയാസമാണ്‌. മാലിന്യസംസ്‌കരണം തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയില്ലെങ്കില്‍ അവസ്ഥ ഗുരുതരമാകുമെന്നാണ്‌ മുന്നറിയിപ്പ്‌. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഹാന്റാ വൈറസിനെ ഫലപ്രദമായി തടയാം. കൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഡോക്ടര്‍ ജയകൃഷ്‌ണന്‍ പറഞ്ഞു. എലിപ്പനി ബാധിച്ചെത്തുന്ന രോഗികളെ ഹാന്റാ വൈറസ്‌ പരിശോധനയ്‌ക്കും വിധേയമാക്കണമെന്നും ഇതിനുള്ള സൗകര്യങ്ങളാണ്‌ ഇനി സര്‍ക്കാര്‍ ആശുപത്രികളിലടക്കം ചെയ്യേണ്ടതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.