Breaking News

Trending right now:
Description
 
Jan 31, 2014

മുംബൈയില്‍ നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു

image പ്രവേശനപരീക്ഷ (സിഇടി) എഴുതാതെ അഡ്‌മിഷന്‍ നേടിയെന്ന പേരില്‍ പഠനം അനിശ്ചിതാവസ്ഥയിലായതിനെ തുടര്‍ന്ന്‌ ഒരാഴ്‌ചയായി മലയാളികള്‍ അടക്കമുള്ള നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു. പ്രശ്‌ന പരിഹാരത്തിന്‌ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ മുന്‍കൈ എടുത്ത സാഹചര്യത്തിലാണ്‌ തീരുമാനമെന്ന്‌ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രശ്‌നത്തില്‍പ്പെട്ട 640 വിദ്യാര്‍ഥികളില്‍ 70 പേരാണു ആദ്യം സമരം നടത്തിയത്‌. സിഇടി എഴുതിയവര്‍ക്ക്‌ പ്രവേശനം നല്‍കിയ ശേഷമുള്ള സീറ്റില്‍ സിഇടി എഴുതാത്തവര്‍ക്കും പ്രവേശനം നല്‍കാമെന്ന വ്യവസ്ഥപ്രകാരമാണ്‌ ഇവര്‍ക്ക്‌ അഡ്‌മിഷന്‍ ലഭിച്ചത്‌. പ്രശ്‌നത്തില്‍ കേരള സര്‍ക്കാരും കേരള എംപിമാരും കേന്ദ്രമന്ത്രിമാരും ഇടപെട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്കു ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ്‌ ചവാനുമായും വിദ്യാഭ്യാസ മന്ത്രിയുമായും സംസാരിച്ചു. ഇതേതുടര്‍ന്ന്‌ ഒന്നരവര്‍ഷം പഠനം പിന്നിട്ട വിദ്യാര്‍ഥികള്‍ക്കു പരീക്ഷ എഴുതുന്നതിനും പഠനം തുടരുന്നതിനും ആവശ്യമായ നിയമപരിഷ്‌കാരം വരുത്താന്‍ നടപടികള്‍ കൈക്കൊള്ളണമെന്നു നിര്‍ദേശിക്കുകയും ചെയ്‌തു. പൃഥിരാജ്‌ ചവാന്‍ ഈ വിഷയത്തില്‍ അനുഭാവപൂര്‍വമായ നിലപാടുകള്‍ കൈക്കൊള്ളുമെന്നു ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്‌. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നു കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രഫ.പി.ജെ.കുര്യന്‍ എന്നിവര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട്‌ ആഭ്യര്‍ഥിച്ചു.