Breaking News

Trending right now:
Description
 
Jan 30, 2014

ഹെല്‍മറ്റ്: സിനിമയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് വീലേഴ്‌സ് കേരള

വീലേഴ്‌സ് കേരള
image
തിരുവനന്തപുരം: സിനിമകളില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍
ഓടിക്കുന്നതു ചിത്രീകരിക്കുന്നതിനെതിരേ ശിക്ഷാനടപടി സ്വീകരിക്കണമെന്ന
നിലപാടില്‍ മാറ്റമില്ലെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്
സിംഗിന്റെ പ്രസ്താവനയില്‍ കേരള സര്‍ക്കാര്‍ വിശദമായ വിശദീകരണം
നല്കണമെന്ന് വീലേഴ്‌സ് കേരള ആവശ്യപ്പെട്ടു. ആവിഷ്‌ക്കാര
സ്വാതന്ത്യത്തില്‍ സര്‍ക്കാര്‍ കൈകടത്തുമോയെന്നു ഉടനെ
വെളിപ്പെടുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്.
രാഷ്ട്രീയതലത്തില്‍ മുഖ്യമന്ത്രിയോ ഭരണതലത്തില്‍ ചീഫ് സെക്രട്ടറിയോയാണ്
നിലപാട് വ്യക്തമാക്കേണ്ടത്.

പൊതു ജനങ്ങള്‍ക്കും സിനിമാ, ഫോട്ടോഗ്രാഫി രംഗത്തു
പ്രവര്‍ത്തിക്കുന്നവര്‍ക്കും സിനിമയിലെ ഹെല്‍മറ്റ്ധാരണക്കാര്യത്തില്‍
സംശയങ്ങള്‍ ഏറെയുണ്ട്. റോഡിലെ നിയമവിരുദ്ധമായ ഹെല്‍മറ്റ് പീഡന
പിഴപ്പണപ്പിരിവ് കൊഴുപ്പിച്ച് സര്‍ക്കാരിനു അത്യാവശ്യം നിത്യച്ചെലവ്
ഒപ്പിക്കുന്ന സംവിധാനം ഒന്നു കൂടെ വിശാലമായ രീതിയില്‍ സിനിമാ രംഗത്തും
നടപ്പിലാക്കാനാണ് ശ്രമം.

> ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് അഭിനയിക്കുന്ന നടീനടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത്?
> കമ്മീഷണറുടെ നിര്‍ബന്ധിത ചട്ടം സിനിമയില്‍ മാത്രമാണോ അതോ സീരിയല്‍, ഹോം സിനിമ, ആല്‍ബങ്ങള്‍, റിയാലിറ്റി ഷോ എന്നിവയ്ക്കും ബാധകമാണോ?
> കേരളം ഇപ്പോള്‍ ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ അറിവോടും സമ്മതത്തോടുമാണോ നിരോധന പ്രസ്താവന ഉത്തരവ്.
> എന്നു മുതല്‍ ചിത്രീകരിക്കുന്ന സിനിമകള്‍ക്കാണ് ഉത്തരവ് ബാധകം? അതോ മുന്‍കാല പ്രാബല്യമുണ്ടോ? ഉണ്ടെങ്കില്‍ റീലീസ് ചെയ്തിട്ടുള്ള സിനിമകളിലെ അത്തരം സീനുകള്‍ വെട്ടിമാറ്റുമോ? നിലവില്‍ ഹെല്‍മറ്റില്ലാതെയുള്ള സീനുകളുള്ള സിനിമകളുടെ പ്രദര്‍ശനം നിരോധിക്കുകയോ തടയുകയോ ചെയ്യുമോ?
> മലയാളത്തിലുള്ളവയ്ക്കു മാത്രമാണോ ഉത്തരവ് ബാധകം?
> അന്യസംസ്ഥാന, മറ്റു ഭാഷ, വിദേശ, ടെലിവിഷന്‍, യൂട്യൂബ് തുടങ്ങിയ ചിത്രങ്ങളെ എങ്ങനെ കേരളത്തില്‍ നിയന്ത്രിക്കും?
> ഹെല്‍മറ്റ് ധരിക്കാത്ത ചിത്രങ്ങളുള്ള ആയിരക്കണക്കിനു പോസ്റ്റര്‍, സ്റ്റില്‍, ബാനര്‍, സിനിമാ പ്രസിദ്ധീകരണങ്ങള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ തുടങ്ങിയവയ്‌ക്കെതിരേ എന്തു നടപടി സ്വീകരിക്കും?
> നിയമത്തിലില്ലാത്ത കാര്യങ്ങള്‍ ഭീക്ഷണിപ്പെടുത്തി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥനെതിരേ സര്‍ക്കാര്‍ എന്തെങ്കിലും വകുപ്പുതല നടപടികള്‍ സ്വീകരിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അവ എന്താണ്?
> ഹെല്‍മറ്റില്ലാത്ത സിനിമകളുടെ പ്രദര്‍ശനത്തിന് അംഗീകാരം നല്കുന്ന സെന്‍സര്‍ ബോര്‍ഡിനെതിരേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമോ?
> മോട്ടോര്‍ വാഹന നിയമത്തിലുള്ള കുറ്റങ്ങള്‍ക്കെതിരേ മാത്രമേ സിനിമയിലും നടപടിയുള്ളോ അതോ മറ്റു ശിക്ഷാ നിയമങ്ങളിലും ചട്ടങ്ങളിലും സൂചിപ്പിക്കുന്ന വിവിധ കുറ്റകൃത്യങ്ങള്‍ക്കും ഇതു ബാധകമാണോ?
> നടീനടന്മാര്‍ ഹെല്‍മറ്റ് വച്ച് അഭിനയിച്ചാല്‍ തന്നെ അത് നിയമം അംഗീകരിച്ചിട്ടുള്ള ഐഎസ്‌ഐ മുദ്രയുള്ളതാണോ എന്നു എങ്ങനെ തിട്ടപ്പെടുത്തും? വിദേശനിര്‍മ്മിത ഹെല്‍മറ്റുകള്‍ വയ്ക്കാന്‍ അനുവദിക്കുമോ?

സിനിമയിലെ ഇരുചക്രവാഹന സീനുകള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി
അടുത്തകാലത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രസ്താവന
പുറപ്പെടുവിച്ചപ്പോള്‍ സിനിമാരംഗത്തുള്ളവര്‍ വ്യാപകമായി എതിര്‍പ്പു
പ്രകടിപ്പിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡും കമ്മീഷണറുടെ ഉത്തരവ്
അംഗീകരിക്കാന്‍ തയാറാകാതെ തള്ളി. ഈയിടെ പുറത്തിറങ്ങിയ പല സിനിമകളിലും
ഹെല്‍മറ്റ് വയ്ക്കാത്തതും രണ്ടില്‍ കൂടുതല്‍ ആള്‍ക്കാര്‍
സഞ്ചരിക്കുന്നതുമായ സീനുകള്‍ ധാരാളമായുണ്ട്. അപ്പോഴാണ് കമ്മീഷണര്‍
നിലപാടില്‍ മാറ്റമില്ലെന്ന അടുത്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.

ഹെല്‍മറ്റ് ധരിച്ചാല്‍ ജീവന്‍ രക്ഷപ്പെടുമെന്നോ പരിക്കുകള്‍
ഒഴിവാകുമെന്നോ ഇന്ത്യയിലെ സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടോ
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ ഉറപ്പുനല്കാതിരിക്കുമ്പോള്‍ ഹെല്‍മറ്റ്
തലയിലുണ്ടെങ്കില്‍ ടയര്‍ കയറിയിറങ്ങിയാലും മരിക്കില്ലെന്ന നിലപാടിലാണ്
കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗ്. ഇത്തരമൊരു ഉറപ്പ് ഈ
ഉദ്യോഗസ്ഥന്‍ മാത്രമാണ് നല്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്കു സംശയം
നിലനില്ക്കുന്നതിനാല്‍ ആ ഉദ്യോഗസ്ഥന്‍ നേരിട്ടു തന്നെ അതു പൊതുജനസമക്ഷം
ബോധ്യപ്പെടുത്തി സാക്ഷ്യപ്പെടുത്തണമെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്
സൈറ്റുകളില്‍ നൂറു കണക്കിനാള്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.